സൂര്യയുടെ മികച്ച പ്രകടനം ഒഴിച്ചു നിർത്തിയാൽ..|NGK|Review

എൻ ജി കെ

സൂപ്പർതാരം സൂര്യയെ നായകനാക്കി തമിഴകത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ സെൽവരാഘവൻ ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ. താനൊരു സൂര്യ ആരാധകൻ ആണെന്നും, സൂര്യയിലെ നടനെ പൂർണ്ണമായും ചൂഷണം ചെയ്യുന്ന സിനിമ ആയിരിക്കും എൻ.ജി.കെ എന്നുമുള്ള സംവിധായകന്റെ വാക്കുകൾ.
യുവൻ ശങ്കർ രാജയുടെ ചാർട്ട് ബസ്റ്റർ ആയ ഗാനങ്ങൾ. സോഷ്യൽ മീഡിയയിൽ വലിയ ചലനം സൃഷ്ടിച്ച മികച്ച ട്രെയിലറുകൾ.
സായ് പല്ലവി, രാകുൽ പ്രീത് എന്നിവരുടെ ശക്തമായ സാന്നിധ്യം.
എല്ലാത്തിലുമുപരി ഒന്നര വർഷത്തോളമായി സൂര്യയെ വീണ്ടും സ്ക്രീനിൽ കാണാൻ ഉള്ള ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ചിത്രം ഇന്ന് റിലീസ് ആയി..

നന്ദ ഗോപാല കുമരൻ എന്ന NGK ആയി സൂര്യ എത്തുന്നു. M Tech ഉം PhD യും ഉള്ള കുമരൻ തനിക്ക് ലഭിച്ച വലിയ ജോലികൾ ഒക്കെ ഉപേക്ഷിച്ച് ഓർഗാനിക് കൃഷി ചെയ്യുകയാണ്. നാട്ടുകാർക്ക് മുഴുവൻ ഉപകാരിയായ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് കുമരൻ. രാഷ്ട്രീയത്തിൽ തീരെ താൽപര്യമില്ലാത്ത കുമരൻ ഒരു പ്രത്യേക സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരുന്നു. തുടർന്ന് കുമരന് ഉണ്ടാകുന്ന മാറ്റങ്ങളും, ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളും ഒക്കെയാണ് NGK യിലൂടെ സംവിധായകൻ പറയുന്നത്.
പരസ്പര ബന്ധമില്ലാത്ത സീനുകൾ അവിടവിടെ ഉണ്ടായിരുന്നു എങ്കിലും ആസ്വാദ്യകരമായിരുന്നു ചിത്രത്തിന്റെ ആദ്യ പകുതി. ഗാനരംഗങ്ങൾ ഒക്കെ നന്നായി തോന്നി. രാഷ്ട്രീയ കോമരങ്ങളോടുള്ള സംവിധായകന്റെ പുച്ഛവും പരിഹാസവും മുഴുവൻ ആദ്യ പകുതിയിൽ കാണാനാകും. രണ്ടാം പകുതിയിൽ എന്തോ വലുത് വരാനിരിക്കുന്നു എന്ന് തോന്നിച്ച ഇന്റർവെൽ ബ്ലോക്കും പ്രതീക്ഷ നൽകി.

എന്നാൽ ആദ്യ പകുതിയിലെ ഈ പോസിറ്റിവുകൾ ഒന്നും മൊത്തത്തിൽ സിനിമയെ പിടിച്ചു നിർത്താൻ പോന്നത് ആയില്ല. രണ്ടാം പകുതി അതുവരെയുള്ള രസം കെടുത്തി എന്ന് മാത്രമല്ല, ലോജിക്കില്ലാത്ത സീനുകളും, അനാവശ്യമായി കുത്തി കയറ്റിയ ഗാനവും ഒക്കെ കൂടി സിനിമയെ പടു കുഴിയിലേക്ക് തള്ളിയിട്ടു. അവസാന രംഗങ്ങളിൽ അതിൽ നിന്ന് കര കയറാൻ സൂര്യയുടെ അത്യുഗ്രൻ പെർഫോമന്സിലൂടെ ചിത്രം ശ്രമിക്കുന്നുണ്ട് എങ്കിലും, വാട്‌സ്ആപ്പ് ഫോർവേഡ് പോലുള്ള ഡയലോഗുകളും, അലസമായി എഴുതി,തട്ടിക്കൂട്ടി തീർത്ത ക്ലൈമാക്സ് രംഗങ്ങളും പൂർണ്ണ നിരാശ സമ്മാനിക്കുന്നു.

സൂര്യയുടെ മികച്ച പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശം.
ഒന്നാം പകുതിയിലെ തമാശ രംഗങ്ങളിൽ ഒക്കെ സൂര്യ നിറഞ്ഞാടുന്നുണ്ട്. പൊതുവെ റൊമാൻസ് രംഗങ്ങളിൽ സ്‌കോർ ചെയ്യാറുള്ള സൂര്യ പക്ഷെ ഇത്തവണ ഡെപ്ത് ഇല്ലാത്ത ക്യാരക്ടർ ഡെവലപ്‌മെന്റ് കൊണ്ടും, അവസരോചിതമല്ലാതെ വന്ന ഗാന രംഗങ്ങൾ കൊണ്ടും റൊമാൻസിൽ തിളങ്ങാനാകാതെ പോകുന്നുണ്ട്. കൂട്ടുകാരൻ, ഭാര്യ, കാമുകി എന്നിങ്ങനെ പലരും വന്നു പോകുന്നുണ്ട് എങ്കിലും കഥാപാത്രങ്ങൾക്കൊന്നും വേണ്ടത്ര വ്യക്തത ഇല്ലായിരുന്നു. എന്നിട്ടും ആ കുറവ് സായ് പല്ലവി തന്റെ മികച്ച പെർഫോമൻസിലൂടെ നികത്താൻ ശ്രമിച്ചിട്ടുണ്ട്.

ചില രംഗങ്ങൾ കാണുമ്പോൾ സെൽവരാഘവൻ തന്നെയാണോ സംവിധായകൻ എന്ന് അതിശയിച്ചു പോകും. അത്രമേൽ നിരാശജനകം. തമിഴിൽ തന്നെ വന്നു പോയ LKG, NOTA, സർക്കാർ, മുതൽവൻ എന്നിങ്ങനെയുള്ള പൊളിറ്റിക്കൽ ചിത്രങ്ങളിലെ പല രംഗങ്ങളും NGK യിൽ ആവർത്തിച്ചു വന്നതും കല്ലുകടിയായി.
ഇതൊക്കെ കൂടാതെ മോശം എഡിറ്റിംഗും ചിത്രത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ യുവൻ ശങ്കർ രാജയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിൽ ആശ്വാസം പകരുന്നുണ്ട്. ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം ആക്ഷൻ രംഗങ്ങളാണ്.
ടോയ്‌ലറ്റ് ഫൈറ്റ് ഉം അവസാനത്തെ മാർക്കറ്റ് ഫൈറ്റും ഗംഭീരം ആയിരുന്നു എന്ന് പറയാതെ വയ്യ.
സൂര്യയുടെ അനായാസ ആക്ഷൻ രംഗങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തും.

ചില നല്ല രംഗങ്ങൾ അവിടവിടെയായി ഉണ്ട് എന്നതൊഴിച്ചാൽ, ഒരു സിനിമ എന്ന നിലയിൽ നിരാശ സമ്മാനിക്കുന്നു NGK.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: