ബാംഗ്ലൂർ ഡെയ്സ് എന്ന ലക്ഷണമൊത്ത മൾട്ടിസ്റ്റാർ ബ്ലോക്ക്‌ബസ്റ്ററിന് 5 വയസ്സ്

ബാംഗ്ലൂർ ഡേയ്‌സ്.

അഞ്ചു വർഷങ്ങൾക്ക് മുമ്പ് ദുൽകർ കുഞ്ഞിക്ക ആയി മാറാത്ത കാലം.. നിവിൻ അച്ചായൻ ആയി മാറാത്ത കാലം.. നസ്രിയയെ ഫഹദ് കെട്ടുമെന്ന് പ്രേക്ഷകർ ചിന്തിക്കാത്ത കാലം.. അഞ്ജലി മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സംവിധാനത്തിൽ, അൻവർ റഷീദിന്റെ നിർമ്മാണത്തിൽ, മലയാളത്തിൽ പിറന്ന ലക്ഷണമൊത്ത മൾട്ടിസ്റ്റാർ ബ്ലോക്ക്‌ബസ്റ്റർ.

3 കസിൻസിന്റെ ജീവിതകഥ പറയുന്ന സിനിമയിൽ പഠിപ്പികളെ പ്രധിനിതീകരിച്ചു കുട്ടനും, ഉഴപ്പന്മാർക്കും ശരാശരി മലയാളി യുവാക്കളുടെ ആഗ്രഹങ്ങളുടെ പ്രതീകമായി അർജുനും, പെൺകുട്ടികളുടെ മോഹങ്ങൾ പൂവണിയിക്കാൻ ദിവ്യയും. കേരളത്തിലെയും ഓരോ യുവതീ യുവാക്കളും ഇത് പോലുള്ള കസിൻസിനെ കിട്ടണമെന്ന് ആഗ്രഹിച്ചുപോയി.. അതിനുള്ള തെളിവാണ് ബാംഗ്ലൂർ ഡേയ്‌സ് നേടിയ വമ്പൻ വിജയം….

ദിവ്യയുടെ മണകുണാഞ്ചൻ ഭർത്താവായി സൈലന്റ് ആയി നിന്ന ഫഹദിന്റെ ദാസ് അവസാനം കയ്യടി മുഴുവൻ ഒറ്റക്ക് നേടി. ദാസിന്റെ കാമുകി ആയ നടാഷ ആയി എത്തിയ നിത്യ മേനോൻ തനിക്ക് കിട്ടിയ റോൾ ഗംഭീരം ആക്കി.

വിവാഹജീവിതത്തിൽ സംതൃപ്തി ഇല്ലാതെ ഡിവോഴ്സിന്റെ വക്കിലെത്തിയ ഭാര്യയിൽ നിന്നും, ഭർത്താവിന്റെ പ്രശ്നം മനസിലാക്കി അതിന് പരിഹാരം കണ്ട് ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന ദിവ്യ പ്രേക്ഷക ഹൃദയം കീഴടക്കി.

കുട്ടന്റെ മീനാക്ഷി ആയി ഇഷ തൽവാർ എത്തിയപ്പോൾ തട്ടത്തിൻ മറയത്ത് പ്രതീക്ഷിച്ച പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് പാരീസ് ലക്ഷ്മി കുട്ടന്റെ വധുവായി.

എന്നാൽ പകുതിക്ക് നിന്ന് വന്നു പടത്തിന്റെ ജീവനായി മാറിയത് പാർവതിയുടെ സാറയാണ്. നടക്കാൻ കഴിയാതെ വീൽ ചെയറിൽ സഞ്ചരിക്കുന്ന സാറയുടെ ജീവിതത്തിൽ സർപ്രൈസ് ആയി അർജുൻ വന്നത് പ്രണയക്ളീഷെകളെ തകർക്കുന്ന പ്രണയം കൊണ്ടായിരുന്നു.

അജുവിന്റെയും സാറായുടെയും പ്രണയം പ്രേക്ഷകർ ആദ്യമായി കാണുന്നതായിരുന്നു. പാർവതി വീൽചെയർ ഓടിച്ചു കയറ്റിയത് നമ്മൾ ഓരോരുത്തരുടെയും മനസുകളിലാണ്. കുടുംബക്കാരും എന്തിന് അച്ഛനും അമ്മയും പോലും തിരിഞ്ഞു നോക്കാത്ത അജുവിന്റെ ജീവിതത്തിൽ സന്തോഷം പകരാൻ കസിന്സും, ലക്ഷ്യബോധം നൽകാൻ സാറയും വന്നപ്പോൾ അവിടെ ഒരു യുവാവിന്റെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായിരുന്നു.

നമ്മുടെ സ്വന്തം കല്പന ചേച്ചിയുടെ അമ്മ വേഷവും, വിജയരാഘവൻ ചേട്ടന്റെ അച്ഛൻ വേഷവും തുടങ്ങി ഓരോ ആളുകളെയും കൃത്യമായി കാസ്റ്റ് ചെയ്ത സിനിമ കൂടിയാണ് ബാംഗ്ലൂർ ഡേയ്‌സ്.

ഇന്ന് നിവിനും ദുൽക്കറും വേറെ ലെവലിൽ നിൽക്കുന്നു. ഫഹദ് ആണെങ്കിൽ അഭിനയിച്ചു നാഷണൽ അവാർഡ് വരെ വാങ്ങി. കൂടെ നസ്രിയയെയും കെട്ടി. പാർവതി കേരളത്തിലെ എണ്ണം പറഞ്ഞ മുൻനിര നായിക ആയി. ഇനി ഇങ്ങനെ ഒരു ബാംഗ്ലൂർ ഡേയ്‌സ് ഉണ്ടാകുമോ എന്ന് സംശയം ആണ്.

ബാംഗ്ലൂർ ഡേയ്‌സിൽ ഗോപി സുന്ദർ ഒരുക്കിയ പാട്ടുകൾ ഒക്കെ സിനിമ പോലെ വമ്പൻ ഹിറ്റുകൾ ആയിരുന്നു. എല്ലാ പാട്ടുകളും ഹിറ്റായ ചുരുക്കം ചില സിനിമകളിൽ ഒന്ന് ഇതാണ്. മംഗല്യം തന്തുനാനെനായും ഏത് കരി രാവിലും ഒക്കെ ഇന്നും എല്ലാവരുടെയും മ്യൂസിക് ശേഖരത്തിൽ ഉണ്ടാകും. ഇന്നും കല്ല്യാണ വീടുകളിൽ മംഗല്യം തന്തുനാനെന മുഴങ്ങി കേൾക്കുന്നു.

ഇറങ്ങിയിട്ട് 5 വർഷം ആയിട്ടും ടിവിയിൽ വരുമ്പോൾ കുത്തിയിരുന്ന് കാണുന്നതും പലരും ഡിലീറ്റ് ആക്കാതെ ഫോണിൽ കൊണ്ട് നടക്കുന്നതും തന്നെയാണ് തീയറ്റർ ബ്ലോക്ക്ബസ്റ്റർ എന്നതിലുപരി ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. ആ മാന്ത്രിക വിജയം ആവർത്തിക്കാൻ ഈ കൂട്ടുകെട്ട് ഇനിയും ഒന്നിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: