ഹോർമോൺ തകരാറുള്ള ഇടം കാലിൽ മാന്ത്രികത ഒളിപ്പിച്ചു വെച്ച് മെസ്സി പിറന്ന് വീണിട്ട് ഇന്നേക്ക് 32 വർഷം

ദക്ഷിണ അറ്റ്ലാന്റിക്കിന് മുകളിലൂടെ ആ വിമാനം ശരവേഗത്തിൽ കുതിക്കുകയാണ്. LVIRQ എന്ന് രെജിസ്ട്രേഷൻ നൽകപ്പെട്ട ആ ഗൾഫ് സ്ട്രീം G550 എന്ന അത്യാധുനിക ആഡംബര വിമാനം സ്പെയിനിലെ ബാഴ്‌സലോണയുടെ മണ്ണിൽ നിന്നും അർജന്റീനയിലെ റൊസാരിയോയിലേക്ക് പതിമൂന്നര മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന യാത്രയിലാണ്. പിൻനിരയിലെ സീറ്റിൽ അയാൾ ചാരിയിരിക്കുന്നുണ്ട്. ഭാര്യയും അമ്മയും കുട്ടികളും അടങ്ങുന്ന യാത്രാ സംഘം എത്ര ദൈർഘ്യമേറിയ യാത്രയെയും ഉന്മേഷമുളവാക്കുന്നവയാണ്. അവരുടെ കളിചിരികൾ കണ്ടു കൊണ്ട് അയാൾ സീറ്റിൽ ചാരിക്കിടന്നു. ഏറെ ക്ഷീണിതനായിരുന്നു അയാൾ. ഒരു വർഷക്കാലം നീണ്ടു നിന്ന ഫുട്ബോൾ സീസൺ അയാളെ സ്വാഭാവികമായും ഏറെ തളർത്തിയിരുന്നു. അലസമായ ആ ഇരിപ്പ് പതിയെ അയാളെ ഒരു മയക്കത്തിലേക്ക് തള്ളിയിട്ടു. പതിയെ അയാൾ ഒരു സ്വപ്നത്തിലേക്ക് ആഴ്ന്നിറങ്ങി…

” 1987 ലെ ഒരു ജൂൺ 24. ജോർജ് മെസ്സി എന്ന ഫാക്ടറി തൊഴിലാളിക്കും സെലിയ കുസിറ്റിനി എന്ന അയാളുടെ ഭാര്യക്കും ഈ സന്തോഷമുള്ള ദിവസമാണ് ഇന്ന്. തങ്ങൾക്ക് ഒരു മകൻ പിറന്നിരിക്കുന്നു. വെളുത്തു തുടുത്ത ഒരു സുന്ദരൻ കുഞ്ഞ്. അവരുടെ മൂന്നാമത്തെ മകൻ ആയിരുന്നു അത്‌. ഇറ്റലിയിൽ നിന്നും കാറ്റാലോണിയയിൽ നിന്നും പണ്ട് കുടിയേറിപാർത്ത ആ കുടുംബത്തിൽ സന്തോഷം നിറഞ്ഞ നാളുകളിൽ അവൻ വളർന്നു. മുത്തശ്ശിയായിരുന്നു അവന്റെ എല്ലാമെല്ലാം. ചെറുപ്രായത്തിലും അവന്റെ കുസൃതികൾക്ക്‌ കൂട്ടുനിന്ന മുത്തശ്ശി തന്നെയായിരുന്നു അവനെ ഫുട്ബോൾ കളിക്കാൻ ഏറ്റവും പ്രേരിപ്പിച്ചതും ഫുട്ബോൾ കളങ്ങളിലേക്ക് കൊണ്ട് പോയിരുന്നതും. നാലാം വയസ്സിൽ അവൻ ആദ്യമായി ഒരു ക്ലബിൽ കളിക്കാൻ ആരംഭിച്ചു. അവിടത്തെ ലോക്കൽ ക്ലബ് ആയ ഗ്രാൻഡോലിയിൽ അച്ഛന്റെ ശിഷ്യണത്തിൽ. കേവലം രണ്ട് വർഷത്തിനപ്പുറം റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സ് എന്ന പ്രശസ്തമായ ക്ലബ്ബിലേക്ക് പ്രവേശനം നേടി. അവിടെ ചിലവഴിച്ചത് ആറു വർഷങ്ങൾ. പക്ഷെ ഇക്കാലയളവിൽ നേടിയത് അഞ്ഞൂറിലേറെ ഗോളുകൾ. സന്തോഷപ്രദമായി പോയിരുന്ന ആ ജീവിതത്തിലേക്ക് വഴിത്തിരിവുകൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

പത്താം വയസ്സിലാണ് ആ കുടുംബം ആ വാർത്ത അറിഞ്ഞത്. തങ്ങളുടെ പൊന്നോമന പുത്രന് അവന്റെ വളർച്ച മുരടിപ്പിച്ചേക്കാം എന്ന നിലയിലുള്ള ഹോർമോൺ കുറവുണ്ടെന്ന് കണ്ടെത്തി. ലോകത്ത് ഏതൊരച്ഛനെയും തളർത്തുന്ന ഒരു വാർത്ത. തന്റെ മകനായി ഏതറ്റം വരെ പോകാനും ജോർജ് മെസ്സി തയ്യാറായിരുന്നു. പക്ഷെ കേവലം ഒരു ഫാക്ടറി തൊഴിലാളി ആയ അയാൾക്ക്‌ പരിമിതികൾ ഉണ്ടായിരുന്നു. പ്രതിമാസം പ്രതിമാസം ആയിരത്തിലേറെ ഡോളർ ചിലവ് വരുന്ന ചികിത്സ അയാൾക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒപ്പം അവൻ ജീവന് തുല്യം സ്നേഹിച്ച മുത്തശ്ശി മരണപ്പെട്ടതോടെ ആ കുഞ്ഞ് തളർന്നു. എങ്കിലും നല്ല ഒരു നാളെക്കായി അവനും അവന്റെ കുടുംബവും ശ്രമം ആരംഭിച്ചു.

ഒരു ചെറുകിട ക്ലബ് ആയിരുന്ന ന്യൂവെൽസ് ഓൾഡ് ബോയ്സിന് മെസ്സിയുടെ ചികിത്സ താങ്ങാവുന്നതിലുമപ്പുറമായിരുന്നു. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവർ അവനെ കയ്യൊഴിഞ്ഞു. അർജന്റീനയിലെ എക്കാലത്തെയും മികച്ച ക്ലബുകളിൽ ഒന്നായ റിവർ പ്ലേറ്റും ആ കുരുന്നിലെ അദ്‌ഭുദത്തെ കണ്ടിരുന്നെങ്കിലും, സാമ്പത്തികമായി അരക്ഷിതാവസ്ഥയിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്ന ആ രാജ്യത്തു അവർക്കും ചികിത്സാ ചിലവ് ഏറ്റെടുക്കാൻ നിർവാഹമില്ലാതെ ഒഴിയേണ്ടി വന്നു. ആ കുരുന്നിന്റെ കണ്ണുകളിലെ പ്രകാശം മങ്ങുകയായിരുന്നു. ഇരുട്ട് പരക്കുകയായിരുന്നു. എങ്കിലും ആ കുരുന്നു സ്വപ്‌നങ്ങൾ കണ്ടു. രോഗം ഭേദമായി ഫുട്ബാളിലേക്ക് താൻ തിരികെയെത്തുമെന്ന് അവൻ വിശ്വസിച്ചു. അയൽ രാജ്യമായ ബ്രസീലിലെ റൊണാൾഡോ എന്ന ഇതിഹാസം ചരിത്രങ്ങൾ തിരുത്തിക്കുറിക്കുന്നത് കണ്ട് ഒരു നാൾ അയാളോടൊപ്പം താനും വളരുമെന്ന് അവൻ സ്വപ്നം കണ്ടു.

ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് മുൻപിൽ സാധ്യമാകാത്ത ഒന്നുമില്ലെന്ന് ഒരിക്കൽ കൂടി ബോധ്യമായി. കാറ്റലോണിയയിലെ ചില ബന്ധുക്കളുടെ സഹായത്താൽ അവൻ സ്പാനിഷ് ഫുട്ബോൾ ഭീമന്മാരായ എഫ്. സി ബാഴ്‌സലോണയിൽ ഒരു ട്രയൽ നടത്താൻ അവസരം ലഭിച്ചു. ട്രയൽസിൽ ഏറെ മികവ് പുലർത്തിയെങ്കിലും ബാഴ്‌സലോണ അൽപ്പം ശങ്കിച്ചു നിന്നു. കാരണം ഇത്രയും ചെറിയ ഒരു കുരുന്നിന്‌, അതും രോഗാവസ്ഥയിൽ കരിയർ പോലും സാധ്യമാവുമോ എന്ന ആശങ്കയിൽ കഴിയുന്ന ഒരു കുട്ടിക്ക് ഒരു കോൺട്രാക്ട് നൽകണമോ എന്ന സന്ദേഹം ബാഴ്‌സലോണ ഡയറക്ടർമാർക്ക് ഉടലെടുത്തു. ഒടുവിൽ രണ്ടായിരമാണ്ട് ഡിസംബർ 14 ന് അവർ ആ കുട്ടിയുമായി ഒരു കരാറിലെത്തി. ഒപ്പിടാൻ ഒരു പേപ്പർ കിട്ടാതെ പോയതിനാൽ കയ്യിൽ കിട്ടിയ ഒരു നാപ്കിനിൽ ഒരു ചരിത്രം തുടക്കം കുറിച്ചു. അങ്ങനെ ആ കുട്ടി ലോകപ്രശസ്തമായ ബാഴ്‌സലോണയുടെ യൂത്ത് അക്കാദമി ആയ ലാ മാസിയയിലേക്ക് കാലെടുത്തു വെച്ചു.

വളർച്ച മുരടിച്ചവന്റെ ദ്രുതഗതിയിൽ ഉള്ള വളർച്ചയായിരുന്നു പിന്നെ ലോകം കണ്ടത്. മൂന്ന് വർഷം നീണ്ടുനിന്ന അക്കാദമി ജീവിതത്തിന് ശേഷം അവൻ പതിയെ ഉയരങ്ങൾ കീഴടക്കാൻ ആരംഭിച്ചു. ഫ്രാങ്ക് റൈക്കാർഡ് എന്ന പരിശീലകൻ അവനെ ഫസ്റ്റ് ടീമിലേക്ക് സ്വാഗതം ചെയ്തു. സീനിയർ സ്‌ക്വാഡിനൊപ്പമുള്ള ആദ്യത്തെ ട്രെയിനിങ് സെഷന് ശേഷം വിഖ്യാത കളിക്കാരൻ റൊണാൾഡീഞ്ഞോ സഹകളിക്കാരോട് പറഞ്ഞത് ഈ പയ്യൻ ഒരിക്കൽ തന്നേക്കാളും വലിയവനായിത്തീരും എന്നായിരുന്നു. ഫുട്ബാളിൽ അത്ഭുദങ്ങൾ ഏറെ കാഴ്ചവെച്ച ആ മാന്ത്രികന്റെ പ്രവചനങ്ങൾ തെറ്റിയില്ല. തന്റെ ഇളയ സഹോദരനെ പോലെ ആ യുവാവിനെ കണ്ട റൊണാൾഡീഞ്ഞോ തന്നെ അവന്റെ ആദ്യ ഗോളിന് അസിസ്റ്റും നൽകി. കാമ്പ് ന്യൂവിന്റെ മണ്ണിൽ നേടിയ ആ ഗോളിന് ശേഷം ആ യുവാവിനെ തന്റെ മുതുകിൽ കയറ്റി റൊണാൾഡീഞ്ഞോ ലോകത്തിന് കാണിച്ചു കൊടുത്തു, ഇനി ആരാണ് ലോകം ഭരിക്കാൻ പോകുന്നതെന്ന്.!

വരാനിരിക്കുന്ന ഒരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു ആ ഗോൾ. യൂറോപ്പിൽ ആകമാനം അലയടിച്ച ആ കാറ്റിൽ തകർന്നു വീണത് ദശാബ്ദങ്ങൾ പഴക്കമുള്ള റെക്കോർഡുകൾ ആയിരുന്നു. ആ പ്രകമ്പനങ്ങളിൽ കുലുങ്ങിയത് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരായിരുന്നു. തങ്ങളുടെ കണ്മുൻപിൽ ജാലവിദ്യകൾ കാഴ്ച വെക്കുന്ന കലാകാരനെ ആദ്യം ആശ്ചര്യത്തോടെയും പിന്നീട് ആരാധനയുടെയും അവർ നോക്കിക്കണ്ടു. എതിരാളികൾ ഭയത്തോടെയും. ഗോളുകൾ കൊണ്ട് അവൻ കൊട്ടാരം പണിയാൻ ആരംഭിച്ചു. ആ കൊട്ടാരത്തിൽ കിരീടങ്ങളും അവൻ എത്തിച്ചു. അതിന് വേണ്ടി അവൻ നടത്തിയ യുദ്ധങ്ങൾ ലോകം അവിശ്വസനീയതയോടെ കണ്ടു നിന്നു. കേവലം ഒരു യുവാവിൽ നിന്നും അവനെ ഒരു യുവരാജാവായി ലോകം വാഴ്ത്തി തുടങ്ങി. തന്റെ കൂടെ അണിനിരന്ന യോദ്ധാക്കൾക്കൊപ്പം അവൻ യുദ്ധങ്ങൾ തുടരെ നടത്തി. എതിരാളികളുടെ കോട്ടകളിൽ പോലും അവൻ നിർഭയം മുന്നേറി. പലകുറി അവൻ പരാജയം രുചിച്ചു. ഓരോ തവണയും മുറിവേൽക്കുമ്പോഴും വർദ്ധിത വീര്യത്തോടെ അവൻ പിന്നെയും പട നയിച്ചു. ഫുട്ബോൾ ലോകം അവന്റെ കാൽക്കീഴിലേക്ക് ചുരുങ്ങാൻ തുടങ്ങി.

ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഏറ്റവും ഉന്നതമായ അവാർഡ് ” ബാലൺ ഡി ഓർ ” 2009 ൽ അവനെ തേടിയെത്തി. എങ്കിലും അവന്റെ വിജയതൃഷ്ണയെ തണുപ്പിക്കാൻ അതിനുമായില്ല. ഒരിക്കൽ ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം സഫലമാക്കാൻ ഒരു വലിയ രോഗത്തോട് പടപൊരുതിയ പത്തു വയസ്സുകാരന്റെ ദൃഢനിശ്ചയം കൂടുതൽ ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ അവനെ വീണ്ടും പ്രേരിപ്പിച്ചു. ബാഴ്‌സലോണയുടെ ഷെൽഫുകൾ അവനും അവന്റെ പോരാളികളും ചേർന്ന് നിറച്ചു കൊണ്ടിരിക്കുന്നു. ഇന്ന് അവൻ കേവലം ഒരു മനുഷ്യനല്ല. ലോകം മുഴുവൻ ആരാധകരുള്ള ഒരു പ്രതിബിംബമാണ്. ലോകത്തെ ഏറ്റവും മികവുറ്റ കളിക്കാരനാണ്, ഏറ്റവും വിലയേറിയ മനുഷ്യരിൽ ഒരാളാണ്, ലോകത്തെ ഏറ്റവും മൂല്യമേറിയ കായിക താരമാണ്. എല്ലാത്തിലുമുപരി ആരാധകർക്ക് അയാൾ വിലമതിക്കാനാവാത്ത വികാരമാണ്. ചിലർക്ക് അവൻ ദൈവമാണ്. ചിലർക്ക് മിശിഹാ ആണ്, മറ്റ് ചിലർക്ക് മാലാഖയാണ്, എതിരാളികൾക്ക് ചെകുത്താനുമാണ്.

ക്ലബ് തലങ്ങളിൽ നേട്ടങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിച്ചു കൊണ്ട് മുന്നേറുമ്പോഴും സ്വന്തം നാടിനെ അയാൾ മറന്നില്ല.പോറ്റമ്മയായ സ്പെയിനിന്റെ ക്ഷണം നിരസിച്ചു കൊണ്ട് ഉദയസൂര്യന്റെ മുഖമുള്ള വെള്ളയും നീലയും ഇടകലർന്ന പതാക അയാൾ കയ്യിലേന്തി. പ്രതാപകാലത്തെ സ്മരണകൾ മാത്രമായി പോകുമായിരുന്ന ഒരു രാജ്യം അയാളുടെ ചുമലിലേറി സ്വപ്‌നങ്ങൾ നെയ്യാനാരംഭിച്ചു. ഒളിമ്പിക്സ് സ്വർണ്ണമെഡലോടെ ആരംഭിച്ച പ്രയാണം ഇപ്പോഴും തുടരുന്നു. പലപ്പോഴും ആ ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയ അയാൾ അവരെ കിരീടങ്ങളുടെ വാതിൽപ്പടി വരെ എത്തിച്ചു. പക്ഷെ ലോക കിരീടത്തിന്റെ തൊട്ടുമുൻപിൽ അയാളുടെ കാലുകൾ ഇടറി. ആ രാജ്യത്തിന്റെയും. പരിഹാസശരങ്ങളുമായി ചുറ്റും കൂടിയ വിമർശകർക്കിടയിലൂടെ അയാൾ ആ രാജ്യത്തെ പിന്നെയും ഫൈനലുകളിലേക്ക് വലിച്ചിഴച്ചു. പിന്നെയും രണ്ട് വട്ടം അവർ കിരീടം കൈവെള്ളയിൽ നിന്നും താഴെയിട്ടു. തന്റെ രക്തത്തിനായി ദാഹിക്കുന്ന എതിരാളികൾക്ക് മുൻപിൽ അയാൾ അപഹാസ്യനായി നിന്നു. സ്വന്തം ഭൂഖണ്ഡത്തിൽ പോലും മികവ് തെളിയിക്കാനാവാത്ത ഒരു ടീമിനെ റഷ്യൻ ലോകകപ്പിലെത്തിക്കാൻ അയാൾ പടവെട്ടിയത് ക്വിറ്റോയിലെ 9000 അടി ഉയരത്തിലായിരുന്നു. ഒടുവിൽ റഷ്യൻ ലോകകപ്പിൽ നിന്നും വെറും കയ്യോടെ മടങ്ങുമ്പോഴും രാജ്യത്തിനായി ഒരു കിരീടം നേടാൻ അയാൾ പൊരുതുകയാണ്. ഇന്നും നിലക്കാത്ത ശ്രമങ്ങൾ… ”

അയാൾ പതിയെ കണ്ണ് തുറന്നു. സ്വപ്നത്തിൽ നിന്നും ഉണർന്നു. ഭാര്യയും മക്കളും ഇപ്പോൾ ഉറക്കത്തിലാണ്. വിമാനം റൊസാരിയോവിലേക്ക് അടുക്കുകയാണ്. അവിടെ തന്നെ കാത്തിരിക്കുന്ന മറ്റൊരു അഗ്നിപരീക്ഷണം അയാളുടെ മനസ്സിലൂടെ കടന്ന് പോയി. വിമാനമിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ അയാളെ കാത്തു ഒട്ടനവധി ആളുകൾ തിക്കി തിരക്കി നിൽക്കുന്നുണ്ട്. ഈ കാഴ്ച അയാൾ പലപ്പോഴും കണ്ടിട്ടുണ്ട്. അവരുടെ കൈകളിൽ ബാഴ്‌സലോണയുടെയും അർജന്റീനയുടെയും പത്താം നമ്പർ ജേഴ്‌സി ഉണ്ടായിരുന്നു. അത് ഫുട്ബോൾ ലോകം വെട്ടിപ്പിടിച്ച അമാനുഷികനെന്നു തോന്നിപ്പിച്ച മനുഷ്യന്റേതാണ്, ലോകം ആരാധിക്കുന്ന ആ പോരാളിയുടേതാണ്, ഇല്ലായ്മ്മയിൽ നിന്നും രോഗങ്ങളിൽ നിന്നും പടപൊരുതി ലോകം വെട്ടിപ്പിടിച്ച വിജയിയുടേതാണ്. കൂട്ടത്തിൽ കണ്ട ഒരു ബാലന്റെ അടുക്കലേക്ക് അയാൾ ചെന്നു. അത്ഭുദത്തോടെയും ആഹ്ലാദത്തോടെയും നിൽക്കുന്ന ആ ബാലന്റെ കയ്യിൽ നിന്നും ജേഴ്‌സി വാങ്ങി അതിൽ ഒരു ഒപ്പുമിട്ട് പുഞ്ചിരിയോടെ അയാൾ നടന്നകന്നു. പക്ഷെ ആ ജേഴ്‌സിയിൽ മുദ്രണം ചെയ്യപ്പെട്ട പേരും അയാൾ ഒപ്പു വെച്ച പേരും ഒന്നായിരുന്നു… മെസ്സി… അഥവാ ലയണൽ ആന്ദ്രെസ് മെസ്സി…!!!

ലോകം കണ്ട ഏറ്റവും മികച്ച കാൽപ്പന്ത് കളിക്കാരന്, നമ്മുടെ സ്വന്തം ലയണൽ മെസ്സിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ…

Credit- ©www.culesofkerala.com

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: