ഈ 10 സിനിമകൾ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ 2017ൽ  ഇന്ത്യൻ സിനിമയിൽ ഇറങ്ങിയ മികച്ച സിനിമകൾ നിങ്ങൾ കണ്ടിട്ടില്ല

ഇന്ത്യൻ സിനിമയെ സംബന്ധിച്ചടുത്തോളം 2017 വളരെ നല്ലൊരു വർഷമായിരുന്നു. വാണിജ്യപരമായും കലാപരമായും വളരെയധികം നേട്ടങ്ങൾ ഉണ്ടാകാൻ ഇന്ത്യൻ സിനിമയ്ക്കു സാധിച്ചു. കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഇറങ്ങിയ മികച്ച 10 സിനിമകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. 

1) Aruvi 

തമിഴ് സിനിമ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഞെട്ടിച്ചു കൊണ്ടേയിരിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് അരുൺ പ്രഭുവിന്റെ സംവിധാനത്തിൽ വന്ന  അരുവി. ഒരു പോലെ മോഹിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും  അവസാനം ക്ലൈമാക്സ്‌ പോലെ നമ്മുടെ മനസിലും ഒരു അരുവിയുടെ ഫീൽ  ചെയ്യുന്ന ഒരു അപൂർവ സിനിമാനുഭവമായി മാറുന്നുണ്ട്. സിനിമയുടെ നട്ടെല്ലായി നിലനിൽക്കുന്നത് അദിതി ബാലന്റെ പെർഫോമെൻസാണ്. ശെരിക്കും പ്രേക്ഷരെ വിസ്മയിപ്പിച്ചു അദിതി ബാലാലൻ തന്റെ   ഈ പെർഫോമെൻസിലൂടെ. ഒരു അരുവി ഒഴുകുന്നത് കേൾക്കാൻ ഇത്തിരി ഒന്നു ചെവി കൂർപ്പിക്കണം, മറ്റെല്ലാ ശബ്ദങ്ങളും വിട്ടകലുമ്പോൾ ശാന്തമായ് ചിലമ്പിച്ചിലമ്പി അതിങ്ങനെ ഒഴുകുന്നത് കാണാം. തെളിനീരിന്റെ താഴെയായി കുഞ്ഞു വെള്ളാരം കല്ലുകൾ കാണാം, ഒഴുക്കിനൊപ്പം നീന്തിയകലുന്ന പൊടിമീനുകളെക്കാണാം. ഒരു കൈവഴിയായൊഴുകി അതൊരു പുഴയിൽ ചേരുമ്പോൾ മറ്റു പലയരുവികളുടെ കഥകളും ചേർത്തെഴുതി അവളുടെ രൂപം മാറുന്നു, നേർത്ത ചിലമ്പലുകൾക്കു മേൽ ഒഴുക്കിന്റെ ഹുങ്കാരവും, തെളിമക്ക് മേൽ കലക്കലിന്റെയൊരു പുതപ്പും അവളിലേക്ക് വന്ന് ചേരുന്നു. കഥയൊഴുകുത്തീരുന്നിടത്തെവിടെയോ അരുവി ഒരു നോവായി , തെളിനീരിന്റെ കുളിർമ്മയുടെ, സ്വച്ഛതയുടെ ഒരോർമ്മയായി മാറുകയായിരുന്നു.

2) Take Off

ഇസ്ലാമിക് സ്റ്റേറ്റ് -ഇറാക്ക് വാർ. 46 ഇന്ത്യൻ നഴ്സുമാർ. ഇത്രെയും മതി ഇന്ത്യയെ ഒട്ടാകെ  നടുക്കിയ ഒരു സംഭവത്തെ വീണ്ടും ഓർത്തെടുക്കാൻ. എന്നാൽ അത് കണ്മുന്നിൽ കാണാൻ കഴിഞ്ഞാലോ?

മഹേഷ്  നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആ സംഭവങ്ങളെ ദൃശ്യവത്കരിക്കുന്നു.പല കാരണങ്ങൾ കൊണ്ടും ടേക്ക് ഓഫ് മോളിവുഡ് ഇൻഡസ്ട്രിയിലെ മികച്ച സിനിമകളിൽ ഒന്നാകുന്നു. പാർവതിയുടെയും കുഞ്ചാക്കോ ബോബന്റെയും പ്രകടനങ്ങൾ എടുത്തു പറയേണ്ട ഒന്ന്‌ തന്നെയാണ്. ക്ലൈമാക്സിലെ ആ ചിരി പോലെ തന്നെ  ഫഹദും തന്റെ പ്രകടനം ഗംഭീരമാക്കി.

ടേക്ക് ഓഫ് മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിന് ഉതകും വിധം രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഇറാക്കിൽ ഐ എസ് പിടിയിൽ അകപ്പെട്ട പത്തൊൻപതു നേഴ്സുമാരുടെ സംഭവബഹുലമായ ജീവിതത്തിന്റെയും മരണമുഖത്തു നിന്നുമുള്ള അതിജീവനത്തിന്റെയും കഥ പറയുന്നു. ഇതേ ജോണറിലുള്ള ചിത്രങ്ങളിൽ പതിവായി  കണ്ടുവരുന്ന അമിതമായ നാടകീയതയും കേന്ദ്ര കഥാപാത്രങ്ങളുടെ എക്സാഗറേഷനും ഒഴിവാക്കി അവതരിപ്പിച്ചതിലൂടെ, ടേക്ക് ഓഫ് റിയൽ ലൈഫ് സ്റ്റോറിയോട് നീതി പുലർത്തുന്നതായി കാണാം. സമീറ എന്ന മലയാളി നേഴ്സ് പാർവ്വതിയുടെ കൈകളിൽ ഭദ്രമായിരുന്നു. കാരുണ്യത്തിന്റെ മാലാഖമാർ എന്ന ഫീൽ ഗുഡ് സങ്കൽപ്പത്തെ യാഥാർത്ഥ്യബോധത്തോടെ കാണുകയും ദേഷ്യം, നൈരാശ്യം തുടങ്ങിയ മാനുഷിക വികാരങ്ങളെയും ധൃതി പിടിച്ച നടത്തത്തെയും ശരീരഭാഷയിൽ ആവാഹിച്ച് പാർവ്വതി നടത്തിയ പകർന്നാട്ടം 2017ലെ  ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് നിസ്സംശയം പറയാം. 

ടേക്ക് ഓഫിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച മനോജ് കുമാർ എന്ന അംബാസിഡർ കഥാപാത്രം മലയാള സിനിമയ്ക്ക് അത്ര പരിചയമില്ലാത്ത ഒരു വ്യക്തി തന്നെയാണ്. ഔദ്യോഗിക ജീവിതത്തിനിടയിലെവിടെയോ  വെച്ച് കുടുംബം തന്നെ നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യൻ. വൈകാരിക സമീപനങ്ങളിലൂടെ അയാൾ വിജയകരമായി നടത്തുന്ന ഒരു രക്ഷാ ശ്രമം തന്നെയാണ് ടേക്ക് ഓഫിന്റെ കേന്ദ്ര പ്രമേയം.
ടേക്ക് ഓഫ് ശ്രദ്ധേയമാകുന്നത് പതിവ് ഭൂപ്രദേശങ്ങളെയും, കഥാപാത്രങ്ങളെയും, പരിചിത കഥാപരിസരങ്ങളെയും ഭേദിച്ച് മാനുഷിക-സാമൂഹിക സമസ്യകളുടെ പുതു ഇടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു എന്നയിടത്താണ്. അത് മലയാള സിനിമിയയ്ക്ക് മുഖ്യധാരയിൽ ഉണ്ടായിവന്നിട്ടുള്ള അപൂർവം ചില ടേക്ക് ഓഫ് കളിൽ ഒന്നാണ്. മലയാളം ഇൻഡസ്ട്രിയുടെ,പുതിയ തലങ്ങളിലേക്കുള്ള ടേക്ക് ഓഫ് ആണ്  ഈ സിനിമ.
3) Newton

ന്യൂട്ടന്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ന്യൂന പക്ഷത്തെയാണ്.ന്യൂന പക്ഷം എന്ന് പറയുമ്പോള്‍ ,സര്‍ക്കാര്‍ ജോലി എന്നത് രാജാവിനു സമം ആണെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗത്തിന്റെ മറു വശം.ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോകുമ്പോള്‍ മുതല്‍ തുടങ്ങുന്ന “സാര്‍” വിളിയില്‍ ആത്മപുളകിതരാകുന്ന ഭൂരിപക്ഷം.ജോലിയില്‍ സമയ ക്രമം പാലിക്കാതെ,അനധികൃതമായി സ്വത്തു സമ്പാദിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന സമയ നിഷ്ഠ പാലിക്കാത്ത ഭൂരിപക്ഷം.ചുരുക്കത്തില്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരനില്‍ കാണപ്പെടുന്ന ‘ക്ലീഷേ’ സ്വഭാവങ്ങളുടെ നേരെ എതിരാണ് ന്യൂട്ടന്‍. നൂതന് കുമാര്‍ എന്ന പേര് ന്യൂട്ടന്‍ എന്നാക്കി മാറ്റിയ അയാള്‍ പല മുന്‍വിധികളെയും മാറ്റി മറിയ്ക്കാന്‍ ആണ്  ശ്രമിക്കുന്നത്.പ്രൊബേഷന്‍ ഓഫീസര്‍ ആയ ന്യൂട്ടന്‍ ഇത്തരത്തില്‍ ഒരു മുന്‍വിധിയെ മാറ്റാന്‍ അവസരമുണ്ടാകുന്നു. ന്യൂട്ടന് എന്ന കഥാപാത്രം നന്മയുടെ ഒരു വശം ആയി അവതരിപ്പിച്ചത് എങ്കിലും.അയാളുടെ ചില പ്രവര്‍ത്തികള്‍ പലപ്പോഴും പ്രായോഗികം അല്ലായിരുന്നു എന്ന് തോന്നി പോകും.പ്രത്യേകിച്ചും ആത്മ സിംഗ് ,സുരക്ഷയില്‍ ആകുലത പ്രകടിപ്പിക്കുമ്പോള്‍ ന്യൂട്ടന്‍ തന്‍റെ നിലപാടുകള്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പ്രായോഗികതയും നിലപാടുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു.രണ്ടു പേരും ശരിയായ രീതിയില്‍ അവരുടെ ജോലികള്‍ തന്നെയാണ് ചെയ്യുന്നത്.എന്നാല്‍ അതില്‍ പ്രകടമായ,ആരുടെ പക്ഷം ചേരണം എന്ന രീതിയില്‍ ഉള്ള സംശയം പ്രേക്ഷകനിലും ഉണ്ടാക്കുന്നു.  ബോളിവുഡ് സിനിമകളിലെ സ്ഥിരം ചേരുവകകളില്‍ നിന്നും മാറി സഞ്ചരിച്ച ചിത്രം മികച്ച വിജയവും നേടിയിരുന്നു.രാജ്കുമാര്‍ റാവു,പങ്കജ് എന്നിവര്‍ അവതരിപ്പിച്ച വേഷങ്ങള്‍ മികച്ചതായിരുന്നു.ഒരു ‘ഓഫ്-ബീറ്റ്’ ചിത്രമായി മാറാതെ ഹാസ്യത്തിലൂടെ ഗൌരവപൂര്‍വ്വം വിഷയത്തെ സമീപിച്ചിട്ടും ഉണ്ട്.മികച്ച രീതിയില്‍,നുറുങ്ങു തമാശകളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും അവതരിപ്പിച്ച “ന്യൂട്ടന്‍”.

4) Arjun Reddy

അർജുൻ റെഡ്‌ഡി ഒരു വ്യക്തി അല്ല അയാൾ നമ്മൾ കണ്ടു മറന്ന നമ്മളുടെ സുഹൃത്തായിരിക്കാം  ഒരു പക്ഷെ നമ്മൾ തന്നെ ആയിരിക്കാം .ജീവിതത്തോടുള്ള അയാളുടെ ചിന്താഗതിയിൽ സ്വാതന്ത്ര്യം എല്ലാ രീതിയിലും അനുഭവിക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യങ്ങൾ ഉണ്ട് .അർജുൻ റെഡ്‌ഡി തീർത്തും റിയൽ ആയൊരു വ്യക്തി തന്നെയാണ് .കാമുകിയെ മാനസികമായി തളർത്തുന്ന തന്റെ ശത്രുവിനെ പൊതിരെ തല്ലിയതിനു ശേഷം അയാൾക്ക് സിഗരറ്റ് കത്തിച്ചുകൊടുത്തു പിന്നീട് ഒരിക്കലും അങ്ങനെ സംഭവിക്കരുത് എന്ന് ഇമോഷണലായി ആവശ്യപ്പെടുന്നത് സ്ത്രീകളെ അയാൾ കാണുന്ന വിധം എങ്ങനെ ആണെന്ന് കാണിച്ചു തരുന്ന ഒരു രംഗമാണ് .റിയൽ ലൈഫിൽ നമ്മളിൽ എല്ലാവരും എങ്ങനെ പ്രതികരിക്കുന്നു എന്നത് പോലെ തന്റെ പ്രതികരണം പിന്നീട് താനില്ലാത്തപ്പോൾ ആവർത്തിക്കുമെന്ന് ഭയപ്പെടുന്ന അർജുനും നമ്മളും തമ്മിൽ വലിയ വിത്യാസം കാണാൻ കഴിയില്ല. വർഷങ്ങൾ നീണ്ട പ്രണയം പൂവണിയും എന്ന് ആഗ്രഹിക്കുമ്പോൾ ജാതിയും ഭാഷയും അതിർവരമ്പുകൾ വില്ലനായി മാറും എന്ന് മനസിലാക്കുന്ന അർജുനിൽ ആ അതിർവരമ്പുകൾ തീർത്തും ഭേദിക്കപ്പെടേണ്ടതാണെന്നു ഉള്ള ചിന്തകൾ ഒരു നിമിഷം കൊണ്ട് തന്നെ ജനിക്കുന്നുണ്ട് .കോപവും വിഷമവും വികാരങ്ങളും പൊട്ടിത്തെറിക്കുന്ന പലനിമിഷങ്ങളിലും ഒരു സാധാരണ തെലുഗു നായകൻ അല്ലാതെ ആകുന്നുണ്ട് അർജുൻ റെഡ്‌ഡി. അർജുൻ റെഡ്ഢി തെലുഗു സിനിമ ചരിത്രത്തിലെ ഒരു നാഴിക കല്ല് എന്ന് തന്നെ വിളിക്കാവുന്ന ഒരു ചരിത്രപരമായ കാൽവയ്‌പ്പ് ആണ് .നായകനായിക സങ്കല്പങ്ങളെ തിരുത്തി എഴുതുന്ന അതിശകതമായ ഒരു കഥാപാത്ര സൃഷ്ടി തന്നെ. അർജുൻ റെഡ്ഢി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് ദേവർകൊണ്ട എന്ന അഭിനേതാവിനു അഭിമാനിക്കാൻ ഏറെയുണ്ട് .ഇതിലും ഭംഗി ആയി ഇനിയൊരാൾ ഇത് ചെയ്യും എന്ന് പോലും തോന്നിക്കാത്തവിധം മനോഹരമായി അയാൾ ജീവിക്കുകയായിരുന്നു അർജുൻ റെഡ്ഢി എന്ന നായകനായി .തെലുഗ് സിനിമ ലോകത്തിനു തല ഉയർത്തി കാണിക്കാൻ ഒരു അഭിനേതാവ് ഉയരുന്നുണ്ട് എന്നത് നല്ലൊരു കാഴ്ച തന്നെയാണ് .യെവടെ സുബ്ബ്രമണ്യത്തിലെ സഹനടനിൽ നിന്നും പെള്ളി ചൂപ്പുലുവിലെ നായകനിൽ നിന്നും ഏറെ ഉയരത്തിലാണ് അർജുൻ റെഡ്ഢി നിലനിൽക്കുന്നത് എന്നത് തന്നെ അയാളുടെ അഭിനയത്തിലെ വളർച്ചയും പാകതയും കാണിച്ചു തരുന്നു .

പ്രീതിയെന്ന നായികാ കഥാപാത്രത്തിൽ എത്തിയ ശാലിനി പാണ്ഡെ മനോഹരമായി തന്നെ കഥാപാത്രത്തിനെ കൈകാര്യം ചെയ്തിട്ടുണ്ട് .ആദ്യ സിനിമയിൽ തന്നെ ഇത്രയും ബോൾഡ് ആയി ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ തയാറായ നായികാ എന്ന നിലയിൽ മാത്രമല്ല അഭിനയവും നന്നായി വഴങ്ങുന്ന ഒരു നായികയെന്ന നിലയിൽ ആയിരിക്കണം അവരുടെ ഇനിയുള്ള വളർച്ചയെന്നു തോന്നിക്കുന്ന പ്രകടനം .

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മുന്നിലെത്തേണ്ട ഒരു ചിത്രം തന്നെ ആണ് അർജുൻ റെഡ്ഢി .മനോഹരമായി കൈകാര്യം ചെയ്ത ലിപ് ലോക്കുകൾ ആയിരിക്കാം ഈ ചിത്രത്തിന്റെ വിധിയെ പ്രേക്ഷകനിൽ നിന്ന് അകറ്റി നിർത്താൻ കാരണം ആയേക്കുന്ന ഒരു കാരണം എങ്കിലും അർജുൻ റെഡ്ഢിയുടെയും പ്രീതിയുടെയും പ്രണയത്തിന്റെ ഉദാത്തത വിളിച്ചോതുന്ന  കഥാപാത്രത്തിന്റെ മാനസിക സൗന്ദര്യത്തിന്റെ സ്വാതന്ത്ര്യ കാഹളം കൂടിയായിരുന്നു ആ ചുംബനങ്ങൾ എന്ന് കാലം തെളിയിക്കട്ടെ .സംവിധായകനിൽ നിന്ന് ഇനിയും ഇതുപോലെ റിയലിസ്റ്റിക് സൃഷ്ടികൾ പ്രതീക്ഷിക്കാൻ വകയുണ്ടെന്നു ഒരൊറ്റ സിനിമകൊണ്ടു തെളിയിച്ചിരിക്കുന്നു സന്ദീപ് നിങ്ങൾ തെലുഗു സിനിമയ്ക്ക് ഒരു വാഗ്ദാനം തന്നെയാണ്.

5) Angamali Diaries

Angamali is not a place, It’s people.

‘ലിജോ ജോസ് പല്ലിശ്ശേരി’ പുള്ളിയുടെ മുന്‍കാല ചിത്രങ്ങളെപ്പറ്റി പറയേണ്ട കാര്യമില്ല. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍ തുടങ്ങീ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ അദ്ദേഹം തന്‍റെ പ്രതിഭ നമ്മുക്ക് കാട്ടി തന്നതാണ്. എന്നാല്‍ മലയാളിയ്ക്ക് പരിചിതമല്ലാത്ത ആഖ്യാനശൈലിയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി  വീണ്ടും വിസ്മയിപ്പിക്കുകയാണ്- അങ്കമാലി ഡയറീസിലൂടെ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പടത്തിന്‍റെ ടാഗ് ലൈന്‍ സൂചിപ്പിക്കും പോലെ ”ഒരു കട്ട ലോക്കല്‍ പടം” തന്നെ. ആ ലൊക്കാലിറ്റി ആണെങ്കിലോ അങ്കമാലിയും. അങ്കമാലിയുടെ ചിതറിയ ജീവിതങ്ങളെ ഒന്നിച്ചു ചേര്‍ക്കുകയാണ് സംവിധായകന്‍. ഒരു ചിത്രകാരന്‍റെ മികവോടെ അദ്ദേഹം അത് പ്രേക്ഷകന് മുന്നില്‍ അതി മനോഹരമായി വരച്ചിടുന്നുമുണ്ട്. ഒരു കഥയല്ല. പകരം ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിലെ തുടര്‍ സംഭവങ്ങള്‍. അതാണ്  ചെംബന്‍ വിനോദിന്‍റെ  തിരക്കഥയിലെ അങ്കമാലി ഡയറീസ്. അത് ലിജോ ജോസിന്‍റെ കൈയിലെത്തിയപ്പോള്‍ അത് തിരശ്ശീലയിലെ അഡാര്‍ ഐറ്റമായി മാറ്റപ്പെടുന്ന കാഴ്ച്ചയാണ് കാണാന്നാവുക. ക്യാമറാമാന് ഗീരീഷ് ഗംഗാധരന്‍റെ ചാര്‍ എടുത്ത് കാണുമെന്നതില്‍ ഒരു സംശയവുമില്ല. ഓരോ ഫ്രെയ്മിലും അദ്ദേഹത്തിന്‍റെ എഫോര്‍ട്ട് പ്രകടമാണ്. അവസാന 15 മിനിറ്റ് സിംഗിള്‍ ഷോട്ടും ഇന്‍റര്‍വെല്ലിന് മുന്നുള്ള സീന്‍സുമൊക്കെ ശരിക്കും വിസ്മയമാണ് നമുക്ക്  സമ്മാനിച്ചത്. മ്യൂസിക്കും മികച്ചു നിന്നു. BGM ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സഹായിച്ചു. ടെക്നിക്കല്‍ സൈഡിനൊപ്പം തന്നെ അഭിനേതാക്കളും തങ്ങളുടെ റോളുകൾ മികച്ചടക്കിയിട്ടുണ്ട്. എല്ലാവരും മികച്ച പ്രകടനം. വിന്‍സെന്‍റ് പെപ്പെ, ഭീമന്‍, യു ക്ലാംബ് രാജന്‍, അപ്പാനി രവി, പോര്‍ക്ക് വര്‍ക്കി… അങ്ങനെയങ്ങനെ എല്ലാവരും, നമുക്ക് മുന്നില്‍ തന്നെയുള്ള ജീവിതങ്ങളാണ് എന്നൊരു ഫീല്‍ തന്നു. അങ്കമാലി ഡയറീസ് പൂർണമായും ഒരു സംവിധായകന്റെ സിനിമയാണ്.. അതിഭയങ്കമായ കഥയൊന്നും കഥയൊന്നും അവകാശപ്പെടാനില്ലാഞ്ഞിട്ടും, ഇത്രയധികം പുതുമുഖങ്ങൾ അഭിനയിച്ചിട്ടും ഒരൊറ്റ സെക്കന്റ് പോലും ബോറടിപ്പിക്കാതെ മികച്ചൊരു സിനിമാനുഭവം  ആയ അങ്കമാലി ഡയറീസ്  കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച സിനിമകളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്നു.

6) Thondimuthalum Driksakshiyum

ഇതിൽ കൂടുതൽ ഒരു സിനിമയിൽ റിയലിസ്റ്റിക് എലെമെന്റ്സ് കൊണ്ടുവരാൻ പറ്റുമോ? അറിയില്ല. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ, അലൻസിയർ എന്നിവർ അതാത് റോളുകൾ ആയി ജീവിച്ചു. പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസുകാരും, പക്കാ ഒറിജിനാലിറ്റി. അതിനും ദിലീഷ് പോത്തന് അഭിനന്ദനങ്ങൾ. ഒരു സിമ്പിൾ ആൻഡ് ഹംബിൽ ത്രില്ലർ കഥക്ക് യോജിച്ച തിരക്കഥയും ഡയലോഗും, അതിനെ വെല്ലുന്ന സംവിധാനവും, അതാണ് ഈ സിനിമ.

സിനിമയെ സംവിധായകൻ സമീപിച്ച രീതി വെച്ചു നോക്കുമ്പോൾ ഒരു പക്ഷെ മഹേഷിനെക്കാൾ പോത്തേട്ടൻ Brilliance കാണാൻ കഴിയുക തൊണ്ടിമുതലിലാണ് .  സിനിമയുടെ തുടക്കത്തിനോടടുത്തു തന്നെ ഒരു പേരുകൊണ്ട് സിനിമയുടെ തീംമിനെ മൊത്തം കാണികളിലേക്ക് ആവാഹിക്കുന്നുണ്ട് സംവിധായകൻ. മറ്റൊരു മർമ്മ ഭാഗത്തും ഇത്തരത്തിൽ ഉള്ള Multi-layered സ്വഭാവം സിനിമയ്ക്ക് കൈവരുന്നതായി തോന്നാം. തന്റെ സിനിമയെ പറ്റി വ്യക്തമായ ധാരണയോട് കൂടിയുള്ള Making , മറ്റുള്ള Fillmmaking/Technical Aspects സിനിമയിലേക്ക് കൊണ്ടുകോർത്തതിലെ കൈയ്യടക്കം എല്ലാം ദിലീഷ് പോത്തൻ എന്ന പ്രതിഭയെയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. വെറും രണ്ട് സിനിമകൾ കൊണ്ട് തന്നെ അദ്ദേഹം താണ്ടിയ ദൂരം തീർത്തും അതിശയകരമാണ്. ഇനിയും ഇവരിൽ നിന്ന് മികച്ച സിനിമകൾ പ്രതീക്ഷിക്കാം എന്നുള്ള ഉറപ്പും കൂടി നൽകിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും അവസാനിക്കുന്നത്.

7) Trapped

നായകനൊപ്പം  നമ്മളും കൂടെ ഒന്നൊന്നര മണിക്കൂർ ട്രാപ്പ്ഡ് ആയി വീർപ്പു മുട്ടുന്ന ഒരു അനുഭവം ആണ് സിനിമ. എടുത്തുചാടിയെടുത്ത ഒരു മണ്ടൻ തീരുമാനത്തിൽ പണി തീരാത്ത ബിൽഡിങ്ങിൽ ഫ്ലാറ്റ് എടുത്തു മുപ്പത്തിയഞ്ചാം നിലയിൽ വെള്ളവും കറന്റും ഭക്ഷണവും പോലും ഇല്ലാതെ പെട്ട് പോകുന്ന നായകൻറെ അതിജീവനത്തിന്റെ ശ്രമങ്ങൾ ആണ് സിനിമ പറയുന്നത്. കാസ്റ്റ് എവേ പോലെയോ 127 ഹാവേഴ്സ് പോലെയോ ആരും ഇല്ലാത്ത ഒരു ഡെസേർട്ടേഡ്‌ സ്ഥലതല്ല ഇവിടെ നായകൻ പെട്ട് പോകുന്നത് , മുംബൈ സിറ്റിയുടെ ഒത്ത നടുക്ക് കണ്ണെത്തും ദൂരത്തു ജനങ്ങൾ നെട്ടോട്ടം ഓടുന്നതിനു ഇടയിൽ പെട്ട് പോകുന്ന എന്നാൽ ഒരാളുടെ പോലും അറ്റെൻഷൻ കിട്ടാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ ആയിപ്പോകുന്ന നായകന്റെ അവസ്ഥയിലേക്ക് നമ്മളും എത്തിപ്പെടുവാൻ അതികം സമയം എടുക്കില്ല..ബറിഡ് സിനിമയിലെ പോലെ അത്രയും ക്ലസ്ട്രോഫോബിക് ഫീൽ തോന്നില്ല എങ്കിൽ തന്നെ 95 ശതമാനം സമയവും ഫ്ലാറ്റിനുള്ളിൽ തന്നെ നിലയുറപ്പിക്കുന്ന ക്യാമറ ജയിലിൽ അടക്കപ്പെട്ട അവസ്ഥ തരുന്നു.ഒന്നേമുക്കാൽ മണിക്കൂറോളം ഒരു ഫ്ലാറ്റിൽ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റി മാത്രം നിൽക്കുന്ന കഥ എടുക്കുക എന്ന ചലഞ്ച് മികച്ച രീതിയിൽ തന്നെ ഓവർക്കം ചെയ്തിരിക്കുന്നു സംവിധായകൻ. ഒരു നിമിഷം പോലും ബോറിംഗോ ലാഗിംഗോ ഉണ്ടാകാതെ ഇടയ്ക്കിടെ സീറ്റിലേക്ക് ഉൾവലിയാനും ഇടയ്ക്കു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലിങ്ങും ആയി പ്രേക്ഷകരെ മുഴുവൻ സമയവും എൻഗേജിങ് ആയി കൊണ്ട് പോകുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. പിന്നെ എടുത്തു പറയേണ്ടത് രാജ്‌കുമാർ റാവുവിന്റെ പ്രകടനം ആണ് , ബോളിവുഡിൽ ഇന്നുള്ള യുവനടന്മാരിൽ അഭിനയത്തിന്റെ കാര്യത്തിൽ മറ്റുള്ളവരെക്കാൾ വളരെയധികം മുന്നിൽ ആണ് തന്റെ സ്ഥാനം എന്നത് ഊട്ടിയുറപ്പിക്കുന്ന പ്രകടനം ആയിരുന്നു രാജ്‌കുമാറിന്റേത്..ഒരേ ഒരു കഥാപാത്രത്തെ മാത്രം ചുറ്റിപ്പറ്റി നിൽക്കുന്ന, തന്റെ ഭാഗത്തു നിന്നും  ഒരു ചെറിയ പാളിച്ച വന്നാൽ കൂടെ വീണു പോകാവുന്ന  സിനിമയുടെ മുഴുവൻ ഭാരവും ചുമക്കേണ്ടി വന്നിട്ട് പോലും ഒരു തരി പോലും ഓവറാക്റ്റിങ് ആകാതെ മിതമായ ഭാവങ്ങളിൽ കഥാപാത്രത്തിന്റെ ടെൻഷൻ – പേടി – നിസ്സഹായാവസ്ഥ – ജീവിക്കാനുള്ള ആർജവം എല്ലാം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് നിസാര കാര്യമല്ല. വെത്യസ്തമായ മികച്ച ഒരു സിനിമ അനുഭവം ആണ് ട്രാപ്പ്ഡ്.

8) Theeran Adhigaaram Ondru

യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയെ അതിന്റെ തീവ്രത ചോർന്നുപോകാത്ത വിധത്തിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. 

ചില ഇടങ്ങളിൽ ലോജിക് ഇല്ലായ്മ കല്ലുകടിയായി തോന്നുമെങ്കിലും അടുത്ത രംഗത്തിൽ അതിനെ കവച്ചു വെക്കുന്ന അവതരണമാണ് ചിത്രം പ്രദാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതി പൂർണ്ണമായും വടക്കേ ഇന്ത്യയിലെ ചില നിർജ്ജന പ്രദേശങ്ങളിലാണ് അരങ്ങേറുന്നത്. ഒരു പോലീസ് operation കഥ ആയതുകൊണ്ടുതന്നെ കുറച്ചധികം അക്രമം നിറഞ്ഞ രംഗങ്ങൾ ചിത്രത്തിലുണ്ട്.

DSP തീരൻ എന്ന കഥാപാത്രം കാർത്തി ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ആദ്യഭാഗങ്ങളിലെ പ്രണയ രംഗങ്ങളും, പിന്നീട് സീരിയസ് മൂഡിലേക്കും വൈകാരിക തലത്തിലേക്കും നീങ്ങുന്ന കഥാപാത്രം സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു. നായികയായ രാകുൽ പ്രീത് കൂടുതൽ ഒന്നും ചെയ്യാനില്ലാതെ ആദ്യ ചില ഭാഗങ്ങളിൽ ഒതുങ്ങി.  ഘിബ്‌റാൻ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വേഗതയ്ക്കനുസരിച്ച് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതിന് പര്യാപ്തമായിരുന്നു. സത്യൻ സൂര്യൻ ഒരുക്കിയ ഛായാഗ്രഹണവും ഗംഭീരമായിരുന്നു. ചിത്രത്തിന്റെ വേഗത നിലനിർത്തുന്നതിൽ എഡിറ്റിങ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സതുരംഗ വേട്ടൈ എന്ന ത്രില്ലറിന് ശേഷം H വിനോദ് സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.        ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റോ,  സങ്കീർണ്ണമായ കഥാപശ്ചാത്തലമോ ചിത്രത്തിന് അവകാശപ്പെടാനില്ല എങ്കിലും ആദ്യാവസാനം പ്രേക്ഷകനെ ചിത്രം പിടിച്ചിരുത്തുന്നുണ്ട്. സംഘട്ടന രംഗങ്ങളും, വെടിവെപ്പും കൊലയും അടങ്ങിയ അക്രമം നിറഞ്ഞ കഥാഗതിയാണ് ചിത്രം അവലമ്പിച്ചിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ നടന്ന സംഭവങ്ങളെ അതിന്റെ തീവ്രത ഒട്ടും ചോർന്നുപോകാതെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഭാഗങ്ങളിലെ ചില cliche രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ പ്രേക്ഷകനിൽ ഉദ്വേഗം ജനിപ്പിക്കുന്നതിന് പര്യാപ്തമായ, ആദ്യാവസാനം വളരെ വേഗത്തിൽ നീങ്ങുന്ന മികച്ചൊരു ത്രില്ലർ തന്നെയാണിത്. ഒട്ടും ബോറടിപ്പിക്കാതെ വേഗതയിൽ പറഞ്ഞു തീർത്ത കഥ  പ്രേക്ഷകനെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. ചിത്രം നിങ്ങളെ നിരാശരാക്കില്ല. 

9) A Death in the Gunj

ഒരു ചെറുകഥ വായിക്കുന്ന രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് A Death in the Gunj. സിനിമയിലെ കഥ/സംഭവം ഇവക്ക് അധികം പ്രാധാന്യം കൊടുക്കാതെ വ്യക്തികളുടെ മാനസിക വ്യാപാരങ്ങൾക്കും പ്രവർത്തികൾക്കും പ്രാമുഖ്യം കൊടുക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 1979 – കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ നടക്കുന്നത്. ഇന്ത്യയിലെ കൊളോണിയൽ കാലഘട്ടത്തിൽ ആംഗ്ലോ- ഇന്ത്യൻസ് കമ്മ്യൂണിറ്റിസിന്റെ സെറ്റിൽമെന്റുകളിൽ ഒന്നായ റാഞ്ചിക്ക് അടുത്തായുള്ള McCluskiegunj എന്ന പ്രകൃതിരമണിയമായ  ഹിൽസ്റ്റേഷനാണ് സിനിമയുടെ കഥാപരിസരം. 

നന്ദു, ബുന്നി ദമ്പതിയും അവരുടെ 10 വയസുള്ള മോളും ,കസിനായ ഷോട്ടു എന്ന യുവാവും, ഫാമിലി ഫ്രണ്ടായ മിമി എന്ന യുവതിയും ഉൾപ്പെടുന്ന സംഘം McCluskiegunj എന്ന‌ ഹിൽസ്റ്റേഷനിലുള്ള ബുന്നിയുടെ വീട്ടിൽ വേക്കേഷനായി എത്തുന്നു. ബുന്നിയുടെ മാതാപിതാക്കാൾ ഒറ്റക്ക് താസിക്കുന്ന ആ വീട്ടിൽ ന്യൂയർ ആഘോഷവേളയിൽ  ഗ്രാമത്തിൽ തന്നെ താമസിക്കുന്ന കുടുംബ സുഹൃത്തായ വിക്രവും , സുഹൃത്തും  എത്തുന്നതോടുകൂടി ആഘോഷവും സന്തോഷവും ആ വീട്ടിൽ അലയടിക്കുന്നു. 
ആഘോഷത്തിന്റെ  ഇടയിൽ വിക്രവും , നന്ദുവും ഒപ്പിക്കുന്ന തമാശകൾക്ക് ഇരയാകുന്നത് പൊതുവേ അന്തർമുഖനായ ഷോട്ടുവാണ്(കസിനായ യുവാവ്). അതുപോലെതന്നെ അവിചാരിതമായി ഷോട്ടുവുമായി അടുക്കുന്ന മിമി തന്റെ ലൈംഗിക ആഗ്രഹങ്ങൾക്ക് ഷോട്ടുവിനെ ഉപയോഗിക്കുന്നു. തന്റെ ജീവിതത്തിൽ ആദ്യമായി അനുരാഗം തോന്നിയ പെണ്ണായ മിമിക്ക് തന്നോടുള്ള സ്നേഹം വെറും നേരംപോക്കാണ് എന്ന് മനസിലാക്കുന്ന  ഷോട്ടു മാനസികമായി തകരുന്നു.  ഇത്തരത്തിൽ ഷോട്ടുവും അവന്റെ ചുറ്റുമുള്ളവരും തമ്മിലുള്ള സംഘർഷങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. പലപ്പോഴും തന്നിലേക്ക് തന്നെ ഉൾവലിഞ് ജീവിക്കുന്ന , വളരെ സെൻസിറ്റിവായ വ്യക്തികൾ ആഘോഷങ്ങളിലും ആൾക്കൂട്ടങ്ങളിലും മറ്റുള്ളവരുടെ നിർദോഷമായ തമശകൾക്ക് ഇരയാകുമ്പോൾ അവർ അനുഭവുക്കുന്ന സംഘർഷങ്ങളാണ് സംവിധായിക ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്.‌ വിവിധ ജീവിതസാഹചര്യങ്ങളിൽ മനുഷ്യന്റെ ഉള്ളിൽ ഉടലെടുക്കുന്ന സ്വഭാവ വൈവിധ്യങ്ങൾ മികച്ച രീതിയിൽ സംവിധായിക സിനിമയിൽ വരച്ചിടുന്നുണ്ട്. 
റാഞ്ചിക്ക് അടുത്തായുള്ള McCluskiegunj എന്ന പ്രകൃതിരമണിയമായ  ഹിൽസ്റ്റേഷനിലെ മനോഹരമായ ഫ്രെയിമുകളിൽ ഒരുക്കിക്കിയ സിനിമ പശ്ചത്തലത്തിന്റെ സൗന്ദര്യംകൊണ്ടും, കഥാപാത്രങ്ങളുലെ പ്രകടനം കൊണ്ടും ഒരു മികച്ച സിനിമയാണ്.

10) Kurangu Bommai

മുഖ്യധാരാ തമിഴ് സിനിമകളിൽ നിന്നും മാറി കുറെ മികച്ച ചിത്രങ്ങൾ തമിഴിൽ വരുന്നുണ്ട്…ആ ഗണത്തിൽ ഇതാ ഒന്ന് കൂടി !

ഇമോഷണൽ ആയി നമ്മളെ സ്വാധീനിക്കുകയും അതെ സമയത്തു  ഒരു edge of the seat ത്രില്ലെറും ആണ് ഈ സിനിമ. ഒരു ബാഗും അതിനു വേണ്ടിയുള്ള മനുഷ്യരുടെ തിരച്ചിലും ആണ് ഈ സിനിമ    പറയുന്നത്. പ്രധാന  കഥാപാത്രങ്ങൾക്കെല്ലാം തുല്യ പ്രാധാന്യം കൊടുത്തിട്ടാണ് സംവിധായാകൻ ഈ സിനിമ ഒരുക്കിയത്. ഇതിലെ സുന്ദരം എന്ന കഥാപാത്രത്തിന്റെ കരയാതെ കരയിപ്പിക്കുന്ന സെന്റിമെന്റൽ സീൻ വളരെ മികച്ച നിലവാരം പുലർത്തുന്നു. വളരെ ആയസകരമായ അഭിനയം കാഴ്ച വെച്ച വില്ലൻ പ്രേക്ഷകരെ  ശരിക്കും ഞെട്ടിച്ചു. സാഹചര്യത്തിന് ഇണങ്ങിയ ബിജിഎം മികച്ച അനുഭവം നൽകി. ചുരുക്കി പറഞ്ഞാൽ 2017 ലെ മികച്ച സിനിമകളിൽ ഒന്നാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: