രണ്ടാം ആഴ്ചയിലും മികച്ച പ്രതികരണം നേടി ഷിബു|താരമായി കാർത്തിക്ക് രാമകൃഷ്ണൻ

ജൂലൈ 19 റിലീസുകൾക്കിടയിൽ തലയുയർത്തിക്കൊണ്ട് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ഷിബു… തലപുണ്ണാക്കാതെ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാവുന്ന സിനിമയാണ് ഷിബു… നായകൻ കാർത്തിക് രാമകൃഷ്ണന്റെ ഗംഭീര അഭിനയവും സിനിമക്ക് മുതൽക്കൂട്ടാവുന്നു..

കാർത്തിക് രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ഷിബു എന്ന യുവാവിന്റെ ജീവിതം ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. കടുത്ത ദിലീപ് ഫാൻ ആയ ഷിബുവിന്റെ ആഗ്രഹം എങ്ങനെയെങ്കിലും മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാവുക എന്നതാണ്. അതിനായി അവൻ നടത്തുന്ന ശ്രമങ്ങളും, തന്റെ ലക്ഷ്യത്തിൽ എത്താൻ അവനു നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളും ആണ് ചിത്രത്തിലൂടെ കാണിക്കുന്നത്. അതിനിടയിൽ കല്യാണി എന്ന ഒരു ലേഡി ഡോക്ടർ അവന്റെ ജീവിതത്തിൽ കടന്നു വരികയും ചെയ്യുന്നു.

പ്രണയവും തമാശയും നിറഞ്ഞ ആദ്യപകുതിയിൽ നിന്ന് കുറച്ചുകൂടി ഗൗരവമേറിയ വിഷയങ്ങളിലേക്ക് നീങ്ങുന്ന രണ്ടാംപകുതിയാണ് സിനിമയുടെ ജീവനെന്നു പറയാം. ആദ്യാവസാനം പ്രേക്ഷകർക്ക് വളരെ രസിച്ചു കാണാവുന്ന രീതിയിൽ തന്നെയാണ് അർജുൻ- ഗോകുൽ എന്നീ സംവിധായകർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രചയിതാക്കൾ എന്ന നിലയിലും സംവിധായകർ എന്ന നിലയിലും വളരെ മികച്ച രീതിയിൽ തന്നെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിട്ടുണ്ട് അർജുൻ- ഗോകുൽ ടീം. കോമഡിയും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം ചേർത്ത ഒരു പാക്കേജ് തന്നെയാണ് ഇവർ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്.

ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് ഷബീർ അഹമ്മദ് ആണ്. മികച്ച ദൃശ്യങ്ങൾ ചിത്രത്തിന് കൂടുതൽ ഭംഗി നൽകിയെന്ന് സംശയമില്ലാതെ തന്നെ പറയാം. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്കരൻ എന്നിവർ പകർന്നു നൽകിയ സംഗീതം മനോഹരമായിരുന്നു. നൗഫൽ അബ്ദുല്ല തന്റെ എഡിറ്റിംഗ് മികവ് കാഴ്ച വെച്ചതോടെ ചിത്രത്തിന്റെ സാങ്കേതിക മികവ് വർധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: