ജയറാമേട്ടൻ മാസ്സ്‌ കൂൾ ആവുന്നതിനു മുൻപ് നമ്മളെ വിസ്മയിപ്പിച്ച 10 സിനിമകൾ

ഇന്നത്തെ ഈ മാസ്സ് കൂളിനും, സാൾട്ട് & പെപ്പറിനും ഒക്കെ മുൻപ് നമുക്കൊരു ജയറാമേട്ടൻ ഉണ്ടായിരുന്നു.. അനായാസമായി കോമഡി കൈകാര്യം ചെയ്ത് നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും, കഥാപാത്രങ്ങളുടെ ദുഃഖങ്ങളും മാനസിക വ്യഥകളും പ്രേക്ഷകനും അനുഭവിക്കുന്ന തരത്തിലുള്ള അസാമാന്യ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച് നമ്മളെയൊക്കെ വിസ്മയിപ്പിച്ച ജയറാമേട്ടൻ. അത്തരത്തിൽ അദ്ദേഹം നമ്മളെ ചിരിപ്പിച്ച, വിസ്മയിപ്പിച്ച,കരയിപ്പിച്ച ചില കഥാപാത്രങ്ങളെകുറിച്ചാണ് ഈ ലേഖനം.

1) സൂപ്പർമാൻ 

ജയറാമേട്ടൻ ഇന്നേവരെ അവതരിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മാസ്സ് നായകൻ സൂപ്പർമാനിലെ ഹരീന്ദ്രൻ തന്നെയാണെന്ന് നിസംശ്ശയം പറയാം. മാസ്സിനു വേണ്ടി കുത്തി തിരുകിയ രംഗങ്ങളോ, തള്ളി മറിച്ചുള്ള ഡയലോഗുകളോ ഇല്ലാതെ ഒരു ചെറിയ ചിരിയിലൂടെ തന്നെ തന്റെ ഉള്ളിലെ പകയും പ്രതികാരവും എല്ലാം കാട്ടിയ ഹരീന്ദ്രൻ അഥവാ സൂപ്പർമാൻ. റാഫി മെക്കാർട്ടിൻ ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ സൂപ്പർഹിറ്റ് ചിത്രം ഇന്നും ടിവിയിൽ വരുമ്പോൾ ആരും മിസ് ചെയ്യാറില്ല. കോമഡിയും, ഫാമിലി സെന്റിമെൻസും, ആക്ഷനും ഒക്കെ ചേർന്ന ഒരു പക്കാ എന്റർടൈനർ ആയ സൂപ്പർമാൻ തൊണ്ണൂറുകളിൽ ജനിച്ചവർക്ക് ഇന്നും ഒരു ആവേശം തന്നെയാണ്.

2) ഫ്രണ്ട്‌സ് 

റിലീസായി 19 വർഷങ്ങൾക്കിപ്പുറവും മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ്പ് മൂവി ആയി കണക്കാക്കുന്ന ചിത്രമാണ് ഫ്രണ്ട്സ്. ജയറാമുമായി ഉണ്ടായിരുന്ന വലിയൊരു പിണക്കം മാറ്റി സിദ്ധീഖ് സംവിധാനം ചെയ്ത ചിത്രം. അരവിന്ദൻ എന്ന പൂവാലൻ ആയി തകർത്താടിയ ജയറാമേട്ടനെ പിന്നീട് തമിഴിലേക്ക് പറിച്ചു നട്ടപ്പോൾ ഉണ്ടായതെന്തെന്ന് നമുക്ക് അറിയാം. അത്രത്തോളം ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ പെർഫോമൻസ്. കടൽ കാറ്റിൻ നെഞ്ചിൽ എന്ന ഇളയരാജ ഗാനവും അതിലെ ജയറാം – മുകേഷ് അഭിനയ മുഹൂർത്തങ്ങളും കണ്ട് കണ്ണ് നിറയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ജഗതി,കൊച്ചിൻ ഹനീഫ,ശ്രീനിവാസൻ, മീന, ദിവ്യാ ഉണ്ണി അങ്ങനെ ഒത്തിരി കഥാപാത്രങ്ങളുള്ള ഈ ചിത്രം 1999 ലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. കളിയും ചിരിയും തമാശയും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗങ്ങൾ സുഹൃത് ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന ഏതൊരാളുടെയും കണ്ണ് നിറയ്ക്കും. ഇതുകൊണ്ടൊക്കെ തന്നെയാണ് മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ്പ് മൂവി എന്ന വിശേഷണം ഇന്നും ഫ്രണ്ട്സിന് തന്നെ യോജിക്കുന്നതും. 

3) സമ്മർ ഇൻ ബത്‌ലഹേം 

ജയറാമേട്ടന് വേണ്ടി തുന്നിയ കുപ്പായമായിരുന്നു ബത്ലഹേമിലെ രവിശങ്കറിന്റെ കഥാപാത്രം. രവിയായി മറ്റൊരാളെ നമുക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധത്തിൽ അദ്ദേഹം ആ കഥാപാത്രത്തെ മികച്ചതാക്കി. കൂടാതെ സുരേഷ് ഗോപിയും, കലാഭവൻ മണിയും ആയുള്ള രംഗങ്ങളൊക്കെ ഇന്നും ഓർത്തോർത്ത് ചിരിക്കുന്നവയാണ്. വിദ്യാസാഗറിന്റെ ഈണത്തിൽ പിറന്ന കൺഫ്യുഷൻ തീർക്കണമേ എന്ന തട്ടുപൊളിപ്പൻ ഗാനവും അതിനൊത്തു ചുവടുവെക്കുന്ന പൂവാലനായ ജയറാമേട്ടനും അക്കാലത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചു. അടിച്ചുപൊളി ഡാൻസിൽ ജയറാമേട്ടന്റെ മെയ് വഴക്കവും, ചില കിടിലൻ എക്സ്പ്രെഷനുകളും ആരെയും രസിപ്പിക്കും.

അയിന്തു കസിൻസ് സീനും, ചാണകക്കുഴിയിൽ വീഴുന്നതും, ബ്ലഡ് കൊടുത്ത കഥ പറയുന്നതും അങ്ങനെ ഓർത്ത് ഓർത്ത് ചിരിക്കാവുന്ന ഒത്തിരി ജയറാം നമ്പരുകളുള്ള കിടിലൻ എന്റർടെയ്‌നർ തന്നെ ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം. ക്ളൈമാക്സിൽ ലാലേട്ടന്റെ ഗസ്റ്റ് റോളും, വിദ്യാസാഗറിന്റെ സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു..
4) പുതുക്കോട്ടയിലെ പുതുമണവാളൻ 

മിമിക്രിയിലെ സുഹൃത്തുക്കളായ റാഫിയും മെക്കാർട്ടിനും ആദ്യമായി സംവിധാന രംഗത്തേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോൾ നായകനാക്കിയത് അവരുടെ മിമിക്രി കാലഘട്ടത്തെ സുഹൃത്ത് ജയറാമേട്ടനെ ആയിരുന്നു. അങ്ങനെയാണ് പുതുക്കോട്ടയിലെ പുതുമണവാളൻ ജനിക്കുന്നത്. ഒരുപക്ഷെ ദാസനും വിജയനും ശേഷം മലയാളികൾ ആഘോഷമാക്കിയ ഫ്രണ്ട്ഷിപ്പ് ഗാനഭൂഷണം ഗിരീഷ് കൊച്ചിന്റെയും ഗാനഭൂഷണം സതീഷ് കൊച്ചിന്റെതും ആയിരിക്കും. കൊണ്ടും കൊടുത്തും കിടിലൻ കൗണ്ടറുകളിലൂടെ ജയറാമും പ്രേംകുമാറും ചേർന്ന് 

പൊട്ടിച്ചിരിയുടെ മാലപ്പടക്കം തന്നെ തീർത്തു ചിത്രത്തിൽ. പട്ടിണിയും ദാരിദ്ര്യവും അൽപ സ്വൽപ്പം കോഴിത്തരവും ഒക്കെയായി നടക്കുന്ന കഥയില്ലാ കാഥികന്മാരായി രണ്ടുപേരും പൊളിച്ചടുക്കി ചിത്രത്തിൽ.

ക്ളൈമാക്സ് വരെ ചിരിയും ഒടുവിലത്തെ അര മണിക്കൂർ ത്രില്ലർ സ്വഭാവം കൈവരിക്കുകയും ചെയ്ത പുതുമണവാളൻ 1995 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.
5) മേലെപറമ്പിൽ ആൺവീട് 

ജയറാം എന്ന നടനെ സൂപ്പർ താരം ആക്കി ഉയർത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മേലേപ്പറമ്പിൽ ആൺവീട്. നരേന്ദ്രപ്രസാദ്, ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജനാർദ്ദനൻ, വിജയരാഘവൻ, മീന, ശോഭന തുടങ്ങി വലിയൊരു താരനിര ഉണ്ടായിരുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ജയറാമിന് ഏറ്റവും കൂടുതൽ ഹിറ്റുകൾ നൽകിയ സംവിധായകൻ രാജസേനൻ ആയിരുന്നു. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി കഥയെഴുതിയ ചിത്രം എന്നതാണ് മേലേപ്പറമ്പിൽ ആൺവീടിന്റെ മറ്റൊരു പ്രത്യേകത. കോമഡിയും, ഫൈറ്റും, പ്രണയവും, കുടുംബ ബന്ധങ്ങളും, ഒക്കെ നിറഞ്ഞ ഒരു പെർഫെക്റ്റ് എന്റർടൈനർ ആയ ചിത്രം കേരളത്തിൽ 200 ലധികം ദിവസം ഓടി ചരിത്ര വിജയമായപ്പോൾ, തമിഴ് നാട്ടിലും ചിത്രം വൻ വിജയമായി. ജയറാമിന്റെ തമാശകളും, കുസൃതികളും ഒക്കെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി അദ്ദേഹത്തെ മാറ്റി. 1993 സാക്ഷ്യം വഹിച്ചത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായി ജയറാം എന്ന സൂപ്പർതാരത്തിന്റെ ഉദയം ആയിരുന്നു.
6) പട്ടാഭിഷേകം 

90 കളുടെ ഒടുവിൽ ബാല്യം ആഘോഷിച്ച ഏതൊരു മലയാളിക്കും മറക്കാനാകാത്ത ചിത്രമാണ് പട്ടാഭിഷേകം. ജയറാമിന്റെ ആന കമ്പം എല്ലാവർക്കും അറിയാവുന്നതാണ്. അപ്പോൾ ആനയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ജയറാം ചിത്രം വരുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർ ഏറെ പ്രതീക്ഷിക്കും. ആ പ്രതീക്ഷകൾക്കൊത്തു ഉയർന്ന ജയറാമിന്റെ 1999 ലെ മറ്റൊരു സൂപ്പർ ഹിറ്റ് ആയിരുന്നു പട്ടാഭിഷേകം. ചിത്രത്തിന്റെ പ്രധാന ആകർഷണം ‘കല്ല്യാണി’ എന്ന പേരിൽ മുന്നിലേക്ക് മുടി ചീകിയിറക്കിയ സുന്ദരിയായ ആനക്കുട്ടി തന്നെയായിരുന്നു. ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ ഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു. ജയറാം – ഹരിശ്രീ അശോകൻ കോമ്പിനേഷൻ പൊളിച്ചടുക്കിയ ചിത്രം കൂടിയാണ് പട്ടാഭിഷേകം. മിമിക്രിക്കാർ ഇന്നും അനുകരിക്കുന്ന കൊച്ചു പ്രേമന്റെ ‘തൊട്ടു.. തൊട്ടില്ല.. ‘ എന്ന സീനുൾപ്പെടെ നിരവധി തമാശ രംഗങ്ങളാൽ സമ്പുഷ്ടമാണ് ഈ ചിത്രം. ചിത്രത്തിലെ ആനയോട്ട മത്സര രംഗം നൽകിയ ആവേശത്തോടൊപ്പം ജയറാം എന്ന ജനപ്രിയ നായകനും മലയാളി മനസ്സിൽ ഇടം പിടിച്ചു.
7. കാരുണ്യം 


മമ്മുട്ടിക്കും മോഹൻലാലിനും ദേശീയ പുരസ്കാരങ്ങൾ നേടിക്കൊടുത്ത തിരക്കഥാകൃത്തും സംവിധായകനുമായ   ലോഹിതദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കാരുണ്യം. അതിസങ്കീർണ്ണമായ അനവധി ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സതീശൻ എന്ന മിഡിൽ ക്ലാസ്സ് തൊഴിൽ രഹിതനായി പ്രേക്ഷകമനസ്സുകളിൽ തുളച്ചു കയറി ജയറാം. 

പ്രണയവും, പരാജയവും, തൊഴിലില്ലായ്മയും, കുടുംബ ബന്ധങ്ങളുടെ തീവ്രതയുമെല്ലാം നിറഞ്ഞ ഒരു ലോഹിതദാസ് ക്‌ളാസ്സിക് തന്നെയാണ് കാരുണ്യം. മറക്കുമോ നീയെന്റെ മൗനഗാനം എന്ന ഗാന രംഗവും, അമ്മ മരിക്കുന്ന രംഗങ്ങളും, മുരളിയെ കൊല്ലാൻ ശ്രമിക്കുന്ന രംഗങ്ങളും അങ്ങനെ അനശ്വരമായ ഒട്ടേറെ അഭിനയമുഹൂർത്തങ്ങളടങ്ങിയ ഒരു ജയറാം ചിത്രമാണ് കാരുണ്യം. ചിത്രത്തിൽ ജയറാമും മുരളിയും മത്സരിച്ച് അഭിനയിച്ചു എന്നു തന്നെ പറയേണ്ടി വരും.തീർച്ചയായും അംഗീകാരങ്ങൾ അർഹിച്ചിരുന്ന പെർഫോമൻസ് ആയിരുന്നിട്ടു കൂടി പലയിടത്തും ജയറാം തഴയപ്പെട്ടു. ഇന്നും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നായി മലയാളി  മനസ്സുകളിൽ  സതീശൻ ഒരു നോവായ് അവശേഷിക്കുന്നു.
8) ആദ്യത്തെ കണ്മണി 

വളരെ രസകരമായ ഒരു പ്ലോട്ടിൽ ഹിറ്റ് ജോഡികളായ റാഫി-മെക്കാർട്ടിൻ എഴുതിയ തിരക്കഥയിൽ രാജസേനൻ സംവിധാനം ചെയ്ത് 1995 ൽ റിലീസായ സൂപ്പർ ഹിറ്റ് ചിത്രമാണ് ആദ്യത്തെ കണ്മണി. പ്രേക്ഷകമനസ്സുകളിലെ ജയറാമിന്റെ ജനപ്രിയത അരക്കിട്ട് ഉറപ്പിച്ച വിജയമായിരുന്നു ആദ്യത്തെ കണ്മണിയുടേത്. ജയറാം-രാജസേനൻ കൂട്ടുകെട്ടിലെ തുടർവിജയങ്ങളിലൊന്നായി ആദ്യത്തെ കണ്മണി മാറി. ജയറാം – ബിജു മേനോൻ കൊമ്പോയുടെ രസകരമായ സീനുകളും, ഇന്നും ഓർത്ത് ഓർത്ത് ചിരിക്കാൻ വക നൽകുന്ന ഒരുപാട് കോമഡി രംഗങ്ങളും നിറഞ്ഞ ഒരു സമ്പൂർണ്ണ കുടുംബ ചിത്രം.

ജഗതി, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, ജനാർദ്ദനൻ, കെ.പി.എ.സി ലളിത തുടങ്ങി വലിയൊരു താരനിര ഒന്നാകെ ചിരിപ്പിച്ച ഒരു ഉത്സവ ചിത്രം ആയിരുന്നു ആദ്യത്തെ കണ്മണി. അതാണ് ഉറുമീസ് എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് ചെറിയ വേഷത്തിൽ വന്ന് വലിയ ചിരി സമ്മാനിച്ച പ്രേംകുമാറിനെയും നമുക്ക് മറക്കാനാകില്ല.
9) ആയുഷ്കാലം 

ജയറാമിന് എന്നും അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ സമ്മാനിച്ച സംവിധായകനാണ് കമൽ. അദ്ദേഹം ജയറാമിനെയും മുകേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1992 ൽ സംവിധാനം ചെയ്ത ചിത്രമാണ് ആയുഷ്കാലം. നിസ്സഹായത എന്ന അവസ്ഥ ഇത്രയും ഹൃദയസ്പർശിയായി അവതരിപ്പിച്ച മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നത് സംശയമാണ്. ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഒരേയൊരു ഗാനമേ ചിട്ടപ്പെടുത്തിയുള്ളൂ എങ്കിലും സിനിമയുടെ മൊത്തം ആത്മാവും ഉള്ളിലേക്ക് ആവാഹിച്ച ഗാനമായിരുന്നു അത്. ഇന്നും മലയാളികൾ നെഞ്ചോട് ചേർത്ത് ലാളിക്കുന്ന ‘മൗനം സ്വരമായ്’. മുകേഷിന്റെയും ജയറാമിന്റെയും പെർഫോമൻസും ഒപ്പം ഔസേപ്പച്ചന്റെ ഹൃദയ ഭേദകമായ പശ്ചാത്തല സംഗീതവും കൂടിയായപ്പോൾ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റാത്ത ഒരു മനോഹര ചിത്രമായി മാറി ആയുഷ്കാലം. സിനിമ കണ്ടവർക്കാർക്കും മറക്കാനാവില്ല ബെഞ്ചമിൻ ബ്രൂണോ എന്ന പൂച്ചക്കണ്ണൻ സായിപ്പിനെ. Gavin Packard എന്ന ഐറിഷ് വംശജനായ ഇന്ത്യാക്കാരനാണ് ബ്രൂണോ ആയി എത്തിയത്. ഹൃദയസ്പർശിയായ ഒട്ടേറെ കഥാമുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രം ഇന്നും ജയറാമിന്റെ മികച്ച പെർഫോമൻസുകളിൽ ഒന്നായി നിലനിൽക്കുന്നു.
10) വീണ്ടും ചില വീട്ടുകാര്യങ്ങൾ 

ജയറാമിന് ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊടുക്കുകയും ഹിറ്റുകൾ മാത്രം സമ്മാനിക്കുകയും ചെയ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. ലോഹിതദാസിന്റെ തിരക്കഥയിൽ ജയറാമിനെയും തിലകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1999 ൽ റിലീസായ ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. ജയറാം – തിലകൻ അപ്പൻ മകൻ കോമ്പിനേഷൻ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഭരതത്തിന് വേണ്ടി മോഹൻലാലിനെയും നെടുമുടി വേണുവിനെയും വച്ച് ചെയ്യാൻ ലോഹിതദാസ് അന്ന് തയ്യാറാക്കിയ തിരക്കഥ നടക്കാതെ വരികയും, പിന്നീട് ചില മാറ്റങ്ങളോടെ ജയറാമിനെയും തിലകനെയും വച്ച് ചെയ്തു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
സംയുക്ത വർമ്മയുടെ ആദ്യ ചിത്രം, മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം അവർക്ക് ലഭിച്ച സിനിമ അങ്ങനെ ഒട്ടേറെ കാരണങ്ങൾ കൊണ്ട് ഓർത്തിരിക്കുന്ന ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ.

ജോൺസൺ മാഷിന്റെ സംഗീതവും തിലകന്റെയും ജയറാമിന്റെയും മത്സരിച്ചുള്ള അഭിനയവും ചിത്രത്തിന്റെ മേന്മ കൂട്ടുന്നു.

ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും വീണ്ടും ചില വീട്ടുകാര്യങ്ങൾ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: