ദുൽകർ സൽമാന്റെ കരിയർ മാറ്റി മറിച്ച ഉസ്താദ് ഹോട്ടൽ | പിറന്നിട്ട് 7 വർഷം

ഒരു കോംപ്രമൈസിനും വഴങ്ങാത്ത ഒരു സിനിമ !!

ഒന്നും കോംപ്രമൈസ് ചെയ്യാത്ത ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ അൻവർ റഷീദിന് അഞ്ജലി മേനോൻ എഴുതികൊടുത്ത തിരക്കഥയുടെ അടിസ്ഥാനത്തിൽ ജനിച്ച സിനിമയാണ് ‘ഉസ്താദ് ഹോട്ടൽ’. ചില സിനിമകൾ നമ്മെ എന്റർറ്റെയിൻ ചെയ്യിക്കുമ്പോൾ മറ്റു ചിലത് ജീവിതത്തെക്കുറിച്ച് ഇരുത്തിചിന്തിപ്പിക്കും. എന്നാൽ ഇത് രണ്ടും രണ്ട് ലേയറാക്കി ഒരു സിനിമയിൽ തന്നെ പ്രേക്ഷകന് മുഷിപ്പിക്കാതെ കൊടുക്കുക എന്നത് പാടുള്ള ഒരു കാര്യമാണ്. പക്ഷേ അൻവർ റഷീദിനും അഞ്ജലി മേനോനും ഉസ്താദ് ഹോട്ടലിലൂടെ അത് സാധിച്ചു. മുഷിപ്പിച്ചില്ല എന്നുമാത്രമല്ല പ്രേക്ഷകനെ നന്നായി രസിപ്പിക്കാനും അവർക്ക് സാധിച്ചു. പക്ഷെ എങ്ങനെ? അതിനെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.

ഉപ്പയും മകനും, ഉപ്പൂപ്പായും പേരക്കുട്ടിയും, ഒരു ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മലബാറിലെ ഭക്ഷണത്തിന്റെയും സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ കാണിച്ചുതരുന്ന സിനിമയാണ് ഉസ്താദ് ഹോട്ടൽ. പൊതുവേ ഇത്രയും കാര്യങ്ങൾ ഒരു സിനിമയിൽ പറയാൻ ശ്രമിച്ചാൽ അത് ഒരു വേവാത്ത അവിയൽ പോലെ ആകാറാണ് പതിവ്. പക്ഷേ ഈ സിനിമയിൽ കഥയിലെ വൈവിധ്യങ്ങൾക്ക് വേണ്ടത്ര വേവും രുചിയും നൽകുന്നത് ഇവയെല്ലാം ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. അത് സൂഫിസമാണ്. സൂഫികളുടെ ഫിലോസഫിയാണ്. നൃത്തത്തെയും പ്രണയത്തെയും ഭക്ഷണത്തെയും സംഗീതത്തെയും ക്രിയേറ്റിവിറ്റിയെയും ആഘോഷിക്കണമെന്നും അതിലെല്ലാം ദൈവീകത കണ്ടെത്തണമെന്നുമുള്ള സൂഫി ഫിലോസഫിയാണ് ഈ സിനിമയുടെ തറക്കല്ല്.

കഥാപാത്രങ്ങൾ

നല്ല ഒരു സംവിധായകൻ സിനിമ പ്രേക്ഷകനെ കാണിച്ചു കൊടുക്കുകയല്ല വേണ്ടത്, മറിച്ച് അനുഭവിക്കുകയാണ് വേണ്ടത്. അതിന് കഥാപാത്രങ്ങൾക്ക് രൂപം മാത്രം ഉണ്ടായാൽ പോരാ, ആത്മാവ് കൂടി വേണം. ഉസ്താദ് ഹോട്ടൽ കണ്ടുകഴിയുമ്പോൾ കരീംക്കയും അബ്ദുൽ റസാഖും ഫൈസിയും ഷഹാനയും വെറും കഥാപാത്രങ്ങളായല്ല നമുക്ക് തോന്നുക. മറിച്ച് നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുള്ള, സംസാരിച്ചിട്ടുള്ള അവരിൽ ചിലരൊക്കെ എന്തുകൊണ്ടാണിങ്ങനെ എന്നു ചിന്തിച്ചിട്ടുള്ള ആളുകളെ പോലെയാണു തോന്നുക. ആ കഥാപാത്രങ്ങളെക്കുറിച്ച് നമുക്ക് അങ്ങനെ തോന്നാനുള്ള കാരണം ഒരു സാധാരണ മനുഷ്യനിൽ പൊതുവേ കാണുന്ന ഗുണങ്ങൾ ഇവർക്കൊക്കെ ഉണ്ട് എന്നതാണ്. കേരളത്തിലെ ഏതൊരു സാധാരണ അച്ഛനും ചെയ്യുന്ന കാര്യം തന്നെയാണ് അബ്ദുൽ റസാഖ് ചെയ്തത്. അയാൾക്ക് താനും കുടുംബവും പഴയ വെപ്പുകാരല്ല മറിച്ച് വലിയ നിലയിൽ എത്തിയിട്ടുള്ള ധനികരാണ് എന്ന് സമൂഹത്തിനു കാണിച്ചു കൊടുക്കാനാണ് ഇഷ്ടം. അങ്ങനെയാണ് സമൂഹം അയാളെ മാറ്റിയിട്ടുള്ളത്. എന്നാൽ ധനികനായി ജനിച്ചുവളർന്ന ഫൈസിയെ സംബന്ധിച്ചിടത്തോളം ഒരു ഫൈസ്റ്റാർ ഹോട്ടലിന്റെ മുതലാളി ആകുന്നത് ഒരു വലിയ കാര്യമല്ല, മറിച്ച് തനിക്ക് ഒരു വിലങ്ങായാണ് അവൻ അത് കാണുന്നത്. ഈ സിനിമയിലെ അധികം ചർച്ച ചെയ്യപ്പെടാതെപോയ, തിരക്കഥാകൃത്ത് സേഫ് ആയി പറഞ്ഞുവെച്ച കാര്യം മലബാറിലെ മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ്. സ്വന്തം കാലിൽ നില്ക്കാൻ ആഗ്രഹിക്കുന്ന, സ്വാതന്ത്ര്യത്തെ പ്രേമിക്കുന്ന ഷഹാനയിലൂടെ അതു കാട്ടിത്തരുന്നുണ്ട്. പുറത്ത് സാധാരണ വസ്ത്രമണിഞ്ഞ് പാട്ടു പാടി വന്ന് രാത്രി വീട്ടിലേക്ക് കയറുന്നതിനുമുമ്പ് പർദ്ദ അണിയുന്ന ആ സീനിലൂടെ സമൂഹത്തേക്കാൾ സ്വന്തം വീട് അല്ലെങ്കിൽ കുടുംബമാണ് സ്ത്രീകളെ തളച്ചിടാൻ ശ്രമിക്കുന്നത് എന്ന് കഥാകൃത്ത് പറയാൻ ആഗ്രഹിച്ചത്പോലെ തോന്നി.

പലരും തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള ഒരു പുണ്യാത്മാവല്ല ഈ സിനിമയിലെ തിലകന്റെ കഥാപാത്രമായ കരീംക്ക. മറിച്ച് മകനെ വേണ്ടരീതിയിൽ വളർത്തേണ്ട സമയത്ത് നാട് ചുറ്റിയ, തന്റെ തെറ്റിനെ തിരിച്ചറിഞ്ഞ, മറ്റുള്ളവരുടെ തെറ്റിനെ കുറ്റപ്പെടുത്താത്ത, അത് ഉൾക്കൊള്ളാൻ തയ്യാറാകുന്ന, താൻ നേടിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ ശാന്തമായ ഒരു മനസ്സിൻറെ ഉടമയായ വ്യക്തിയാണ് കരീംക്ക – കടലിനെപോലെ. കരീംക്കയുടെ മനസ്സിനുള്ളിലെ ആ ശാന്തതയെ കാണിക്കാൻ ആണെന്നു തോന്നുന്നു തിലകന്റെ മിക്ക സീനുകളിലും കടൽതീരത്ത് എടുത്തിട്ടുള്ളത്. എന്നാൽ ഫൈസിയെ സംബന്ധിച്ചിടത്തോളം കടൽ ശാന്തത എന്നതിലുപരി ഒരു അമ്മയുടെ റോള് ചെയ്യുന്നത് പോലെയാണ് തോന്നിയത്. വിഷമിക്കുന്ന പലഘട്ടങ്ങളിലും ഫൈസി ചെന്നിരിക്കുന്നത് കടൽത്തീരത്താണ്. കടലമ്മയോടു തൻറെ വിഷമങ്ങൾ പറയാൻ എന്നപോലെ.

കഥാപാത്രങ്ങളുടെ മാറ്റം

ഈ സിനിമയിൽ കഥാപാത്രങ്ങൾക്കു മാറ്റം സംഭവിക്കുന്നുണ്ട്. അത് വളരെ നാച്ചുറലായി പ്രേക്ഷകനെ അനുഭവിപ്പിക്കാൻ കഴിഞ്ഞതാണ് സംവിധായകൻറെ വിജയം. ഷെഫ് ആകാൻ ആഗ്രഹിക്കുന്ന, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഫൈസി നമ്മളെല്ലാവരെയും പോലെ സ്വന്തം കാര്യത്തിൽ കുറച്ച് സ്വാർത്ഥനാണ്. എന്നാൽ മധുരയിലെ അനുഭവം ഫൈസിയെ എങ്ങനെ ഭക്ഷണം പാകം ചെയ്യണം എന്നതോടൊപ്പം എന്തിന് എന്നുകൂടി പഠിപ്പിക്കുന്നുണ്ട്. അത് അവന്റെ ക്യാരക്റ്ററിൽ മാറ്റം വരുത്തുന്നുണ്ട്. തൻറെ കുടുംബാംഗങ്ങളെ അപേക്ഷിച്ച് വളരെ പ്രോഗ്രസ്സിവ് ആണെങ്കിലും തൻറെ ഭർത്താവ് ഒരു പാചകക്കാരൻ ആകുന്നത് തുടക്കത്തിൽ അംഗീകരിക്കാൻ ഷഹാനയ്ക്ക് കഴിയുന്നില്ല. എന്നാൽ ഫൈസിയെ കൂടുതൽ അടുത്തറിയുന്നതോടെ അവൾ അത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളായി മാറുന്നു. സമൂഹത്തിനുമുന്നിൽ വലിയ ആളാകാൻ ശ്രമിച്ചു, മകൻറെ ആഗ്രഹങ്ങളെ മനസ്സിലാക്കാത്ത അബ്ദുൽ റസാഖും ഒടുക്കം മാറുന്നുണ്ട്. ഇവരുടെയെല്ലാം മാറ്റങ്ങളുടെ പ്രത്യേകത എന്നത് അവയെല്ലാം വളരെ സ്വാഭാവികമാണ്. പെട്ടെന്ന് സംഭവിക്കുന്ന അടിമുടി മാറ്റമല്ല. മറിച്ച് അവരുടെ അടിസ്ഥാന വ്യക്തിത്വത്തിൽ മാറ്റം വരാതെയുള്ള സ്വാഭാവിക മാറ്റങ്ങളാണ്. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നത് പോലെ.

Beauty of the Frames

സിനിമ ഒരു ഭാഷയാണ്. പ്രേക്ഷകർക്ക് അതിൻറെ വ്യാകരണം മനസ്സിലായില്ലെങ്കിലും അത് ആസ്വദിക്കാൻ അവർക്ക് സാധിക്കും. അത് ആസ്വാദ്യകരമായ രീതിയിൽ തയ്യാറാക്കി കൊടുക്കേണ്ടത് സംവിധായകൻറെ കടമയാണ്. അങ്ങനെ ഉസ്താദ് ഹോട്ടലിനെ ആസ്വാദ്യകരമായ ഒരു സിനിമയാക്കാൻ അൻവർ റഷീദ് പല കാര്യങ്ങളും ചെയ്തിട്ടുണ്ട്.

ചലിക്കുന്ന ഫോട്ടോകൾ ആണല്ലോ സിനിമ. അതിലെ ഓരോ ഫോട്ടോയും എത്ര മനോഹരം ആകുന്നുവോ അത്ര മനോഹരമായിരിക്കും സിനിമയും. ചന്ദ്രൻറെ പശ്ചാത്തലത്തിൽ സുലൈമാനി ക്ലാസിലേക്ക് ഒഴിക്കുന്നതും ഹോട്ടലിലെ വിടവിലൂടെ കടൽത്തീരത്തെ കാഴ്ചകൾ കാണിച്ച് തരുന്നതും മരുഭൂമിയിലൂടെ ഒട്ടകങ്ങൾ പോകുന്നതടൊപ്പം സ്വർണം പോലെ തിളങ്ങുന്ന സൂര്യകിരണത്തെ കാണിക്കുന്നതും തുടങ്ങി ഒരുപാട് മനോഹരമായ ഫ്രെയിമുകൾ സിനിമയിലുടനീളമുണ്ട്. ഈ സിനിമയിലെ മറ്റൊരു മനോഹരമായ ഫ്രെയിമാണ് തിലകൻറെ പ്രണയത്തെ കുറിച്ച് പറയുന്ന സീൻ. ‘എൻറെ നെഞ്ചിൽ എന്തോ ഒന്ന് വല്ലാതെ പിടക്കാൻ തുടങ്ങി. അതുവരെ ഉണ്ടായതെല്ലാം ആ നിമിഷത്തിലേക്ക് വന്ന് നിന്നപോലെ’ എന്ന് തിലകൻ പറയുന്ന സീനിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും തിലകന്റെ ചെറുപ്പത്തിലെ ക്യാരക്ടർ ഒഴികെ മറ്റെല്ലാവരും സ്ലോമോഷനിൽ പുകയിൽ നീങ്ങുന്നതായി കാണാം. ഒരു ഫാന്റസിയുടെ എലമെന്റ് അതിൽ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അത് കൃത്യമായി സംവിധായകൻ ഉദ്ദേശിച്ച കാര്യം കൺവേയ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്.

ഇത് കൂടാതെ മറ്റു ചില പൊടിക്കൈകളും അൻവർ റഷീദ് ഉപയോഗിച്ചിട്ടുണ്ട്. ഓരോ സീനിലും എന്താണോ ഉദ്ദേശിക്കുന്നത് അത് അതിൻറെ ഫുൾ ഇൻറൻസിറ്റിയോട്കൂടി കാണിക്കാൻ സംവിധായകന് സാധിക്കണം. അതിന് വേണ്ടി അൻവർ റഷീദ് ഉപയോഗിച്ച് ചില കാര്യങ്ങൾ നമുക്ക് നോക്കാം. ജിഷ്ണുവിൻറെ മഹ്റൂഫ് ഫൈസിയോട് ദേഷ്യപ്പെടുന്ന രംഗം. ആ ദേഷ്യപ്പെടൽ പ്രത്യേകിച്ച് ഷഹാനയുടെ മുൻപിൽ വച്ച് കൂടി ആകുമ്പോൾ അത് ഫൈസിയെ ആവശ്യത്തിലധികം വേദനിപ്പിക്കുന്നുണ്ട്. പക്ഷേ അതോടൊപ്പം മഹ്റൂഫ് സ്പൂൺ പാത്രത്തിലേക്ക് എറിയുമ്പോൾ സോസ് ഫൈസിയുടെ മുഖത്ത് വീഴുന്നത് ആ സീനിന്റെ എഫക്ട് ഒരു നൂറു മടങ്ങ് കൂട്ടി എന്ന് പറയാം. അത് ഫൈസിയുടെ കണ്ണിലേക്ക് ഒലിച്ചിറങ്ങി, ആ നീറ്റൽ അനുഭവിച്ചു കൊണ്ട് തന്നെ അവൻ ഭക്ഷണം റെഡിയാക്കുന്നത് സംവിധായകൻ എന്താണോ ഉദ്ദേശിച്ചത് അത് അതിൻറെ ഫുൾ ഇന്റൻസിറ്റിയിൽ നമ്മിൽ എത്തിക്കാൻ പ്രാപ്തമായതാണ്. ഇങ്ങനെ സീനുകളുടെ ഇന്റൻസിറ്റി കൂട്ടാൻ ഉപയോഗിക്കുന്ന കാര്യങ്ങളെ നമുക്ക് ‘ഇന്റൻസിഫയർസ്’ എന്ന് വിളിക്കാം. ഫൈസിയും ഷഹാനയും ലോറികാരൻറെ കയ്യടിച്ച് ഓടി രക്ഷപ്പെടുന്ന സീനുണ്ട്. അതിൽ ഷഹാനയുടെ കയ്യിൽ നിന്ന് ബാഗ് താഴെ വീഴുന്നതും അത് എടുക്കാൻ വേണ്ടി ഫൈസിക്ക് തിരിച്ചു ഓടേണ്ടി വരുന്നതും ഒരു തരത്തിലുള്ള ഇന്റൻസിഫയർ ആണെന്ന് പറയാം. അതുപോലെ പേരിനു മാത്രം ഒന്നോ രണ്ടോ സീനിൽ വരുന്ന വില്ലനെ പരമാവധി ഇന്റൻസിറ്റിയോടെ കാണിക്കാൻ ലിഫ്റ്റിലെ കണ്ണാടി ഉപയോഗിക്കുന്നതും ഇങ്ങനെയുള്ള ഒരു പൊടിക്കൈ ആണ്.

ചുരുക്കത്തിൽ ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങളുള്ള, എന്റർടെയിന്മെന്റിൽ പൊതിഞ്ഞു ഒരു ഫിലോസഫിയെ കാണിച്ചുതരുന്ന, മനോഹരമായ പാട്ടുകളും ബാഗ്രൗണ്ട് സ്കോറുമുള്ള ഒരു ഫീൽ ഗുഡ് സിനിമ വളരെ വിരളമായേ വരാറുള്ളൂ. അങ്ങനെയുള്ള സിനിമകളുടെ കൂട്ടത്തിൽ പെടുന്ന one of the best സിനിമയാണ് അൻവർ റഷീദിന്റെ ‘ഉസ്താദ് ഹോട്ടൽ’.

Credit : Vrinda & Vivek Poonthiyil Balachandran| MOVIE STREET

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: