​മീശ മാധവനെ നിങ്ങൾക്ക് അറിയാം, കള്ളൻ മാധവനെയോ ?

മീശമാധവൻ, വിവരണങ്ങൾ ആവശ്യമില്ലാത്ത ജനപ്രിയനായകൻ ദിലീപിന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്ന്. നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്ത മാധവനൊപ്പം പട്ടാളം പുരുഷുവും, ഭഗീരഥൻ പിള്ളയും, സരസ്സുവും, അഡ്വക്കേറ്റ് മുകുന്ദനുണിയും ഒക്കെ നമ്മുക്ക് സുപരിചിതർ ആക്കി തന്ന സിനിമ. കുടുംബത്തിന് വേണ്ടി കള്ളനായവന്റെ കഥ, മീശമാധവൻ.

പ്രേക്ഷകർക്ക് നന്നേ രസിച്ച ഈ മീശമാധവൻ എന്ന കഥാപാത്രം, പക്ഷേ ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയതാണ് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. അതെ, കേരളത്തിൽ ഒരു കള്ളൻ മാധവൻ ഒരിക്കൽ ജീവിച്ചിരുന്നു. ഒരിക്കൽ തന്റെ പുതിയ ഒരു സിനിമയുടെ തിരക്കഥ ചർച്ചയ്ക്ക് ഇടയിൽ തന്റെ തിരകഥാകൃത്തിൽ നിന്നും യാദൃശ്ചികമായാണ് ലാൽ ജോസ് ആദ്യമായി ഈ വ്യക്തിയെ പറ്റി കേൾക്കുന്നത്. എല്ലാ സിനിമാക്കാരെയും പോലെ തനിക്ക് കിട്ടിയ ഒരു പുതുമയുള്ള ത്രെഡ് ഒരു സിനിമ ആകുന്നതിനെ പറ്റിയാണ് ലാൽ ജോസും ചിന്തിച്ചത്. എന്നാൽ സിനിമയ്ക്ക് ജനസ്വീകാര്യത കൂടുതൽ ലഭിക്കുന്നതിനായി, താൻ കേട്ടും, അന്വേഷിച്ചും അറിഞ്ഞ കള്ളന്റെ കഥയിൽ നിന്ന് മാറ്റങ്ങൾ സിനിമയിൽ ലാൽ ജോസ് വരുത്തി. വൻ വിജയമായ സിനിമ കണ്ടവരിൽ ഇത് ഒരു സംഭവ കഥയാണെന്ന് തിരിച്ചറിഞ്ഞവരും, കള്ളന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചറിഞ്ഞവരും ചുരുക്കം.

പാലക്കാട് ജില്ലയിലെ ചിറ്റുരാണ് നമ്മുടെ കള്ളന്റെ സ്വദേശം. തത്കാലം പുള്ളിയെ മാധവൻ എന്ന് തന്നെ വിളിക്കാം (യഥാർഥ പേര് വെളിപ്പെടുത്തുന്നില്ല). സിനിമയിൽ കാണിക്കുന്ന പോലെ തന്നെ നന്നേ ചെറുപ്പത്തിലേ കുടുംബപരാധിനകളിൽ പെട്ട് പോയ മാധവന് കടക്കെണിയിൽ പെട്ട് തന്റെ സഹോദരങ്ങൾ പെരുവഴിയിൽ ആകാതിരിക്കാൻ ആദ്യമായി മോഷ്ടിക്കേണ്ടി വന്നു. സിനിമയിൽ മുള്ളാണി പപ്പൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, “ഒരിക്കൽ മോഷ്ടിച്ചാൽ പിന്നെ ഏത് ആവശ്യം വന്നാലും ആദ്യം തോന്നുക മോഷ്ടിക്കാൻ ആണ്”. ഇത് നമ്മുടെ മാധവന്റെ കാര്യത്തിലും അച്ചട്ട് ആയിരുന്നു. ഒരിക്കൽ മോഷ്ടിച്ച പരിചയവും, പിന്നെ സമൂഹം നൽകിയ കള്ളൻ എന്ന പേരും അവഗണനകളും മാധവനെ വീണ്ടും വീണ്ടും മോഷണത്തിന് ഇറങ്ങാൻ വഴി തെളിച്ചു കൊണ്ടിരുന്നു. താൻ കള്ളൻ ആയി സമൂഹത്തിൽ താഴ്ന്ന് കഴിയുമ്പോഴും മോഷ്ടിച്ചിടാണെങ്കിലും തന്റെ സഹോദരങ്ങളെ പഠിപ്പിക്കാൻ ഉള്ള പണം കണ്ടെത്താൻ സാധിച്ചിരുന്നത് കൊണ്ട്, മാധവന് ഒരു പശ്ചാത്താപവും തോന്നിയിട്ടില്ല. താൻ പ്രതീക്ഷിച്ച പോലെ തന്നെ തന്റെ സഹോദരങ്ങളെ മാധവൻ നല്ല നിലയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ പിന്നീട് മാധവന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ലാൽ ജോസ് തന്റെ സിനിമയിൽ ഉൾപെടുത്തിട്ടില്ല. എന്നാൽ അതിന് സമാനമായ ഒരു സീൻ രസതന്ത്രം എന്ന സിനിമയിൽ ഉണ്ട്. തന്റെ സഹോദരന്റെ മകളുടെ കല്യാണത്തിന് ക്ഷണം പോലും ലഭിക്കാതെ അന്യനായി നിൽക്കേണ്ടി വരുന്ന ഒരിക്കൽ കുറ്റവാളി ആയിരുന്ന മോഹൻലാൽ കഥാപാത്രം മാധവന്റെ ജീവിതത്തെ വളരെ ഓർമിപ്പിക്കുന്ന ഒന്നാണ്. മാധവന്റെ ജീവിതത്തിലും സംഭവിച്ചത് ഇത് പോലെയൊന്നാണ്. സ്വയം നശിച്ചു കൊണ്ട് മാധവൻ വളർത്തിയെടുത്ത തന്റെ കൂടപിറപ്പുകൾ, തങ്ങൾക്ക് സ്വന്തമായി ഒരു നില ഉണ്ടായപ്പോൾ കള്ളൻ ആയ സഹോദരൻ തങ്ങൾക്ക് ഒരു അന്തസ്സുകേട് ആണ് എന്ന് മാധവനെ തള്ളി പറഞ്ഞു. മീശമാധവന്റെ ക്ലൈമാക്സിൽ തന്റെ നിരപരാധിത്വം തെളിയിച്ചു, സ്നേഹിച്ച പെണ്ണിനേയും നേടി,നാട്ടുകാരുടെ സ്നേഹവും പിടിച്ചു പറ്റുന്ന മീശമാധവനെ കണ്ടു നമ്മൾ സന്തോഷിച്ചു. പക്ഷെ ജീവിതത്തിൽ മാധവന്റെ ക്ലൈമാക്സ് ആരും ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നാണ്. തന്റെ ഉറ്റവർ തന്നെ തള്ളി പറഞ്ഞ വിഷമത്തിൽ മാധവൻ തൂങ്ങിമരിക്കുകയായിരിന്നു. 
ഇനി മീശമാധവൻ ടി വി യിൽ കാണുമ്പോൾ ഓർക്കണം, സഹോദരസ്നേഹത്തിന്റെ  അടയാളമായ ഒരു മനുഷ്യന്റെ ജീവിതം ഉണ്ടാക്കിയ പടം ആണ് ഇതെന്ന്. മീശമാധവൻ, കള്ളൻ മാധവന്റെ കഥ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: