പുതുമയില്ലാത്ത കഥയും, വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായി 2.0 | REVIEW

2.0

യന്തിരൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം. ശങ്കർ എന്ന ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ഷോമാന്റെ സംവിധാനം. സൂപ്പർസ്റ്റാർ രജനികാന്ത്. ഒപ്പം ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ വില്ലൻ വേഷം.
500 കോടിയോളം ബഡ്ജറ്റ്, 2 വർഷത്തിന് മുകളിൽ ജോലികൾ. AR റഹ്മാന്റെ സംഗീതം. എല്ലാത്തിലും ഉപരി 3D ഫോർമാറ്റിൽ ഷൂട്ടിങ്.
പ്രതീക്ഷ ഉയർത്തുന്ന ടീസറും, ട്രെയിലറും.
റഹ്മാന്റെ Chartbuster ഒന്നും ആയില്ല എങ്കിലും മോശമല്ലാത്ത പാട്ടുകൾ. അവസാനം ഇറങ്ങിയ പുള്ളിനങ്കാൽ എന്ന മനോഹരമായ മെലഡി. അങ്ങനെ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ചിത്രമായി ഒരുങ്ങിയ 2.0 ഇന്ന് റിലീസായി. ലോകമെമ്പാടും അനവധി ആരാധകരും സിനിമ പ്രേമികളും കാത്തിരുന്ന ദിനം.

തുടക്കം മുതൽ ഒരു ത്രില്ലർ മൂഡിലാണ് ചിത്രം യാത്ര തുടങ്ങുന്നത്. അതിന് വേണ്ട ബിൾഡ് അപ്പ് കൊടുക്കാൻ ശങ്കറിനെ ആരും പഠിപ്പിക്കണ്ടല്ലോ.
ട്രൈലറുകളിൽ നമ്മൾ കണ്ടത് പോലെ ഒരു സുപ്രഭാതത്തിൽ നാട്ടുകാരുടെ മുഴുവൻ മൊബൈൽ ഫോൺ പറന്നു പോകുന്നു.
അതിന് പിന്നിലെ രഹസ്യം കണ്ടെത്താൻ വസീഗരൻ എത്തുന്നു. ചിട്ടിയെ റീബൂട്ട് ചെയ്ത് കൊണ്ടു വരുന്നു. തുടർന്ന് എല്ലാവരും പ്രതീക്ഷിച്ച പോലെ തന്നെയാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്ക്. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയും. ഊഹിക്കാവുന്ന ഒരു കഥയാണ് ചിത്രത്തിൽ ശങ്കർ ഒരുക്കിയിരിക്കുന്നത്.
അതും കണ്ടു മടുത്ത ശൈലിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. കച്ചവട ത്രില്ലർ സിനിമകൾ പണ്ടുമുതലേ ഫോളോ ചെയ്യുന്ന കൊലപാതകം – വില്ലൻ – വില്ലന്റെ സെന്റി ഫ്ലാഷ്ബാക്ക് – സൈക്കോളജിക്കൽ മൂവ്മെന്റിലൂടെ വില്ലനെ ഇല്ലാതാക്കുന്നു എന്ന ഇതേ pattern തന്നെ ശങ്കറും പിന്തുടർന്നത് നിരാശപ്പെടുത്തി. പുതുമയില്ലാത്ത കഥ ആണെങ്കിലും വ്യത്യസ്തമായി അതിനെ അവതരിപ്പിച്ചിരുന്നു എങ്കിൽ പോലും ഇതിലും നന്നായേനെ ചിത്രം. നലൊരു സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യാൻ ചിത്രം ശ്രമിച്ചിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത പ്രേക്ഷകന് അനുഭവമാക്കുന്നതിൽ സംവിധായകൻ പരാജയപ്പെടുന്നു. ഇതിന്റെ ഇടയിൽ റോബോട്ടിനെ കയറ്റി വിസ്മയിപ്പിക്കുന്നുണ്ട് ചിത്രം. Vfx രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ. ട്രെയ്‌ലർ ഇറങ്ങിയപ്പോൾ ചിലരെങ്കിലും കളിയാക്കിയ പോലെ മോശമായില്ല എന്ന് മാത്രമല്ല ലോകോത്തര നിലവാരം പുലർത്തുകയും ചെയ്തു Vfx ഉം ചിത്രത്തിലെ വിഷ്വൽസും.

ത്രില്ലടിപ്പിച്ച കിടിലൻ ആദ്യ പകുതിക്ക് ശേഷം വന്ന രണ്ടാം പകുതി ഫ്ലാഷ് ബാക്ക് ഒക്കെയായി വേഗത കുറഞ്ഞു പോയിക്കൊണ്ടിരുന്നപ്പോൾ ആണ് സാക്ഷാൽ 2.0 അവതാരമെടുക്കുന്നതും ചിത്രം ട്രാക്കിലേക്ക് മടങ്ങി വരുന്നതും.പിന്നീട് അങ്ങോട്ട് രജനി തന്റെ മാനറിസങ്ങൾ ഉപയോഗിച്ച് രസിപ്പിക്കുന്നുണ്ട് അവസാനം വരെ.
അവസാനത്തെ സർപ്രൈസ് എൻട്രി എന്തായാലും കുട്ടികളെ ആകർഷിക്കും എന്ന് ഉറപ്പാണ്. ഒരു സ്പിൻ ഓഫിന് സ്കോപ്പ് ഉള്ള കഥാപാത്രമായി 3.0 അവസാന രംഗങ്ങളിൽ രസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. AR റഹ്മാൻ, Qutub-E-Kripa ടീം ഒരുക്കിയ പശ്ചാത്തല സംഗീതം ഒരു ലോകോത്തര ചിത്രമാണ് കാണുന്നത് എന്ന ഫീൽ നൽകി.
ചിത്രത്തിൽ ആകെ ഉണ്ടായിരുന്ന പുള്ളിനങ്കാൽ സോങ്ങും മനോഹരമായിരുന്നു. എന്തിര ലോകത്ത് സുന്ദരിയെ എന്ന ഗാനം സിനിമ തീർന്നിട്ട് കാണിക്കാൻ തീരുമാനിച്ചത് വിവേകമുള്ള ഒരു തീരുമാനം ആയി തോന്നി.

വസീഗരൻ, ചിട്ടി, 2.0, 3.0 എന്നിങ്ങനെ നാല് വേഷങ്ങളിൽ തകർത്തിട്ടുണ്ട് രജനികാന്ത്.
കൂട്ടത്തിൽ ഏറ്റവും നന്നായി തോന്നിയത് 2.0 തന്നെ. കുട്ടികളെ കയ്യിലെടുക്കാൻ 3.0 ഉം.
തുടക്കത്തിലെ ചില സീനുകളിൽ അദ്ദേഹം വസീഗരൻ ആയി എത്തുമ്പോൾ പല ഡയലോഗുകളും ലിപ് സിങ്ക് ആയില്ല എന്നത് ഒരു കല്ലുകടിയായി തോന്നി.
അക്ഷയ് കുമാറിന്റെ കാര്യത്തിൽ ഈ പ്രശ്നം വളരെ രൂക്ഷമായി തെളിഞ്ഞു കാണാം.
പക്ഷി രാജൻ എന്ന കഥാപാത്രമായി മികച്ച പെർഫോമൻസ് നടത്തിയെങ്കിലും ലിപ് സിങ്ക് അതി ഭീകരമാം വിധം പാളിയത് കല്ലുകടിയായി എന്ന് മാത്രമല്ല, കഥാപാത്രത്തോട് ഒരു അടുപ്പം ഉണ്ടാക്കുന്നതിൽ പരാജയപ്പെടാനും അത് കാരണമായി.
എമി ജാക്സൻ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മലയാളികളുടെ പ്രിയതാരം ഷാജോൺ മന്ത്രിയുടെ വേഷത്തിൽ തിളങ്ങിയിട്ടുണ്ട് ചിത്രത്തിൽ.
150 രൂപ മുടക്കി തീയറ്ററിലെത്തുന്ന പ്രേക്ഷകന്റെ കണ്ണ് തള്ളാൻ പാകത്തിന് 3D വിസ്മയ കാഴ്ചകളും, അത്ഭുത ദൃശ്യങ്ങളുമൊക്കെ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. അതൊക്കെ തന്നെ ലോകോത്തര നിലവാരം പുലർത്തി എന്നതിലും തർക്കമില്ല. ഒരു തവണ കണ്ണുകൾ കൊണ്ട് അനുഭവിച്ചറിയേണ്ട വിസ്മയങ്ങൾ ചിത്രത്തിലുടനീളം ഉണ്ട്. എങ്കിലും ഒരു ചിത്രത്തിന്റെ നട്ടെല്ല് എപ്പോഴും അതിന്റെ കഥയും തിരക്കഥയും തന്നെയാണ്. അത് പാളിയാൽ പിന്നെ എന്തൊക്കെ ഉണ്ടായിട്ടും ഒരു പൂർണ്ണ തൃപ്തി ലഭിക്കില്ല. അത് തന്നെയാണ് 2.0 യുടെ കാര്യത്തിൽ സംഭവിച്ചതും. ഗ്രാഫിക്സ്, 3D വിസ്മയങ്ങൾ കാണുക എന്ന ഉദേശത്തോട് കൂടി, ഒരു സിനിമ എന്നതിലുപരി ഒരു കെട്ടുകാഴ്ചയായി ചിത്രത്തെ സമീപിച്ചാൽ ഒരുപക്ഷേ പൂർണ്ണ തൃപ്തി നൽകിയേക്കും ചിത്രം. എന്തായാലും ശങ്കറിന്റെ സമീപകാല ചിത്രങ്ങളായ ‘ഐ’ , നൻപൻ എന്നീ ചിത്രങ്ങൾ വച്ച് നോക്കുമ്പോൾ ബഹുദൂരം മുന്നിലാണ് 2.0, ഒന്നാം ഭാഗമായ യന്തിരന് പിന്നിലും.. 😊

Rating :

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: