ആരാണിവൻ റോക്കി ഭായിയോ?| KGF നായകൻ യാഷിനെ വെല്ലുന്ന ലുക്ക് പിന്നാലെ കൂടി മലയാളികൾ

തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ തുടങ്ങിയ മേഖലകളില്‍ നിറഞ്ഞുനിന്ന ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനത്തിലും കൂടി കൈവെച്ചിരിക്കുകയാണ് ഇപ്പോള്‍. പതിനെട്ടാം പടിയിലൂടെയാണ് സംവിധാനമെന്ന മോഹം അദ്ദേഹം സാക്ഷാത്ക്കരിച്ചത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയായിരുന്നു ഈ സിനിമയുടെ റിലീസിനായി. കാത്തിരിപ്പുകള്‍ അവസാനിപ്പിച്ചെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അതിഥി താരങ്ങളായി അണിനിരന്നവര്‍ മാത്രമല്ല പുതുമുഖങ്ങളായെത്തിയവരും ഗംഭീര പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തത്. ഷൂട്ടിംഗിന് മുന്‍പ് റിഹേഴ്‌സല്‍ ക്യാംപ് നടത്തിയാണ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുത്തത്.

സിനിമയുടെ പോസ്റ്ററുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിച്ചിരുന്ന ചില സംശയങ്ങളുണ്ടായിരുന്നു. അഹാന കൃഷ്ണയ്‌ക്കൊപ്പമുള്ള കട്ടത്താടി വെച്ച താരം ആരാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. KGF താരമായ യാഷിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലായിരുന്നു താരമെത്തിയത്. മമ്മൂട്ടിയുടെ സഹോദരനായെത്തിയ ചന്തുനാഥിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. സിനിമ കണ്ടവരെല്ലാം അദ്ദേഹത്തിന്റെ പ്രകടനത്തിന് കൈയ്യടിച്ചിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം പതിനെട്ടാം പടിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.
അഭിറാം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ഹിമാലയത്തിലെ കശ്മലന്‍ എന്ന ചിത്രത്തിലൂടെയാണ് ചന്തുനാഥ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം സ്ലാംഗില്‍ സംസാരിക്കുന്ന ജോസ് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. തന്റെ കരിയറിലെ രണ്ടാമത്തെ സിനിമയാണ് പതിനെട്ടാം പടിയെന്ന് ചന്തു പറയുന്നു. ഇതാദ്യമായാണ് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്‍രെ ഭാഗമായത്. മമ്മൂട്ടിയുടെ സഹോദരനായ ജോയ് എന്ന കഥാപാത്രത്തെയാണ് പതിനെട്ടാം പടിയില്‍ അവതരിപ്പിച്ചത്. മമ്മൂട്ടിയെപ്പോലെ തന്നെയുള്ള ഹെയര്‍ സ്‌റ്റൈലുമായാണ് ചന്തുവും എത്തിയത്. അദ്ദേഹത്തിന്റെ സഹോദരന്റെ വേഷത്തിലെത്തിയ ഈ താരം ആരാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

പ്രത്യേകിച്ച് ആരുടേയും പിന്തുണയില്ലാതെ സ്വന്തം അധ്വാനത്തിലൂടെ സിനിമയില്‍ അരങ്ങേറണമെങ്കില്‍ കഠിന പ്രയത്‌നം തന്നെ ആവശ്യമാണ്. കുട്ടിക്കാലം മുതലേ തന്നെ താന്‍ വേദികളില്‍ സജീവമായിരുന്നു. യൂണിവേഴ്‌സിറ്റി മത്സരങ്ങളിലും തിളങ്ങിയിരുന്നു. സിനിമയിലെത്തുക എന്ന് തന്നെയായിരുന്നു അന്ന് മനസ്സില്‍ ഉണ്ടായിരുന്നത്. അധ്യാപകനായി ജോലി ചെയ്യുമ്പോളും മനസ്സില്‍ സിനിമാമോഹമായിരുന്നു. സിനിമയാണ് ലക്ഷ്യമെന്ന് ഉറപ്പിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ശമ്പളമില്ലാത്ത അവസ്ഥയൊക്കെ കടുത്ത മാനസിക സമ്മര്‍ദ്ദമായിരുന്നു നല്‍കിയത്. രണ്ടും ഒരുമിച്ച് കൊണ്ടുപോവാനാവില്ലെന്ന് മനസ്സിലായതിനെത്തുടര്‍ന്നാണ് ജോലി ഉപേക്ഷിക്കേണ്ടി വന്നതെന്നും താരം പറയുന്നു.

കര്‍ക്കശക്കാരനാണ്, ജാഡയാണ്, പെട്ടെന്ന് ദേഷ്യം വരും തുടങ്ങിയ കാര്യങ്ങളാണ് പൊതുവെ മമ്മൂട്ടിയെക്കുറിച്ച് കേട്ടിട്ടുള്ളത്. എന്നാല്‍ അടുത്ത് പരിചയപ്പെട്ടവരില്‍ പലരും ഇതെല്ലാം തെറ്റാണെന്ന് പറഞ്ഞിരുന്നു. ചന്തുവും ഇതേ അഭിപ്രായം തന്നെയായിരുന്നു പറഞ്ഞിരുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്. സഹോദരനായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് വലിയ ഭാഗ്യമാണ്. അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ശങ്കര്‍ സാറായിരുന്നു. ഒരേ പോലെയുള്ള കോസ്റ്റിയൂമില്‍ നില്‍ക്കുമ്പോള്‍ എന്റെ ചേട്ടനാണ് അദ്ദേഹം എന്ന ഫീല്‍ തോന്നിയിരുന്നു. അദ്ദേഹത്തിന്റെ അഭിനയവും ഫൈറ്റ് രംഗങ്ങളുമൊക്കെ നേരില്‍ കാണാനായതിന്റെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ചുറ്റും പ്രതിഫലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: