അൽഫോൻസ് പുത്രൻ മലയാളികളെ പ്രേമിപ്പിച്ചിട്ട് ഇന്നേക്ക് 4 വർഷം

29 may 2015 വെള്ളിയാഴ്ച

ആലുവാ പുഴയുടെ തീരത്ത് കൂടെ അനുപമ പരമേശ്വരൻ എന്ന നായിക മലയാളി മനസ്സുകളിലേക്ക് കയറി വന്നു.. കടന്നൽ കൂട് കൂട്ടിയത് പോലെ മനോഹരമായ കാർകൂന്തൽ ഒരു ഭാഗത്തേക്ക് ചെരിച്ചിട്ട് മനോഹരമായി ചിരിച്ചു കൊണ്ട് തോണിയിൽ ഇരുന്ന പെൺകുട്ടി മലയാളി യുവാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി… അതല്ലാതെ യാതൊരു വിധ പ്രതീക്ഷകൾ ഇല്ലാതെ വന്ന സിനിമ ആയിരുന്നു പ്രേമം.

അൽഫോൻസ് പുത്രന്റെ രണ്ടാമത്തെ മാത്രം സിനിമ.. നിവിൻ ആണെങ്കിൽ വലിയ താരം ഒന്നും ആയില്ല.. കൂടെ 3 പുതുമുഖ നായികമാരും.. മറുഭാഗത്ത് മലയാളികൾ മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന സൂര്യയുടെ മാസ്സ് കൂടാതെ പ്രിത്വിരാജ് നായകനും നിവിൻ വില്ലനുമായി വരുന്ന ഇവിടെ….

നായകനായും വില്ലനായും
ഒരേ ദിവസം സിനിമ ഇറങ്ങുന്ന ഒരു യുവനടന്റെ മനസിൽ എന്തായിരിക്കും ഉണ്ടായിട്ടുണ്ടായിരിക്കുക.. നിവിൻ പോളിയോട് ചോദിക്കേണ്ടി വരും ആ മാനസികാവസ്ഥ..

ആദ്യദിനം പതിവ് പോലെ എല്ലാവരും സൂര്യയുടെ മാസ്സിന് കയറി… ടിക്കറ്റ് കിട്ടാതെ പലരും പ്ലാൻ ബി എന്ന നിലയിൽ പ്രേമത്തിന് കയറി.. അന്ന് fdfs കയറാൻ ഭാഗ്യം കിട്ടിയവർ അന്ന് തന്നെ ലോട്ടറി എടുത്തിരുന്നെങ്കിൽ ഒന്നാം സമ്മാനം അടിച്ചേനെ… അത്രയും നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു സിനിമ നൽകിയത്

പ്രേക്ഷകർക്ക് ഓരോ ഷോട്ടിലും ഓരോ സീനിലും ഫ്രഷ്നെസ് നൽകിക്കൊണ്ട് അൽഫോൻസ് പുത്രൻ അത്ഭുതപ്പെടുത്തി.. ആദ്യ ഷോ കണ്ടിറങ്ങിയവർ അതേ തിയേറ്ററിൽ അടുത്ത ഷോക്ക് വേണ്ടി ക്വു നിന്നു.. അന്ന് മാസ്സിന് കയറേണ്ടി വന്നവർ പിന്നീട് ദുഖിച്ചു കാണും തങ്ങളുടെ നിർഭാഗ്യം ഓർത്ത്.. അടുത്ത ദിവസം മുതൽ ഹൗസ്ഫുൾ ഷോകളുടെ ബഹളം ആയിരുന്നു.. പലരും 2ഉം 3ഉം തവണ കണ്ടു.. അങ്ങനെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയ സിനിമയുടെ HD പ്രിന്റ് ലീക്കായി.. ചെറുതായി കളക്ഷനെ ബാധിച്ചെങ്കിലും തിയേറ്ററിൽ ആ സിനിമ ഉണ്ടാക്കിയ ഓളം അറിയുന്നവർ വീണ്ടും തിയേറ്ററിൽ തന്നെ പോയി കണ്ടു…

അനുപമയെ പ്രതീക്ഷിച്ചു പോയ പ്രേക്ഷകർ തിരികെ വന്നത് സായി പല്ലവിയുടെ മലർ മിസ്സിന്റെ കാമുകന്മാർ ആയിട്ടായിരുന്നു.. സായി പല്ലവിക്ക് പ്രേമം കേരളത്തിൽ ഉണ്ടാക്കിക്കൊടുത്ത ഫാൻസ്‌ ചില്ലറയൊന്നുമല്ല.. അത്യാവശ്യം നല്ല പേരുണ്ടായിരുന്ന നിവിന് ഡൈ ഹാർഡ് ഫാൻസ്‌ ഉണ്ടായി…

താടിയും വെള്ളമുണ്ടും ബ്ലാക്ക് ഷർട്ടും വീണ്ടും കേരളത്തിൽ തരംഗമായി.. കോളേജ് ഡേയ്ക്കും പരിപാടികൾക്കും അക്കാലത്ത് അതൊരു യൂണിഫോം പോലെ ആയിരുന്നു.. അത്രത്തോളം സ്വാധീനം ഉണ്ടാക്കാൻ പ്രേമത്തിന് കഴിഞ്ഞു…

ഗിരിരാജൻ കോഴിയായി ഷറഫുദ്ധീനും പിടി സാറായി സൗബിനും നമ്മെ ചിരിപ്പിച്ചതിന് കയ്യും കണക്കും ഇല്ല

നാല് വർഷങ്ങൾക്കിപ്പുറം അതിലെ അഭിനേതാക്കൾ ഒക്കെ എത്രത്തോളം വളർന്നു എന്ന് നോക്കിയാൽ മനസിലാകും പ്രേമം നൽകിയ മൈലേജ്.. തമിഴ് നാട്ടിലടക്കം പടം സ്വീകരിക്കപ്പെട്ടു… തമിഴിൽ അഭിനയിക്കാതെ തന്നെ നിവിൻ പോളിക്ക് അവിടെ ഫാൻസ്‌ അസോസിയേഷൻ തുടങ്ങുന്നതിന് വരെ കാരണമായി…

അന്ന് പ്രേമം ഉണ്ടാക്കിയത് പോലൊരു ഓളവും ട്രെൻഡും ഇന്നും ഒരത്ഭുതമാണ്… വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒരു മാജിക്‌ പുത്രൻ അതിൽ അലിയിച്ചു ചേർത്തിരുന്നു..

ജോർജിന്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങൾ, മൂന്ന് നായികമാർ, മൂന്ന് ലുക്ക്‌ എല്ലാം മലയാളികൾക്ക് കാണാപ്പാഠമാണ്..

ജോർജിന്റെയും സെലിന്റെയും പ്രണയം പൂവണിഞ്ഞത് കാണാൻ മലർ എത്തിയപ്പോൾ നമ്മളൊക്കെ അന്വേഷിച്ചത്.. മേരിയെ ആയിരുന്നു..അനിയത്തിയുടെ കല്യാണത്തിന് വരാതെ മേരി എവിടെ പോയി എന്നാണ് .. അത്രത്തോളം ആ കഥയും കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ പതിഞ്ഞിരുന്നു..

വീണ്ടും ഒരു അൽഫോൻസ് പുത്രൻ സിനിമക്കായി കാത്തിരിക്കുന്നു… അത് പ്രേമത്തെക്കാൾ മനോഹരമാക്കുക എന്നതായിരിക്കും പുള്ളിക്കാരന് മുമ്പിലുള്ള വെല്ലുവിളി… അതിന് അദ്ദേഹത്തിന് സാധിക്കട്ടെ….

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: