ചിരിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന കിടിലൻ Fantasy/Sci-fi MOVIE |Taxiwala | Review

Movie : Taxiwala

Language : Telugu
Genre : Fantasy / Sci-fi

Director : Rahul Sankrityan

Duration : 2 Hr 12 min

Cast : Vijay Devarakonda, Priyanka Jawalkar, Malavika Nair

ഒന്നോ രണ്ടോ സിനിമകൾ കൊണ്ട് തന്നെ കേരളത്തിൽ വലിയൊരു വിഭാഗം സിനിമാ പ്രേക്ഷകരെ തന്റേതാക്കി മാറ്റിയ താരമാണ് വിജയ് ദേവരക്കൊണ്ട. പുള്ളിയുടെ കേരളത്തിൽ റിലീസ് ആകുന്ന മൂന്നാമത്തെ ചിത്രമാണ് ടാക്സി വാല. അതും ഡബ്ബിങ് അല്ലാത്ത തെലുങ്ക് വെർഷൻ.
ചിത്രത്തിന്റെതായി പുറത്തുവന്ന ഒരു ഹൊറർ കോമഡി ചിത്രം ആകും എന്ന് സൂചന നൽകിയ നല്ലൊരു ട്രെയിലറും, പാട്ടുകളും ഏറെ പ്രതീക്ഷ നൽകിയിരുന്നു.

തുടക്കം മുതൽ രസകരമായാണ് ചിത്രം പോകുന്നത്. പതിവ് തെലുങ്ക് സിനിമകളിൽ കാണുന്ന വെറുപ്പിക്കൽ തമാശകളില്ല. സിറ്റുവേഷൻസ് വച്ച് ഡയലോഗുകളിലൂടെയും മറ്റും തമാശകൾ നന്നായി വർക്ക്ഔട്ട് ചെയ്തിട്ടുണ്ട്. രണ്ടാം പകുതി ചിരിച്ചു മറിയാം 😂👍
ഒരു ഫാന്റസി / സയൻസ് ഫിക്ഷൻ പ്ലോട്ടിലാണ് ചിത്രത്തിന്റെ മെയിൻ കഥ. ലേശം ഹൊററും ചേർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോജിക്ക് ഒന്നും നോക്കേണ്ട കാര്യമില്ല. എന്നാൽ കൈകാര്യം ചെയ്ത വിഷയം കഴിയാവുന്നത്ര യുക്തി ഭദ്രമായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടും ഉണ്ട്.

വിജയ് ദേവരക്കൊണ്ട അലസ യൗവ്വനം ആയി മികച്ച പ്രകടനം കാഴ്ചവച്ചു. ഇമോഷണൽ രംഗങ്ങളിലും താരം സ്‌കോർ ചെയ്യുന്നുണ്ട്. നായിക പതിവ് തെലുങ്ക് സിനിമകളിലെ പോലെ വന്ന് പോകുന്നു എങ്കിലും, ഗ്രൂപ്പ് ഡാൻസേഴ്സിനെയും, വിദേശ ലൊക്കേഷനും ഒന്നും വച്ച് പാട്ട് ചെയ്ത് വെറുപ്പിച്ചില്ല എന്നത് കൊണ്ടും, ചില തമാശകൾ ഉണ്ടായിരുന്നു എന്നത് കൊണ്ടും അഡ്ജസ്റ്റ് ചെയ്യാം.
മൂന്ന് മലയാളി താരങ്ങളുടെ സാന്നിധ്യം ചിത്രത്തിൽ ശ്രദ്ധേയം ആയിരുന്നു. പകിട എന്ന ചിത്രത്തിൽ നായികയായി എത്തിയ മാളവിക നായർ, ഇഷ്ടമാണ് നൂറുവട്ടം, ദോസ്ത് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷാജു, പിന്നെ നടി കാവേരി. മൂന്നുപേരും ശക്തമായ മൂന്ന് കഥാപാത്രങ്ങൾ മനോഹരമായി ചെയ്തിട്ടുണ്ട്.
അമ്മാവൻ ആയെത്തിയ മധുനന്ദൻ, ഹോളിവുഡ് എന്ന കഥാപാത്രമായെത്തിയ വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിൽ ചിരിയൊരുക്കുന്നത്. മറ്റ് ചെറിയ, വലിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം സാമാന്യം നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

സിനിമയിലേക്ക് കടക്കുകയാണെങ്കിൽ, എല്ലാ നായകന്മാരെയും പോലെ ശിവ എന്ന പേരുമായി, 5 വർഷം കൊണ്ട് ഡിഗ്രി കംപ്ലീറ്റ്‌ ആക്കി, കാശ് സമ്പാദിക്കാൻ വേണ്ടി ഹൈദരാബാദിലേക്ക് വരികയാണ് നായകൻ. അവിടെ തന്റെ അമ്മാവന്റെ ഗരേജിൽ കൂടി, എന്തെങ്കിലും ജോലി നേടി കൈ നിറയെ പൈസ ഉണ്ടാക്കണം എന്ന ചിന്തയിൽ അമ്മാവൻ ഏർപ്പാടാക്കി കൊടുക്കുന്ന തനിക്ക് ഒരിക്കലും ചേരാത്ത ജോലികൾ ട്രൈ ചെയ്ത് മടുത്തിരിക്കുമ്പോഴാണ് ഒരു കാർ വാങ്ങി ടാക്സി ആയി ഓടാം എന്ന ചിന്ത വരുന്നത്. കയ്യിലുള്ള കാശിന് തപ്പി തപ്പി ഒടുവിൽ അവിചാരിതമായി ഒരു പഴയ മോഡൽ കോണ്ടസ കയ്യിൽ കിട്ടുന്നു. അതിനുള്ളിൽ ഒരു അതീന്ദ്രിയ ശക്തി ഉണ്ടെന്ന കാര്യം അറിയാതെ ചുളു വിലയ്ക്ക് കിട്ടിയ കാരണം അവൻ ആ കാർ വാങ്ങുന്നു. തുടർന്നങ്ങോട്ട് അവന്റെ ജീവിതം ആകെ മാറി മറിയുന്നു. കാറ് കാരണം നായകൻ ഒരു കൊലപാതകത്തിൽ വരെ പെടുന്നു. ശരിക്കും ആ കാറിനുള്ളിൽ പ്രേതബാധയുണ്ടോ ? ഉണ്ടെങ്കിൽ ആരുടെ ? ആരാണ് കൊല്ലപ്പെട്ടത് ? എന്തിനാണ് കൊല്ലപ്പെട്ടത് ? ഇതിനൊക്കെയുള്ള ഉത്തരം സിനിമ കണ്ട് തന്നെ മനസ്സിലാക്കണം.

ഒരു തെലുങ്ക് സിനിമ എന്ന നിലയിൽ ചിത്രത്തെ സമീപിച്ചാൽ 100% നിങ്ങൾ ഞെട്ടും എന്നുറപ്പ്. ഇന്ത്യയിൽ അത്ര പോപ്പുലർ അല്ലാത്ത ഫാന്റസി / സയൻസ് ഫിക്ഷൻ Genre ൽ കിടിലൻ ഒരു ശ്രമം തന്നെയാണ് ടാക്സിവാല നടത്തിയിരിക്കുന്നത്. അതിൽ ചിത്രം വിജയിക്കുകയും ചെയ്തു എന്ന് നിസ്സംശയം പറയാം.

Rating : 3.5 / 5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: