തരംഗമായി ‘നീ എൻ സർഗ്ഗ സൗന്ദര്യമേ’| ഈ ഷോർട്ട് ഫിലിം പിറന്നതെങ്ങനെ? |സംവിധായകൻ പറയുന്നു

യൂട്യൂബിൽ ട്രെൻഡ് ആയ ‘നീ എൻ സർഗ്ഗ സൗന്ദര്യമേ’ എന്ന ഷോർട്ട് ഫിലിമിന്റെ ജനനത്തെ പറ്റി അതിന്റെ സംവിധായകൻ ദിവാകൃഷ്ണ വിജയകുമാർ എഴുതിയ കുറിപ്പ് സോഷ്യൽ വൈറൽ ആകുന്നു

കാണാത്തവർക്ക് : https://youtu.be/EzMX8ti6whA

സിനിമയെ നെഞ്ചോട് ചേർത്ത് നടക്കുന്നവർക്ക് തീർച്ചയായും പ്രചോദനം ആണ്

ദിവാകൃഷ്ണയുടെ കുറിപ്പ് :-

2016 ലെ മഴയുള്ള ഒരു ദിവസം..
കവടിയാർ കോ ഓപ്പറേറ്റിവ് കോളേജിൽ ഇന്ദിര ടീച്ചറിന്റെ ക്ലാസ്സ് തകർക്കുകയാണ്..
മിഡിൽ ബെഞ്ചർമാരായ ഞാനും അഖിലേഷനും അനന്തനും വിഷ്ണുവും ലാലും ഷാബുവും ലിജുവും ആന്റോയും ഒക്കെയുണ്ട്.. ഞാൻ ആണേൽ പകൽ ക്ലാസ്സും, രാത്രി സെക്യൂരിറ്റി ജോലിയും ആയി ഉറങ്ങാൻ പറ്റാത്തത്തിന്റെ ക്ഷീണവും കൊണ്ടാണ് എന്നും ക്ലാസ്സിൽ വരുന്നത്.
ഉറങ്ങിയാൽ ടീച്ചർ പൊക്കി ചോദ്യം ചോദിക്കും, ഡിഗ്രി കഴിഞ്ഞു വന്നിരിക്കുന്ന പിള്ളേർ ആണെങ്കിലും സ്‌കൂൾ ആണെന്നാണ് ടീച്ചറുടെ വിചാരം.. 😁
അതുകൊണ്ട് ഉറക്കം വരാതിരിക്കാൻ മിച്ചർ തിന്നുക, റബർ ബാന്റിൽ പേപ്പർ വച്ച് അടിക്കുക, എന്നിങ്ങനെയുള്ള കലാപരിപാടികളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അഖിലേശൻ ഒരു കോമഡി പറയാം എന്ന മുഖവുരയോടെ അവന് അറിയുന്ന ഒരാളുടെ ജീവിതത്തിൽ നടന്ന ഒരു സംഭവം പറയുന്നത്. മറ്റുള്ളവർ അത് കേട്ട് ചിരിച്ചു വിട്ടപ്പോൾ ഞാൻ അവനോട് പറഞ്ഞു, ” എഡെയ് ഇത് കൊള്ളാം, നമ്മക്ക് ഇത് പടം ആക്കിയാലാ ? ”

അങ്ങനെ അതിനെ ഞാനൊരു കഥയാക്കി ഡെവലപ്‌ ചെയ്തു. സിനിമ മാത്രം ചർച്ച ചെയ്യുന്ന, എന്ത് കിട്ടിയാലും പരസ്പരം ഓടി വന്ന് പറയുന്ന ആ രണ്ടുപേരുടെ അടുത്തേക്ക് പോയി..
വിനേഷും, കൈലാഷും..
അവന്മാർക്ക് ഇഷ്ടമായി.. കൈലാഷിന് പ്രത്യേകിച്ചും.. അങ്ങനെ അവന് തന്നെ സ്ക്രിപ്റ്റ് എഴുതണം എന്ന് നിർബന്ധം.. അങ്ങനെ അവൻ എഴുതി, ഞാൻ അത് കൊണ്ടുപോയി മിനുക്കി, ജിബിൻ ചേട്ടനോട് കഥ പറഞ്ഞു.. എല്ലാം സെറ്റ്..

പതിവ് പോലെ സാമ്പത്തിക പരാധീനതകൾ കാരണം ഷൂട്ട് നീണ്ട് പോയി.. അങ്ങനെയിരിക്കെ കൈലാഷ് ഒരു ദിവസം വിളിച്ചു പറയുകയാണ് “ജിബിൻ അണ്ണന് നിന്റെ മേൽ ഒരു കോൺഫിഡൻസ് ഇല്ലടെ, ഇത് വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിക്കാം.. ” 😑
അത് കേട്ടത്തോട് കൂടി എന്റെ ഫുൾ കോണ്ഫിഡൻസും പോയി. പിന്നെ ഞാൻ അങ്ങോട്ടേക്ക് പോകാതായി, പല പല ജോലികൾക്ക് പോയി, ആ തിരക്കുകളിൽ അങ്ങനെ അങ്ങ് ചേർന്നു.. അങ്ങനെയിരിക്കെ കൈലാഷ് വീണ്ടും വിളിക്കുന്നു. ” പടം ചെയ്യുന്നില്ലെങ്കിൽ ഞാൻ ചെയ്യാം, അല്ലെങ്കിൽ വിനേഷിനെ കൊണ്ട് ചെയ്യിക്കാം, സ്ക്രിപ്റ്റ് താ.. നീ വച്ചോണ്ടിരുന്ന് ചെയ്യുകേം ഇല്ല.. ”

പൊതുവെ ‘നോ’ പറയാൻ ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാൻ. ഇതിന് മുന്നേ ഇങ്ങനെ പ്ലാൻ ചെയ്ത ഒരെണ്ണം ഞാൻ ചെയ്യാത്തത് കൊണ്ട് അത് എൻറെന്നു വാങ്ങി വിഷ്ണു ചെയ്തിരുന്നു.. അതുകൊണ്ട് തന്നെ വീണ്ടും ചെയ്യാൻ നിൽക്കുന്ന ഒരെണ്ണം വിട്ടുകൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല. ജീവിതത്തിൽ പറഞ്ഞിട്ടുള്ളതിൽ ഏറ്റവും വേദനയോട് കൂടിയ ഒരു ‘നോ’ ഞാൻ വിനേഷിനോട് പറഞ്ഞു, വേഗം തന്നെ ഫോണ് കട്ട് ചെയ്യുകയും ചെയ്തു. ശരിക്കും എന്നോ നഷ്ടപ്പെട്ട എന്റെ കോണ്ഫിഡൻസ് എനിക്ക് തിരിച്ചു കിട്ടിയത് അന്ന് ആയിരുന്നു.. നമ്മുടെ കയ്യിലെ സാധനത്തിന് ആവശ്യക്കാർ ഉണ്ട് എന്ന് മനസ്സിലാക്കി. ഇത് എന്തായാലും ഉടനെ ചെയ്യണം എന്ന് അന്ന് തീരുമാനിച്ചു.

മൂന്ന് മാസത്തിനുള്ളിൽ ഷൂട്ടിനുള്ള കാശ് സെറ്റ് ആക്കി, ക്യാമറമാൻ സെറ്റ് ആയി. ബാല്യകാല സുഹൃത്താണ്, “കല്യാണങ്ങൾ ഒക്കെയെ ചെയ്തിട്ടുള്ളൂ ഡെയ്.. ഇതൊക്കെ ഞാൻ ചെയ്താൽ ശെരിയാവുമോ? ” എന്ന് ചോദിച്ച പ്രശാന്തിനെ ധൈര്യമായി ക്യാമറ ഏൽപ്പിച്ചു.
ഷൂട്ട് പ്ലാൻ ചെയ്തു.
പ്രളയം.. !

മാറ്റി വച്ചു..
ഒക്ടോബറിൽ ഷൂട്ട് തുടങ്ങി..
2 ദിവസം ഷൂട്ട് ചെയ്തു. ലോഡ്ജ് സീനുകൾ എഡിറ്റിംഗ് ടേബിളിൽ കണ്ട കൈലാഷ് ചീത്ത വിളിച്ചു..

റീഷൂട്ട്.
ഒരിക്കൽ ഷൂട്ടിനുള്ള കാശ് ഒപ്പിച്ച പാട് എനിക്ക് അറിയാം.. അങ്ങനെ വീണ്ടും പലരുടെ കയ്യിൽ നിന്നായി കാശ് സെറ്റ് ചെയ്തു, ബാക്കി ഷൂട്ട് ചെയ്തു, കൈലാഷ് എഡിറ്റ് ചെയ്ത്, വിഷ്ണുവിനെ മ്യൂസിക് ചെയ്യാൻ ഏല്പിച്ചപ്പോഴേക്കും ഏപ്രിൽ ആയി.. വിഷ്ണുവിനെക്കൊണ്ട് മാറ്റി മാറ്റി ചെയ്യിച്ച് ചെയ്യിച്ച് ബുദ്ധിമുട്ടിപ്പിച്ചു, ഞാൻ തിരുവനന്തപുരത്തൂന്ന് പാലക്കാട് അവന്റെ വീട് വരെ പോയി. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ. അന്നത്തെ ദിവസം ആകെ അവന്റെ അമ്മ ഉണ്ടാക്കി തന്ന മാഗിയും കഴിച്ചു, അവനെക്കൊണ്ട് കൂടെയിരുന്നു പണിയെടുപ്പിച്ചു, ഇന്ന് കാണുന്ന ലെവലിലേക്ക് മ്യൂസിക് എത്തിച്ചു..

മ്യൂസിക് ഇട്ട് കണ്ടപ്പോൾ ലാഗ് അടിച്ച കാരണം വീണ്ടും ട്രിം ചെയ്യാൻ തീരുമാനിച്ചു. കൈലാഷ് അയ്യപ്പൻ ചേട്ടന്റെ കൂടെ എഡിറ്റിന് പോയ കാരണം അനന്തുവിനെയും, ശരണിനെയും കൊണ്ട് ട്രിം ചെയ്യിച്ചു.

വീണ്ടും വിഷ്വൽ ട്രിം ചെയ്ത കാരണം അഖിലിനെ കൊണ്ട് സൗണ്ട് വീണ്ടും ചെയ്യിക്കേണ്ടി വന്നു..
അശ്വന്തിനെ കൊണ്ട് കളറും, ടൈറ്റിലും ചെയ്തു..

അങ്ങനെ എല്ലാം കഴിഞ്ഞ് ഒടുവിൽ.. ഞായറാഴ്ച പ്രീവ്യൂ, ഇന്നലെ യൂടൂബ് റിലീസ്, എല്ലാർക്കും നല്ല അഭിപ്രായം..
ഇതൊക്കെ കാണുമ്പോൾ ഉണ്ടല്ലോ എന്റെ ഇന്ദിര ടീച്ചറെ.. നിങ്ങൾ അന്ന് ക്ലാസ്സിൽ കേറിയില്ലായിരുന്നു എങ്കിൽ എന്റെ ഈ പടമേ നടക്കില്ലായിരുന്നു.. 🙏🏻😁 😂
Thank you so much 😘😘🙏🏻

തന്റെ ഷോർട്ട് ഫിലിമിന് ലഭിച്ച വൻ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: