“എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്” , തനിക്കെതിരെ പരക്കുന്ന വ്യാജ വാർത്തക്കെതിരെ ആർ എസ് വിമൽ

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലും ചില ഓണ്ലൈന് മാധ്യമങ്ങളിൽ പരക്കുന്ന വാർത്തയാണ് ആർ എസ് വിമൽ ദിലീപിനെതിരെ രംഗത്തു വന്നു എന്നത്. ദിലീപ് തന്റെ ജീവിതം തകർക്കാൻ നോക്കിയെന്നും തന്നെ അപമാനിക്കാൻ ആണ് മൊയ്‌ദീൻ ഫൗണ്ടേഷന് 30 ലക്ഷം വാഗ്ദാനം നൽകി എന്നുമൊക്കെ വിമൽ പറഞ്ഞു എന്നാണ് പ്രചരിക്കുന്ന വാർത്തകൾ.

ഇപ്പോൾ ആ വാർത്തയുടെ സത്യാവസ്ഥ വിശദീകരിക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ. താൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല എന്നും തനിക്കെതിരെ ആരോ പുതിയ കരുക്കൾ നീക്കുക ആണെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ദിലീപിന്റെ ഒരു ചിത്രം പുറത്തിറങ്ങാൻ നിൽക്കുന്ന സമയത്തും തന്റെ ഏറ്റവും വലിയ സ്വപ്നം ആയ കർണൻ ചിത്രീകരണം ആരംഭിച്ച സമയത്തും തനിക്കെതിരെ വരുന്ന ആരോപണങ്ങൾ കരുതിക്കൂട്ടി ഉള്ളത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുപാട് കണ്ണീര് കളഞ്ഞും കഷ്ടപ്പെട്ടും ചതിയും പിന്നിൽ നിന്നുള്ള കുത്തും എല്ലാം തരണം ചെയ്ത് ആണ് താൻ ഇവിടെ വരെ എതിയെതെന്നും ഇനിയും അതെല്ലാം തരണം ചെയ്യാൻ കഴിയും എന്നും അദ്ദേഹം പറയുന്നു.

വിമലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

മലയാളി നെഞ്ചേറ്റിയ എന്നു നിന്റെ മൊയ്തീൻ എന്റെ ഒന്നര പതിറ്റാണ്ടു കാലത്തെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനു വേണ്ടി ഞാനൊഴുക്കിയ കണ്ണീരിനും വിയർപ്പാക്കിയ ചോരയ്ക്കും അളവില്ല!

കർണ്ണനും അതേപോലെ തന്നെയാണ്. മൊയ്തീനു ശേഷം ആർ. എസ്. വിമലില്ല എന്നു പറഞ്ഞവർ പോലുമുണ്ട്. പക്ഷേ, ഒടുവിൽ നമ്മുടെ സിനിമാ ഇതിഹാസമായി ചിയാൻ വിക്രമിനെ കേന്ദ്രമാക്കി ക്യാമറ ഉരുണ്ടു തുടങ്ങും വരെയും ഞാൻ ഒരു പാട് കണ്ണീരുണ്ടിട്ടുണ്ട്.

മഹാവീർ കർണ്ണയുടെ ആദ്യ ഷെഡ്യൂളിനായി ഒന്നര മാസത്തോളം ഹൈദരാബാദിലായിരുന്നു. മടങ്ങി വന്നിട്ട് രണ്ടു നാളേ ആയിട്ടുള്ളു. ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമാണ്. തികച്ചും സ്വകാര്യവും വീട്ടുകാർക്കു മാത്രമറിയാവുന്നതുമായ ഔദ്യോഗിക യാത്ര. എന്റെ അടുത്ത ചങ്ങാതിമാരെ പോലും കണ്ടിട്ട് കുറെയേറെ നാളായി. ഏതെങ്കിലുമൊരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടാണെങ്കിൽ മാസങ്ങളും.

അതിനിടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ പേരിലുള്ള വ്യാജവാർത്തകൾ . ആരോ പടച്ചു വിട്ട ,ഒരേ അച്ചിൽ വാർത്തവ.

ഒരു പാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാൻ. നെയ്യാറ്റിൻകരയിലെ ഒരു വീട്ടിൽ നിന്നും മാധ്യമ പ്രവർത്തനവുമായി വന്ന് ,സിനിമ സ്വപ്നം കണ്ട നാൾ മുതൽ നുള്ളിക്കളയാൻ, ഞെക്കിക്കൊല്ലാൻ ശ്രമിച്ചവരാണ് ഏറെയും. അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവർക്കു മുന്നിൽ , എനിക്കായി കരുതി വെച്ച ഒരു അരി മണിയുണ്ടെങ്കിൽ എന്നെങ്കിലും അതെന്നെ തേടി വരിക തന്നെ ചെയ്യുമെന്നു കരുതി കാത്തിരുന്നവനാണ് ഞാൻ.
മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്‌.
എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്.

പക്ഷേ,
എനിക്ക് ഇന്നാട്ടിലെ പ്രേഷകരെ, ജനങ്ങളെ വിശ്വാസമുണ്ട്.
“ഒരു ലക്ഷം തവണ ആവർത്തിച്ചാലും നിങ്ങളുടെ നുണകൾ സത്യമാവില്ല” എന്ന് അവർ വിധി എഴുതുക തന്നെ ചെയ്യും.
സ്നേഹത്തോടെ
ആർ. എസ്. വിമൽ

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: