‘പൈതൃകം’ ക്ളൈമാക്‌സ് അങ്ങനെ ആയതുകൊണ്ട് ഞാനൊരു ഹിന്ദുത്വ തീവ്രവാദി ആകില്ല – ജയരാജ്

ജയറാം, സുരേഷ് ഗോപി, നരേന്ദ്രപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത് 1993 ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു പൈതൃകം. യുക്തി വാദവും നിരീശ്വരവാദവും സംസാരിക്കുന്ന

ചിത്രത്തിന്റെ ക്ളൈമാക്സിൽ യാഗം ചെയ്യുന്നതിനെ തുടർന്ന് മഴ പെയ്യുകയും, അതുവരെ നിരീശ്വര വാദിയായ സുരേഷ് ഗോപിയുടെ കഥാപാത്രം ഈശ്വരവിശ്വാസി ആകുന്നതുമാണ് ചിത്രീകരിച്ചിട്ടുള്ളത്.

അക്കാലത്ത് തന്നെ ചർച്ച ആകുകയും ഇപ്പോൾ സോഷ്യൽ മീഡിയയുടെ വരവോടെ കൂടുതൽ ചർച്ചയാവുകയും ചെയ്ത ഒരു ക്ളൈമാക്‌സാണ് പൈതൃകത്തിന്റേത്.

മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ വേളയിൽ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജയരാജ്.

പൈതൃകം എന്ന സിനിമയിൽ യാഗം ചെയ്യുമ്പോൾ മഴ പെയ്യുന്നു. എന്നാൽ ആ കാരണം കൊണ്ട് താനൊരു ഹിന്ദുത്വ തീവ്രവാദിയാണെന്ന് പറയാൻ കഴിയില്ല എന്ന് അദ്ദേഹം പറയുന്നു. തന്റെ രാഷ്ട്രീയ ചായ്‌വ്‌ കമ്മ്യൂണിസത്തോടാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.

തകഴിയുടെ രണ്ടിടങ്ങഴി എന്ന ലോകം കണ്ട ഏറ്റവും നല്ല ഇടതുപക്ഷ ചിന്ത സിനിമയാക്കണം എന്ന് ഇന്നും ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ എന്നുവച്ച് ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് പറയാൻ പറ്റില്ല. സമൂഹത്തിൽ നടക്കുന്ന എല്ലാ അനീതികൾക്കും എതിരെ യുവ തലമുറ പോരാടുന്നതാണ് ഫോർ ദി പീപ്പിൾ എന്ന ചിത്രം. എന്നുവച്ച് ഞാനൊരു കമ്മ്യൂണിസ്റ്റ് ആകുന്നില്ല. പൈതൃകം എന്ന ചിത്രത്തിൽ യാഗം ചെയ്തപ്പോൾ മഴ പെയ്തു, എന്നുവച്ച് ഞാനൊരു ഹൈന്ദവ തീവ്രവാദിയും അല്ല. ഞാനൊരു കലാകാരനാണ്, എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ ചെയ്യുന്നു. എന്റെ മനസ്സിലുള്ള കാര്യങ്ങൾ, എനിക്ക് പറയാൻ ആഗ്രഹമുള്ള കാര്യങ്ങൾ ഞാൻ സിനിമയിലൂടെ പറയുന്നു. സമൂഹത്തിലെ പല തരത്തിലുള്ള അനീതികളും അതുപോലെ ഞാൻ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. ദൈവനാമത്തിൽ എന്ന ഒരുപാട് അംഗീകാരങ്ങൾ നേടിയ ചിത്രം. അത് തീവ്രവാദത്തിന് എതിരെ ഉള്ള ഒരു സിനിമയായിരുന്നു. അതുപോലെ ശാന്തം. അതിൽ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല. രണ്ടു കൂട്ടരുടെയും ഇടയിൽ നിന്നാണ് കഥ പറയുന്നത്. ഒരു കലാകാരന് സമൂഹത്തോട് പലതും പറയാൻ ബാധ്യതയുണ്ട്. അത് ഞാൻ സിനിമയിലൂടെ മാത്രമേ പറയുന്നുള്ളൂ. അല്ലാതെ മൈക്ക് എടുത്ത് വച്ച് വിളിച്ചു പറയാറില്ല. മറ്റുള്ളവർ എങ്ങനെ അത് സ്വീകരിക്കുന്നു, എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നുള്ളതിനെക്കുറിച്ചൊന്നും ഞാൻ ചിന്തിക്കാറേയില്ല. എന്റെ ജോലിയും ആഗ്രഹവും പാഷനും ഒക്കെ സിനിമയാണ്. സിനിമയിലൂടെ പറയാൻ കഴിയുന്നതൊക്കെ ഞാൻ പറയുന്നു.

അദ്ദേഹം വ്യക്തമാക്കി. കൗമുദി ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് ജയരാജിന്റെ ഈ തുറന്നു പറച്ചിൽ..

ദേശാടനം, ശാന്തം, കളിയാട്ടം, ദൈവനാമത്തിൽ, ഒറ്റാൽ, തുടങ്ങിയ ചിത്രങ്ങൾ ദേശീയ തലത്തിൽ അവാർഡുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം അദേഹത്തെ തേടിയെത്തിയിരുന്നു. ഭയാനകം എന്ന ചിത്രത്തിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം അദ്ദേഹം കരസ്ഥമാക്കിയത്. കൂടാതെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഭയാനകം നേടി. ഇത് കൂടാതെ അനവധി സംസ്ഥാന പുരസ്കാരങ്ങളും വാരിക്കൂട്ടിയുണ്ട് ജയരാജ്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: