പ്രകാശനായി ഫഹദിന്റെ One man Show | Review

ഞാൻ പ്രകാശൻ

ദുൽഖറിനെ നായകനാക്കി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിന് ശേഷം ഇപ്പോഴാണ് സത്യൻ അന്തിക്കാട് തന്റെ അടുത്ത ചിത്രവുമായി എത്തുന്നത്.. അതും ഒരുപാട് സൂപ്പഹിറ്റുകൾ ഒരുമിച്ച് കൊയ്ത ശ്രീനിവാസന്റെ തിരക്കഥയിൽ..
ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം വീണ്ടും ഫഹദ് ഫാസിൽ – സത്യൻ അന്തിക്കാട് ടീം ഒന്നിക്കുന്ന ചിത്രം.. സാധാരണയായി വിദ്യാസാഗറിന് നൽകി പോന്ന സംഗീത വിഭാഗം ഇപ്രാവശ്യം പതിവിൽ നിന്ന് വ്യത്യസ്തമായി ഷാൻ റഹ്മാനെ ഏൽപ്പിച്ചു സത്യൻ അന്തിക്കാട്..
ഓരോ മലയാളിയുടെയും നേർക്കാഴ്ചയായി മാറിയ ഉഗ്രൻ വൈറൽ ഒരു ട്രെയ്‌ലർ.. അങ്ങനെ ഒരുപാട് സവിശേഷതകളും, പ്രതീക്ഷകളും നിറഞ്ഞ ചിത്രം ആയിരുന്നു ഞാൻ പ്രകാശൻ.. ആ പ്രതീക്ഷകൾ ഒക്കെ നിറവേറ്റിയോ ? അതോ എല്ലാം നശിപ്പിച്ചോ ? നോക്കാം..

ചിത്രത്തിലേക്ക്..
ആർക്കും ഊഹിക്കാവുന്ന ഒരു സിംപിൾ കഥയാണ് ഇപ്രാവശ്യം ശ്രീനിവാസനും സത്യൻ അന്തിക്കാടും തിരഞ്ഞെടുത്തിരിക്കുന്നത്.
പി.ആർ ആകാശ് ആയി മാറിയ പ്രകാശന്റെ കഥയാണ് ചിത്രം പറയുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന ഒരു സാധാരണ വേലയില്ലാ പട്ടധാരി. ജോലി കിട്ടാത്തതല്ല, ദുരഭിമാന പ്രശ്നങ്ങൾ കാരണം പോകാത്തതാണ്.
കുറച്ചു രാഷ്ട്രീയം പയറ്റി അഴിമതിയൊക്കെയായി രക്ഷപ്പെടാം എന്ന് ചിന്തിക്കുന്ന, ഒരു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനെക്കാൾ ഒരു ഡോസ് കൂടിയ കഥാപാത്രം. ഫഹദ് ഫാസിൽ തന്നെയാണ് ചിത്രത്തിൽ പ്രകാശൻ ആയി എത്തുന്നത്. ഫഹദ് ഇല്ലെങ്കിൽ ഈ സിനിമയല്ല എന്ന് കണ്ണും പൂട്ടി പറയാവുന്നത്ര ഗംഭീര പ്രകടനം.
ഫഹദ് ഷോ തന്നെയാണ് ചിത്രം.
പ്രകാശൻ പണ്ട് തേച്ച, ഇപ്പോൾ വീണ്ടും പ്രണയിക്കുന്ന നായിക സലോമിയായി നിഖില വിമൽ നല്ല പ്രകടനം കാഴ്ചവച്ചു.
ശ്രീനിവാസന്റെ ഗോപാൽജിയാണ് മറ്റൊരു പ്രധാന കഥാപാത്രം. അനീഷ് ജി മേനോനും പ്രാധാന്യമുള്ള ഒരു കഥാപാത്രം നന്നായി ചെയ്തിരിക്കുന്നു.
ഒറ്റ സീനിൽ വന്ന് കെ.പി.എസ്.സി ലളിത ചുമ്മാ പൊളിച്ചെടുക്കിയിട്ട് പോകുന്നുണ്ട് ചിത്രത്തിൽ.

കാശിന് വേണ്ടി എന്തും ചെയ്യാൻ ഒരുക്കമായ പ്രകാശന്റെ വളരെ പ്രഡിക്ടബിൾ ആയൊരു കഥ ഇത്ര മനോഹരമായി ചെയ്ത് വിജയിപിച്ച സത്യൻ അന്തിക്കാടിനെ സമ്മത്തിച്ചേ മതിയാകൂ..
ആദ്യ പകുതി തമാശകളും ആക്ഷേപ ഹാസ്യങ്ങളുമായി ഒരു പക്കാ ശ്രീനിവാസൻ പടം ആയിരുന്നെങ്കിൽ രണ്ടാം പകുതി കണ്ണും മനസ്സും നിറഞ്ഞു കാണാവുന്ന ഒരു സത്യൻ അന്തിക്കാട് മാജിക് ആണ്. അതിന് തെളിവാണ് ചിത്രത്തിനൊടുവിൽ തിയറ്ററിൽ മുഴങ്ങിയ കയ്യടി.
കഥയിലേക്ക് അധികം കടക്കുന്നില്ല.. കാരണം ഇത് നമ്മൾ കണ്ടിട്ടുള്ള, നമ്മൾ കരുത്തുന്നപോലെ ഒരു കഥ തന്നെയാണ്..

രണ്ടാം പകുതിയിലെ ചില രംഗങ്ങളും ഗാനവും ഒക്കെ ഹൃദയസ്പർശിയായി.. ക്ലൈമാക്സ് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയായിരുന്നു തീയറ്ററിൽ..
ഫഹദ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലും ഏറ്റവും വലിയ പോസിറ്റിവ് വശവും.
Predictable ആയ ഒരു കഥയെ മികച്ചതാക്കി അവതരിപ്പിച്ച സത്യൻ അന്തിക്കാടിന്റെ സംവിധാന മികവ് അഭിനന്ദനീയം.
ശ്രീനിവാസന്റെ തിരക്കഥ ഒട്ടേറെ ചിരിപ്പിക്കുകയും, ഇടയ്ക്ക് കണ്ണ് നിറയിക്കുകയും ചെയ്യുന്നുണ്ട്.
അതിൽ ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചില്ലറയല്ല ❤️
ഇമോഷണൽ രംഗങ്ങൾ വളരെ നന്നായി തോന്നി.
ഇങ്ങനെയൊക്കെ ആണെങ്കിലും നമുക്ക് കണ്ടില്ലെന്ന് വയ്ക്കാവുന്ന ചില ചളികൾ ചിത്രത്തിൽ അവിടിവിടെ ആയി കാണാം..
വലിയ അത്ഭുതങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ കഥ തന്നെയാണ് പ്രകാശൻ.. ആ സാധാരണത തന്നെയാണ് ചിത്രത്തെ ഒരു അസാധാരണ ഫീൽ ഗുഡ് ചിത്രമാക്കി മാറ്റുന്നതും.

ഈ അവധിക്കാലത്ത് കുട്ടികളും കുടുംബവമായി ചിരിച്ചു രസിച്ചു കാണാവുന്ന ഒരു പൈസ വസൂൽ ഫീൽഗുഡ് entertainar ആണ് ഞാൻ പ്രകാശൻ

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: