63 ന്റെ നിറവിൽ മണിരത്നം| ഇന്ത്യൻ സിനിമയുടെ ക്രാഫ്റ്റ് മാൻ |

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് മണിരത്നം..ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു സംവിധായകനാണ് മണിരത്നം അത് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ തന്റെ സിനിമയിലെ എല്ലാ മേഖലയും വളരെ മികച്ചു നിൽക്കണം എന്ന് വാശിയുള്ള ചുരുക്കം ആളുകളിൽ ഒരാൾ…

ഹാപ്പി ബർത്‌ഡേ മണിരത്നം!!

മണിരത്നം ഒരിക്കലും ഒരു റിയലിസ്റ്റിക് ഫിലിം മേക്കർ അല്ല. നമ്മുടെ നാട്ടുകാർ വൈകാരികമായി ചിന്തിക്കും എങ്കിലും സ്നേഹപൂർണ്ണമായ വികാരങ്ങളെ പ്രകടിപ്പിക്കുന്നതിൽ പിശുക്കരാണ്. എന്നാൽ സ്‌ക്രീനിൽ അവയുടെ പ്രകടനങ്ങളിലാണ് മണിരത്നം സ്പെഷിലൈസ് ചെയ്തിരിക്കുന്നതും. അദ്ദെഹത്തിന്റെ ചിത്രങ്ങൾ വളരെ എക്സ്പ്രസ്സിവ് ശൈലിയാണ് പിന്തുടരാറ്‌. സബ്റ്റെക്സ്റ്റിൽ ചില ഉപരിപ്ലവ രാഷ്ട്രീയം പറയാറുണ്ടെങ്കിലും, മെയിൻ പ്ലോട്ട് കഥാപാത്രങ്ങളുടെ വൈകാരികബന്ധങ്ങളാണ്. അവ പ്രധാനമായും പ്രണയം, വിവാഹം, സൗഹൃദം, കുടുംബം എന്നിവയാണ്, എന്നിട്ട് അവയെ നടപ്പ് സാമൂഹ്യ വ്യവസ്ഥിതിയുമായി ചെറുതായി എന്ന് ഉരസിപ്പിക്കും. സിനിമ കാണുമ്പോൾ കാഴ്ചക്കാർ കഥാപാത്രങ്ങൾക്കുവേണ്ടി അല്ലെങ്കിൽ അവരുടെ ആഗ്രഹപൂർത്തീകരണത്തിന് വേണ്ടിയാണ് നിലകൊള്ളാറ്, അല്ലാതെ വ്യവസ്ഥക്ക് വേണ്ടി/ എതിർക്കാൻ അല്ല, അങ്ങിനെ ഒരു നിലപാടും ഒരു കച്ചവട സിനിമാ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം എടുക്കാറുമില്ല.

മണിരത്നത്തിന്റെ കഥ പറച്ചിൽ വളരെ ക്ലാസ്സിക്കൽ രീതിയിലാണ്, പക്ഷെ വൈവിദ്ധ്യം എന്നത് അദ്ദേഹത്തിന്റെ ആവിഷ്‌ക്കാരശൈലി ആണ്. ഡേവിഡ് ലീൻ, കുറേസവാ, ബസു ഭട്ടാചാര്യ, സ്പീൽബർഗ് തുടങ്ങിയവരുടെ ശൈലി അദ്ദേഹത്തിന്റെ സിനിമകളിൽ പ്രതിഫലിക്കാറുണ്ട്. സ്ക്രീൻ ടൈം കൂടുതലും അപഹരിക്കുന്നത് സംഭവങ്ങളെക്കാൾ വികാരങ്ങളാണ്. അത് വളരെ സൌന്ദര്യപരമായി; ബാക്ഗ്രൗണ്ടും (പ്രകൃതി, സ്ഥലം) ഫോർഗ്രൗണ്ടും (കഥാപാത്രങ്ങൾ) കൃത്യമായി ഡിസൈൻ ചെയ്ത ശേഷം കാഴ്ചക്ക് ഇമ്പമേറും വിധം സമൃദ്ധമായ ലൈറ്റിംഗ് / ക്യാമറയ്യും, കാല്പനികമായ എന്നാൽ ഇഴുകിച്ചേർന്ന സംഗീതവും വഴി സാധ്യമാകാറുണ്ട്. നീണ്ട സംഭാഷണങ്ങളേക്കാൾ കൊച്ചു കൌതുകമുള്ള ചില വാക്കുകളും സിറ്റുവെഷൻസും അതിനായി തിരക്കഥയിൽ അദ്ദേഹം ഡിസൈൻ ചെയ്യാറുണ്ട്. ഈ ഡിസൈനിന്റെ ഭാഗമാണ് ആ സമയം കഥാപാത്രങ്ങളുടെ മൂവ്മെന്റും, പ്രവൃത്തിയും. കഥാപാത്രങ്ങൾ തമ്മിൽ ഫിസിക്കലി ചേർന്നിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആവർത്തനങ്ങൾ ഉണ്ടെങ്കിലും ചിത്രീകരണ മികവ് അവ ഫ്രഷ്‌ ആയി തോന്നിക്കും. ”

തന്റെ സിനിമകളുടെ നട്ടെല്ലായ സംഗീതപ്രതലങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ പാകത്തിലുള്ള ഒരു സംഗീതജ്ഞനെ (എ ആർ റഹ്മാൻ) കണ്ടെത്തിയതിലൂടെയും, ദൃശ്യഭാഷാരീതി കൂടുതൽ മാജിക്കൽ അയി കുറ്റമറ്റ രീതിയിൽ എല്ലാ സാങ്കേതികത്തികവോടെയും ഒന്നാന്തരമായി സംവേദിക്കുന്നതിലൂടെയും, ക്ലാസ്സിക്കൽ മൂവി കലാപരിസരങ്ങളിൽ അഗ്രഗണ്യൻ മണിരത്നം തന്നെയാണ് എന്ന് പറയേണ്ടി വരും.

മമ്മൂട്ടി, മോഹൻലാൽ, കമൽ, രജിനികാന്ത് എന്ന് വേണ്ട ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരെ വേണ്ടപോലെ ഉപയോഗിക്കുകയും അത് വഴി ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനും മണിരത്നത്തിന് കഴിഞ്ഞു..

ഇരുവർ, ദളപതി ഒക്കെ ഇന്നും മലയാളികൾ ചർച്ച ചെയ്യുന്ന സിനിമകളാണ്… സമീപകാലത്ത് വലിയ ഫോം ഇല്ലെങ്കിലും ആവുന്ന കാലത്ത് ചെയ്ത് വെച്ച മനോഹരമായ സിനിമകൾ മാത്രം മതി മണിരത്‌നത്തിന്റെ റേഞ്ച് മനസിലാക്കാൻ

വരും വർഷം അദ്ദേഹത്തിന് നന്മയുടേതായി തീരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: