മനസ്സ് നിറച്ച് തമാശ | Review | Thamasha

തമാശ

പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ശ്രദ്ധ നേടിയ ചിത്രം. അതിന് കാരണക്കാർ പോസ്റ്ററിലെ പ്രൊഡ്യുസർമരുടെ പേരുകൾ തന്നെ.
സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ്. മലയാള സിനിയിലെ സെൻസിബിൾ ആയ ഒരു കൂട്ടം സിനിമാക്കാർ ചേർന്ന് നിർമ്മിക്കുന്ന സിനിമ. അതും നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകൾക്ക് ശേഷം ഹാപ്പി ഹവേഴ്‌സ് എന്റർറ്റൈനർ ന്റെ ബാനറിൽ. വിനയ് ഫോർട്ടിന്റെ നായക വേഷം. റെക്‌സ് വിജയൻ – ഷഹബാസ് അമൻ ടീമിന്റെ ‘പാടി ഞാൻ ‘ എന്ന മനോഹര ഗാനം ഇറങ്ങിയപ്പോൾ മുതൽ തന്നെ പലരുടെയും ഇഷ്ടഗാനം ആയി മാറിക്കഴിഞ്ഞിരുന്നു. പ്രതീക്ഷയുണർത്തുന്ന രസകരമായ ടീസറും, ഒക്കെ കൊണ്ട് ഒരു നല്ല സിനിമ ആയിരിക്കും എന്ന പ്രതീക്ഷയിൽ ആദ്യ ദിനം തന്നെ ചിത്രത്തിന് കയറി.

തന്റെ പതിവ് കൊച്ചി ശൈലിയൊക്കെ വിട്ട് നല്ല അസ്സൽ പൊന്നാനിക്കാരൻ ശ്രീനി എന്ന ശ്രീനിവാസൻ മാഷായി വിനയ് ഫോർട്ട് എത്തുന്നു.
വെറുതെ ഒരു സാധാരണ തമാശ ചിത്രം എന്ന നിലയിൽ രസകരമായി തന്നെ തുടങ്ങിയ ചിത്രം രണ്ടാം പകുതിയിൽ ആ രസം കളയാതെ തന്നെ വളരെ സീരിയസ് ആയ ചില സാമൂഹിക യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
കൂടുതൽ പറഞ്ഞാൽ സ്പോയിലറുകൾ ആകും എന്നത് കൊണ്ട് കഥയിലേക്ക് അധികം കടക്കുന്നില്ല.
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഈ ‘തമാശ’ ചിരിപ്പിച്ചതിനെക്കാളേറെ ചിന്തിപ്പിക്കുന്നു.

ഇന്നേവരെ നമ്മൾ കണ്ടുവന്ന ഒരു വിനയ് ഫോർട്ടിനെ നമുക്ക് തമാശയിൽ കാണാൻ കഴിയില്ല. നോട്ടങ്ങളിലും, നടപ്പിലും, ചിരിയിലും ഒക്കെ അദ്ദേഹം പൂർണ്ണമായും ശ്രീനി മാഷായി മാറിയിരിക്കുന്നു. ഒരുപക്ഷേ വിനയ് ഫോർട്ടിന്റെ കരിയർ ബെസ്റ്റ് ക്യാരക്ടർ എന്ന് തന്നെ പറയാം. അതിനെ കരിയർ ബെസ്റ്റ് പെർഫോമൻസ് കൊണ്ട് മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട് വിനയ് എന്ന ബ്രില്യന്റ് നടൻ.
ചിന്നു എന്ന കഥാപാത്രമായി എത്തിയ ചിന്നു എന്ന നടി ഗംഭീരം ആക്കി. ദിവ്യപ്രഭ ആദ്യ പകുതി മുഴുവൻ നിറഞ്ഞു നിന്ന് പൊളിച്ചടുക്കി. ഒപ്പം അരുൺ കുര്യൻ, അഷ്റഫ് ഹംസ, ഗ്രേസ്, എന്നിങ്ങനെ സ്ക്രീനിൽ തെളിഞ്ഞവരുടെയെല്ലാം മികച്ച പ്രകടനം.
റെക്‌സ് വിജയന്റെ സംഗീതം ചിത്രത്തോടൊപ്പം വളരെ മനോഹരമായി ഒഴുകി പോകുന്നുണ്ട്.
മറ്റൊരു എടുത്തു പറയേണ്ട കാര്യം സമീർ താഹിറിന്റെ ഉഗ്രൻ ക്യാമറയാണ്.

ഒരു പുതുമുഖ സംവിധായകന്റെ യാതൊരു പതർച്ചയും കൂടാതെ അഷ്റഫ് ഹംസ എന്ന സംവിധായകൻ കഴിവ് തെളിയിച്ചു.
അദ്ദേഹം തന്നെ ഒരുക്കിയ മനോഹരമായ തിരക്കഥ. മലയാള സിനിമയ്ക്ക് ഒരു പുത്തൻ പ്രതീക്ഷയാണ് ഈ പുതുമുഖ സംവിധായകൻ.
എടുത്തുപറയാനായി വലിയ നെഗറ്റീവുകൾ ഒന്നുമില്ലാത്ത ഒരു പക്കാ പെർഫക്ട് ഫീൽഗുഡ് എന്റർറ്റൈനർ ആണ് തമാശ. ജീവിതത്തിൽ പലതരം കോംപ്ലക്സുകൾ കൊണ്ടു നടക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം. കാണുന്നവർക്ക് മനസ്സ് നിറഞ്ഞ് ഇറങ്ങി വരാം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: