എന്താണ് മാമാങ്കം? മലയാളത്തിലെ ബാഹുബലി |ഫസ്റ്റ് ലുക്ക്‌ പുറത്ത്

മാമാങ്കത്തെ ആസ്പദമാക്കി മലയാളത്തിൽ വൻ ബഡ്ജറ്റിൽ അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു

കുടിപ്പകയുടെ മാമാങ്കം
===========================

നിളയുടെ ആഴിപ്പരപ്പിന്റെ ആഴവുമളന്ന് സ്വന്തം ചോരയ്ക്ക് കണക്കെഴുതാന്‍ പുറപ്പെട്ട ചേതനയറ്റ ഈ യോദ്ധാക്കളുടെ വലിയ പടനായകന്‍,ചന്ത്രത്തില്‍ ചന്തുണ്ണി.എട്ടു നൂറ്റാണ്ടുകളുടെ തീരാപ്പകയും ശിരസ്സിലേറ്റിയ പടനായകന്റെ നെഞ്ചില്‍ തറച്ച കത്തിയും, ചേതനയറ്റ കാലുകളും മരണത്തിന്റെ ഗന്ധം എന്നിലേക്കടുപ്പിക്കുന്നു.ജീവന്റെയീയവസാന തുടിപ്പിലും എന്റെ കണ്ണുകള്‍ ഈറനണിയില്ല.കലങ്ങിയ കണ്ണുകളോടെയാണ് സാക്ഷാല്‍ ചന്ത്രത്തില്‍ ചന്തുണ്ണി മരണത്തിനു കീഴ്പ്പെട്ടതെന്ന്‍ എന്റെ പുത്രനറിഞ്ഞാല്‍ ഒരുപക്ഷെ സാമൂതിരിയുടെ ജീവന്‍ ഇനിയുമൊരു വ്യാഴവട്ടത്തിനപ്പുറം നീട്ടിക്കിട്ടിയേക്കാം!! അത് പാടില്ല !! വെള്ളാട്ടരിയുടെ സീമന്തനായി, തിരുമാന്ധാംകുന്ന് ദേവിയുടെ അനുഗ്രഹാശസ്സുകളുമായി ഈ നിലപാട് തറയിലെ സാമൂതിരിയുടെ അധീശത്വം ഈ മാഘമാസത്തോടെ ഒടുങ്ങണം.നിമിഷങ്ങള്‍ക്കപ്പുറം ഒരു വാള്‍തലയില്‍ നിന്നുതിരുന്ന പ്രതിധ്വനിയില്‍ ഈ പടനായകന്‍ മരണത്തിനു കീഴടങ്ങിയേക്കാം.വെള്ളാട്ടരിയുടെ കല്‍പനകള്‍ പാലിക്കാനാകാതെ മണ്ണോടു ചേര്‍ന്ന എന്റെ മുന്‍ഗാമികള്‍ക്കും, തിരുമാന്ധാംകുന്ന് ആദിപരാശക്തിക്കും നല്‍കിയ വാക്കുകള്‍ പാലിക്കാനായില്ലെന്ന ഖേദമുണ്ടെങ്കിലും സാമൂതിരിയുടെ ചുടുചോര ചിന്തിയ എന്റെ വാള്‍മുനയിലുള്ള അഭിമാനം മരണത്തിന്റെ കൊടും ശൈത്യത്തിലും എനിക്കു ചൂട് പകരുന്നു……

അതെ….!!!! മാമാങ്കമഹോത്സവ ചരിത്രത്തിലാദ്യമായി സാമൂതിരിയുടെ ചോര നിളയുടെ മണല്‍തരികള്‍ക്കാഹാരമായി നല്‍കിയ ചന്ത്രത്തില്‍ ചന്തുണ്ണിയാണ് ഞാന്‍…..സാക്ഷാല്‍ ചെങ്ങഴി നമ്പ്യാര്‍ക്ക് യുഗപുരുഷനെന്ന പട്ടം മനസ്സില്‍ ചാര്‍ത്തി നല്‍കി പടപൊരുതാനുറച്ചു ഈ മണ്‍തരികളില്‍ ചുവടുറപ്പിച്ച ചന്ത്രത്തില്‍ ചന്തുണ്ണി.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നിലപാട് തറയില്‍ നിന്നും തിരുന്നാവായയ്ക്ക് പുറപ്പെടുമ്പോള്‍ എന്റെ സഹയാത്രികരിലാരിലുംതന്നെ ഭയത്തിന്റെ ചാഞ്ചല്യങ്ങള്‍ മിന്നി മായുന്നത് ഞാന്‍ കണ്ടില്ല.പകയുടെ, പ്രതികാരത്തിന്റെ അലയൊലികള്‍ മാത്രം അവരുടെ മുഖങ്ങള്‍ എനിക്ക് സമ്മാനിച്ചുകൊണ്ടിരുന്നു.അമ്മയുടെ മുലപ്പാലില്‍ തുടങ്ങി നാഡീഞരമ്പുകളില്‍ വരെ നുരയ്ക്കുന്ന പകയെന്ന വികാരത്തെ എന്റെ സഹയാത്രികരും പേറുന്നുവെന്ന തിരിച്ചറിവ് നല്‍കിയ ആത്മവിശ്വാസത്തിന്റെ പരിണിതഫലമാണ് ആയിരത്തോളം തലകള്‍ കൊയ്ത് സാമൂതിരിയുടെ രക്തം ചിന്തുകയെന്ന,അപ്രാപ്യമെന്ന്‍ വിശ്വസിച്ചുപോരുന്ന,ഉദ്യമത്തിലേക്കെന്നെ നയിച്ചത്.ജന്മം നല്‍കിയവന്റെയും ഒരേയുദരത്തില്‍ ജീവന്‍ കൈക്കൊണ്ടവന്റെയും പടുമരണം നല്‍കിയ ശൂന്യതയില്‍ പുനര്‍ജീവനം കൈക്കൊണ്ട ഈ പടനായകന്‍ നിമിഷങ്ങള്‍ക്കകം ഏതോ ഗജവീരന്റെ കണങ്കാലിനടിയില്‍ മരണത്തിനു പിടിനല്‍കി മണിക്കിണറിന്റെ ആഴങ്ങളില്‍ അന്ത്യവിശ്രമത്തിനായൊരുങ്ങിയേക്കം.മദയാനയുടേതെന്നു തോന്നിക്കുംവിധം ഉറച്ച കാലടികള്‍ എന്നിലേടുക്കുന്നത് ഞാനറിഞ്ഞു.പാതിടയടഞ്ഞ കണ്‍പോളകള്‍ക്കിടയിലൂടെ കാല്‍കാതമകലെ മണിക്കിണര്‍ എനിക്കു കാണാം …..

മണിക്കിണര്‍ !!!

പോയ വ്യാഴവട്ടങ്ങളില്‍ എനിക്കു നഷ്ടപ്പെട്ട എന്റെ പ്രീയപ്പെട്ടവരുടെ ശവപ്പറമ്പ് !!!! മണിക്കിണര്‍ !! മണിക്കിണര്‍ !! ഒരിടര്‍ച്ചയോടെയല്ലാതെ ആ പദം എന്റെ നാവിന്‍തുമ്പില്‍ രൂപമെടുക്കില്ല.ചന്ത്രത്തിൽ,പുതുമന,കോവിൽക്കാട്ട്,വേർക്കോട്ട് പണിക്കന്മാരുടെ സ്വപ്നങ്ങളും പ്രാര്‍ഥനകളും പ്രതീക്ഷകളും അവസാനിച്ച മരണകിണര്‍ !! എന്റെ പിറവിക്കു പാതിമെയ്യായവന്റെ കൈകാലുകള്‍ ഛേദിച്ചു മണിക്കിണറ്റിലെറിഞ്ഞ കഥ ,മുലകുടി മാറും മുന്‍പ് അമ്മയുടെ നാവിന്‍ തുമ്പില്‍ നിന്നറിഞ്ഞ നാള്‍ മുതല്‍ സാമൂതിരിയുടെ മരണം മാത്രം സ്വപ്നംകണ്ടു കഴിച്ചുകൂട്ടിയ ദിനരാത്രങ്ങള്‍ പാതിയടഞ്ഞ എന്റെ കണ്ണുകളില്‍ ഞാന്‍ കാണുന്നു.മദയാനയുടെ ഉറച്ച കാലടികള്‍ക്കും
മരണകിണറിനും എന്റെ പിതാവിനെ മരണമെന്ന ചെകുത്താന് മുന്നിലെക്കേത്തിക്കാനാകാതെ പോയപ്പോള്‍ പട്ടിണിക്കിട്ട് വധിച്ച ‘പട്ടിണിതറ’യില്‍ എന്റെ സ്നേഹിതന്റെയവസാന നിലവിളി, അടഞ്ഞ ശബ്ദത്തില്‍ ഞാന്‍ കേള്‍ക്കുന്നു.സഹോദരങ്ങളും സതീർഥ്യരും ഈ പടനായകനായി പരലോകത്തു കാത്തിരിപ്പ് ആരംഭിച്ചിരിക്കണം.

” വള്ളുവനാടിന്റെ അഭിമാനസംരക്ഷനത്തിന് ചന്ത്രത്തില്‍ ചന്തുണ്ണി നയിച്ച ചാവേര്‍ പടയാളികള്‍ തിരുനാവായയില്‍ മഹത്തായ മാമാങ്കത്തില്‍ പട വെട്ടി ആത്മാഹുതി അനുഷ്ഠിച്ചുക്കൊണ്ട് വീരസ്വർഗം പ്രാപിച്ചിരിക്കുന്നു…. ”

ചരിത്രം ഇപ്രകാരം ലാഘവത്തോടെ ഞങ്ങളുടെ പടയോട്ടത്തെ രേഖപ്പെടുതിയെക്കാം.എന്നാല്‍ ഇതേ ചാവേറുകള്‍ അരിഞ്ഞുതള്ളിയ സാമൂതിരിപടയാളികളുടെ എണ്ണമറ്റ തലകളുടെ കണക്കെടുപ്പ് നടത്തുവാന്‍ ഏതൊരു ചരിത്രകാരനാണ് സാധ്യമാകുക !!! ??

അല്‍പ്പാകുളത്തിലെ കുളികഴിഞ്ഞെത്തിയ ചാവേറുകള്‍ നിമിഷങ്ങളുടെ ദൈര്‍ഖ്യത്തില്‍ നാല്പതടിയോളം വലിപ്പമുള്ള നിലപാടുതറയുടെ അടിസ്ഥാനം പോലുമിളക്കിയ വിവരങ്ങള്‍ ചരിത്രകാരന്മാര്‍ക്ക്‌ കൈമാറുവാനാരാണുള്ളത് !!! ??

ചിരന്ജീവിയെന്നു സ്വയം നടിക്കുന്ന സാമൂതിരിയുടെ പതിനായിരത്തോളം വരുന്ന സേനാനികളുടെ തലയറുത്ത്, നിലപാട് തറ വരെയെത്താന്‍ ഈ ചന്തുണ്ണിക്ക് അകമ്പടി നല്‍കിയ പോരാളികളുടെ അനന്യസാധാരണ വീരോചിതമുന്നേറ്റത്തിന്റെ കഥകള്‍ മാലോകര്‍ക്ക് കൈമാറുവാനാരാണുള്ളത് !!! ???

കേവലം ഒരകമ്പടിക്കാരന്റെ വിളക്കിന്‍തുമ്പിനാല്‍ ദാനം കിട്ടിയ ജീവനുമായി ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ട ഭീരുവായ രക്ഷാപുരുഷന്റെ കഥ പാടിനടക്കാന്‍ പാണന്‍മാരുണ്ടോ ???

ശത്രുവിന്റെ ആജ്ഞാനുവര്‍ത്തികളുടെ കാലടികള്‍ എന്നിലേക്കടുക്കുന്നു.ബലിഷ്ടമായ അവരുടെ കൈകളാല്‍ ചേതനയറ്റയെന്റെ ശരീരം ഉയര്‍ത്തപ്പെടുന്നു.മണിക്കിണറ്റിലെ ചേതനയറ്റ ദേഹങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി ഇതാ എറിയപ്പെടുന്നു.എങ്ങും ഇരുട്ടിന്റെ മൂകതയും മരണത്തിന്റെ ഗന്ധവും തളംകെട്ടി നില്‍ക്കുന്നു.കോടിക്കാതമകലെ,പുഞ്ചിരി തൂകുന്ന നക്ഷത്രങ്ങളില്‍ വരാനിരിക്കുന്ന മഹാവിജയത്തിന്റെ സ്ഫുരണം ഞാന്‍ കണ്ടു.നക്ഷത്രങ്ങളുടെ പ്രകാശത്തെ മറച്ചുകൊണ്ട് മറ്റെന്തോ എന്റെ ദൃഷ്ടിയ്ക്കു ഭംഗം വരുത്തിയിരിക്കുന്നു !! അതെന്നിലേക്കടുക്കുന്നു !!

____________________________________________________________________________________________

അടിക്കുറിപ്പ് :

★ 1695-ലെ മാമാങ്കത്തിൽ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു. നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെയെത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടാ‍യിരുന്നുള്ളുവെന്നും ചില കഥകളിൽ പരാമർശമുണ്ട്.

★ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചാവേർപട്ടുകളില്‍ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു.
ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവയുടെ അവശിഷ്ടങ്ങൾ ഇന്നും ബാക്കി നിൽക്കുന്നുണ്ട്.

മലയാളം ഇന്നേവരെ കാണാത്ത മാമാങ്കമെന്ന ദൃശ്യവിസ്മയം വെള്ളിത്തിരയിൽ കാണാനായി കാത്തിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: