Poomaram Review

ഒന്നര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ റിലീസായ കാളിദാസ് ജയറാം നായകനായി അരങ്ങേറുന്ന എബ്രിഡ് ഷൈൻ ചിത്രം. ഞാനും ഞാനുമെന്റാളും എന്ന ഗാനം സൃഷ്ടിച്ച തരംഗം തന്നെയാണ് എല്ലാവരെയും ചിത്രത്തോട് അടുപ്പിക്കുന്നത്. ട്രെയിലറോ ടീസറോ അങ്ങനെ മറ്റൊരു പ്രൊമോഷനും കൂടാതെ രണ്ട് പാട്ടുകളുടെയും കുറെ ട്രോളുകളുടെയും പ്രമോഷന്റെ പച്ചയിൽ ചിത്രം ഇന്ന് റിലീസായി. പ്രതീക്ഷകളോടെ തന്നെയാണ് ചിത്രത്തിന് കയറിയത്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ ആഘോഷപൂർവ്വമായ അഞ്ച് നാളുകളാണ് ചിത്രം. മന്ദഗതിയിൽ തുടങ്ങിയ ചിത്രം ഒന്നാം പകുതി തീരുന്ന വരെ അതെ വേഗതയിൽ തന്നെ കഥ പറഞ്ഞു പോയി. നാല് പാട്ടുകൾ കൊണ്ട് നിറഞ്ഞ ആദ്യ പകുതി ചിലരെയെങ്കിലും ബോറടിപ്പിച്ചേക്കാം. പ്രത്യേകിച്ച് കവിതകൾ ആസ്വദിക്കാത്ത പ്രേക്ഷകരെ. എന്നാൽ ഇന്റർവെൽ എഴുതി കാണിക്കുമ്പോൾ പലരും വാച്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു എന്നത് സംവിധായകന്റെ മിടുക്ക് തന്നെയാണ്. കലോത്സവ നാളുകളിലേക്ക് കടന്ന രണ്ടാം പകുതി താരതമ്യേന കൂടുതൽ രസകരമാകുന്നു. ആദ്യ പകുതിയുടെ അതെ വേഗം തന്നെ പിന്തുടരുമ്പോഴും സംഭവ ബഹുലമായ രണ്ടാം പകുതി കൂടുതൽ ആസ്വാദ്യകരമായി . മികച്ച ക്ളൈമാക്‌സും ഗോപി സുന്ദർ ഈണമിട്ട അവസാന ഗാനവും ചിത്രത്തിന് വലിയ മൈലേജ് നൽകി. സംവിധായകന്റേത് തന്നെയാണ് പൂർണ്ണമായും പൂമരം എന്ന ചിത്രം . സംവിധായകന്റെ കാഴ്ചപ്പാടുകൾ, പറയാനുദ്ദേശിച്ച കാര്യങ്ങൾ എന്നിവ വ്യക്തമായി പറഞ്ഞു എന്നതിലുപരി കാണുന്നവർക്ക് കൊള്ളുന്ന രീതിയിൽ മനോഹരമായി പറയാൻ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ മേന്മ. വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന  ഒരു ചിത്രമാണ് പൂമരം. വളരെയധികം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ.  അശോകന്റെയും കലിംഗ യുദ്ധത്തിന്റെയും ഒടുവിൽ അശോകൻ ബുദ്ധ മതം സ്വീകരിക്കുന്നതിനെയുമൊക്കെ വളരെ ബ്രില്യന്റ് ആയി തുന്നി ചേർത്തിട്ടുണ്ട് പൂമരത്തിൽ എബ്രിഡ് ഷൈൻ. ചിത്രത്തിൽ അവതരിപ്പിക്കുന്ന മൈമിനുള്ളിൽ തന്നെ സംവിധായകൻ പറയാനുള്ളത് വളരെ വ്യക്തമായി എന്നാൽ സൂക്ഷമമായി രേഖപ്പെടുത്തിയിരിക്കുന്നു. അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ സംവിധായകൻ പറയാനുദ്ദേശിച്ച കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചു. കാളിദാസിനു നല്ലൊരു തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒരുവിധ  പതർച്ചയുമില്ലാതെ ഗൗതമൻ എന്ന കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്തിട്ടുണ്ട് അദ്ദേഹം. മറ്റെല്ലാ അഭിനേതാക്കളും പുതുമുഖങ്ങൾ ആണെന്നതിനാൽ പേര് എടുത്തു പറഞ്ഞു അഭിനന്ദിക്കാനാകില്ലെങ്കിലും എല്ലാവരും ഗംഭീര പെർഫോമൻസ് തന്നെ കാഴ്ചവച്ചു ചിത്രത്തിൽ. പത്തോളം പാട്ടുകളുള്ള ചിത്രത്തിൽ ചിത്ര പാടിയ മനോഹര പ്രണയ ഗാനം വരും ദിവസങ്ങളിൽ സംഗീത പ്രേമികളുടെ മനം കവരും എന്നുറപ്പാണ്. 

മറ്റെല്ലാ ഗാനങ്ങളും കവിതകളും നിലവാരം പുലർത്തി. പാട്ടുകളിലൂടെ കഥ പറയുന്ന ശൈലിയാണ് പൂമരത്തിൽ സംവിധായകൻ പരീക്ഷിച്ചിരിക്കുന്നത്. അത് പലരുടെയും മുഖം ചുളിയുവാൻ ഇടയാക്കും എന്ന് അറിയാമായിരുന്നിട്ടും ഇത്തരമൊരു പരീക്ഷണ ചിത്രം ഒരുക്കാൻ സംവിധായകൻ കാണിച്ച ധൈര്യം പ്രശംസനീയം തന്നെ.കോളേജ് കാലഘട്ടവും, നൊസ്റ്റാൾജിയയുമൊക്കെ ഉണർത്തി എന്നതിലുപരി ശക്തമായ ഒരു സാമൂഹിക വിഷയം ഉയർത്തി കാട്ടിയതിന് നിറഞ്ഞ കയ്യടി..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: