Uncle Review
ഷട്ടർ എന്ന നിരൂപക പ്രശംസ നേടിയ വിജയ ചിത്രത്തിന്റെ സംവിധായകൻ ജോയ് മാത്യു തിരക്കഥയെഴുതി, നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രം. മമ്മൂട്ടി പ്രധാന വേഷത്തിൽ. ഏറെ കാലത്തിന് ശേഷം നെഗറ്റീവ് ഷേഡ് ഉള്ള ഒരു കഥാപാത്രമായി മമ്മുക്ക. അത്തരം സൂചനകൾ നൽകുന്ന ടീസറും ട്രൈലറുകളും. ഏറ്റവും ഒടുവിൽ ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിലെ മമ്മുക്ക പാടിയ ഗാനം. ഇക്കാരണങ്ങൾ കൊണ്ട് ഒക്കെ ആദ്യ ദിവസം തന്നെ അങ്കിൾ കാണാൻ കയറി.
മമ്മുട്ടിയുടെ താര ജാടകൾ ഇല്ലാത്ത ഒരു സിംപിൾ ഇൻട്രോയിലൂടെ തുടങ്ങിയ പടം മന്ദ ഗതിയിലാണ് മുന്നോട്ട് പോകുന്നത്. ജോയ് മാത്യു അവതരിപ്പിക്കുന്ന വിജയൻ എന്ന കഥാപാത്രത്തിന്റെ മകൾ ആണ് ശ്രുതി. കാർത്തിക മുരളീധരൻ ആണ് ചിത്രത്തിൽ ശ്രുതി ആയി എത്തിയിരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ അച്ഛന്റെ കൂട്ടുകാരനൊപ്പം ഒരു കാറിൽ ഒരു ദിവസം യാത്ര ചെയ്യേണ്ടി വരുന്ന ശ്രുതി. അച്ഛന്റെ കൂട്ടുകാരൻ കെ.കെ അങ്കിൾ ആയി എത്തുന്നത് മമ്മുക്കയാണ്. അവരുടെ ഒരു രാപ്പകൽ സമയത്തെ യാത്രയാണ് അങ്കിൾ എന്ന ചിത്രം.
വളരെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചെറിയ എന്നാൽ വളരെ വലിയ വിഷയം വളരെ കയ്യടക്കത്തോടെ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു. മെല്ലെ യാണ് ചിത്രത്തിന്റെ പോക്ക് എങ്കിലും അവസാന മുപ്പത് മിനുട്ട് സമയം ചിത്രം മറ്റൊരു തലത്തിലേക്ക് പോകുന്നു. ആകാംക്ഷയും പിരിമുറുക്കവും സമ്മാനിക്കുന്ന ഒരു ക്ളൈമാക്സ് നമ്മുടെ ഇന്നത്തെ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാകുന്നു. ശക്തമായ സംഭാഷണങ്ങളാലും, സാമൂഹിക പ്രസക്തമായ രംഗങ്ങളാലും സമ്പുഷ്ടമാണ് ചിത്രത്തിന്റെ അവസാന രംഗങ്ങൾ. നിസ്സഹായതയും, ദേഷ്യവും, വിഷമവും ഒക്കെ നിമിഷ നേരങ്ങൾ കൊണ്ട് മിന്നിമറയുന്ന മമ്മുക്ക എന്ന അഭിനയ പ്രതിഭയെ നമുക്ക് അങ്കിളിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ അവസാന രംഗങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
പോസിറ്റീവ്സ്
◆ മമ്മുക്കയുടെ അത്യുഗ്രൻ പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പൊസിറ്റിവ് വശം
◆ ജോയ് മാത്യുവിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്.
◆ സാമൂഹിക പ്രസക്തമായ ഒരു വിഷയം സംസാരിക്കാൻ കാട്ടിയ ധൈര്യം
◆ അവസാന 30 മിനുട്ട് രംഗങ്ങൾ
◆ ക്ളൈമാക്സിലെ ശക്തമായ സംഭാഷണങ്ങൾ
നെഗറ്റിവ്സ്
◆ പൊതുവെ പതിയെ നീങ്ങുന്ന ചിത്രം മാസ്സ് ചിത്രങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തിയേക്കാം.
◆ താരതമ്യേന ആദ്യ പകുതി ഒരിത്തിരി സ്ലോ ആയിരുന്നു.
◆ ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും കാറിനുള്ളിൽ തന്നെ ആയത് ഇടയ്ക്ക് മടുപ്പിക്കുന്നുണ്ട്.
സാമൂഹിക പ്രസക്തമായ ഒരു വിഷയം വളരെ മനോഹരമായി ആവിഷ്കരിച്ച ഒരു നല്ല സിനിമയാണ് അങ്കിൾ. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ അങ്കിൾ.