ജോജുവിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഒരു ഇൻവെസ്റ്റിഗേറ്റിവ് ക്രൈം ത്രില്ലർ | ജോസഫ് | റിവ്യൂ

Movie : ജോസഫ് | Joseph-Man with A Scar

Language : Malayalam

Director : M.Padmakumar

Cast : Joju George, Dileesh Pothen, Irshad

ജോജു ജോർജ് നായകനാകുന്ന എം.പത്മകുമാർ ചിത്രം. ജോജു ജോർജിന്റെ ആ ലുക്കും, First Look പോസ്റ്ററും ഒക്കെ തന്നെയാണ് ചിത്രത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് ജോസഫ്. അദ്ദേഹത്തിന്റെ വിരസമായ, ഏകാന്തമായ, മദ്യത്തിൽ അഭയം പ്രാപിച്ച റിട്ടയേർഡ് ലൈഫ്.
ജോസഫിന്റെ കുടുംബ ജീവിതം ഒരു പരാജയം ആയിരുന്നു. ജീവന് തുല്യം സ്നേഹിച്ചുരുന്ന തന്റെ ഭാര്യ ജോസഫിനെ ഉപേക്ഷിച്ചു പോയി, ഉണ്ടായിരുന്ന ഒരു മകൾ അകാലത്തിൽ മരണപ്പെടുകയും ചെയ്തു. ഒരുപക്ഷേ തന്റെ ഈ ഭൂതകാല സ്മരണകളിൽ നിന്ന് രക്ഷനേടാൻ ആയിരിക്കാം അയാൾ രാവിലെ വെറും വയറ്റിൽ തന്നെ മദ്യപിച്ചു തുടങ്ങുന്നത്.
ഇതിൽ നിന്നൊക്കെ പുള്ളിക്ക് ഒരു ബ്രേക്ക് കിട്ടുന്നത് എന്തേലും കേസുകളിൽ പോലീസ് വിളിച്ച് തന്റെ സഹായം തേടുമ്പോഴും, കൂട്ടുകാരുമൊത്ത് യാത്ര പോകുമ്പോഴും ഒക്കെയാണ്. സിനിമ തുടങ്ങി ആദ്യത്തെ 10 മിനിറ്റിൽ തന്നെ ജോസഫ് എന്ന കൂർമ്മ ബുദ്ധിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ കുറ്റാന്വേഷണ വൈദഗ്ദ്ധ്യം പ്രേക്ഷകർക്ക് കാട്ടി തന്ന് ഞെട്ടിക്കുന്നുണ്ട് ചിത്രം.

പതിയെ തുടങ്ങി പതിയെ മുന്നോട്ട് പോയി അവസാന ഭാഗങ്ങളിൽ ത്രില്ലടിപ്പിക്കുന്നുണ്ട് ചിത്രം.
ഈ മെല്ലെപ്പോക്കിലും ലാഗ് തോന്നാതിരിക്കാൻ കാരണം പ്രധാന കഥാപാത്രങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ്.
ജോസഫ് ആയി പകർന്നാട്ടം നടത്തിയിരിക്കുന്നു ജോജു ജോർജ്ജ്. അദ്ദേഹത്തിന് വേണ്ടി മാത്രം തയ്യാറാക്കിയ വേഷം എന്ന് തോന്നിക്കുന്ന രീതിയിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം ആണ് പുള്ളി. ജോസഫിന്റെ ഭാര്യയുടെ രണ്ടാം ഭർത്താവ്‌ പീറ്റർ ആയി ദിലീഷ് പോത്തന്റെ ഗംഭീര പ്രകടനം. ജോസഫ് – പീറ്റർ കൂടിക്കാഴ്ച്ച രംഗങ്ങൾ ഒക്കെ പോത്തനും ജോജുവും സറ്റിൽ ആയ ചില എക്‌സ്പ്രഷനുകളിലൂടെ മത്സരിച്ച് അഭിനയിച്ച് ഗംഭീരം ആക്കിയിട്ടുണ്ട്.
ഇർഷാദ്, ജെയിംസ്, സുധി കോപ്പ ടീം, ജാഫർ ഇടുക്കി, അങ്ങനെ ചെറുതും വലുതുമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു.

ജോസഫിന്റെ ജീവിതം കാട്ടി തരുന്ന ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ഒരു ഇൻവസ്റ്റിഗേറ്റിവ് ത്രില്ലർ സ്വഭാവം കൈവരിക്കുന്നുണ്ട് ചിത്രം.
ഒരു പോലീസുകാരൻ സ്ക്രിപ്റ്റ് എഴുതിയതിന്റെ ഗുണം ആയിരിക്കാം ക്രൈം സീനുകളും ഇൻവെസ്റ്റിഗേഷൻ സീനുകളിലും കണ്ട ഡീറ്റയിലിങ്. സിനിമയുടെ താളത്തിനൊത്ത് നൽകിയ പശ്ചാത്തല സംഗീതവും, ഗാനങ്ങളും മനോഹരമായിരുന്നു. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കുറ്റാന്വേഷണത്തിലൂടെ പറഞ്ഞിരിക്കുന്ന രീതി ഗംഭീരം. നല്ല തിരക്കഥകൾ കിട്ടിയാൽ 100 ശതമാനം അതിനോട് നീതി പുലർത്തുന്ന സംവിധായകൻ പത്മകുമാർ ഇവിടെയും തന്റെ പതിവ് തുടരുന്നു.

എന്തായാലും ടോറന്റ് കണ്ടിട്ട് പുകഴ്ത്താൻ നിൽക്കാതെ തീയറ്ററിൽ തന്നെ പോയി കാണാൻ പറ്റുന്നവർ കാണുക.. ജോജു എന്ന ഗംഭീര ആക്ടറെ വച്ച് ഇനിയും പടങ്ങൾ ചെയ്യാൻ പ്രൊഡ്യൂസർമാർക്ക് ധൈര്യം പകരട്ടെ ജോസഫ് 😊

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: