ലോനപ്പന്റെ പരിണാമം | Lonappante Mammodisa | Review

ജയറാമിനെ നായകനാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം. പ്രതീക്ഷ ഉണർത്തിയ പോസ്റ്ററുകൾ, ആ പ്രതീക്ഷ നിലനിർത്തിയ ട്രെയ്‌ലർ. അൽഫോൻസ് ഈണം നൽകിയ മനോഹരമായ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു.
എങ്ങു നിന്നും നല്ല അഭിപ്രായങ്ങൾ കേട്ട് ചിത്രത്തിന് കയറി.

നമ്മൾ സ്‌കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ എന്തെങ്കിലും കുറച്ച് എഴുത്തോ, കലാപരിപാടികളോ ഒക്കെ ഉണ്ടെങ്കിൽ ടീച്ചർമാരും കുട്ടികളും ഒക്കെ പൊക്കി അടിക്കും. ഇവൻ നാളത്തെ ടോൾസ്റ്റോയ് ആണ്, മോഹൻലാൽ ആണ്, മണിരത്നം ആണ് എന്നൊക്കെ..
എന്നാൽ തങ്ങൾ ഇതൊന്നും ആകാൻ പോകുന്നില്ല എന്ന തിരിച്ചറിവ് അവന് ഉണ്ടാകാൻ വീണ്ടും ഒരു 15 വർഷം കൂടി വേണ്ടിവരും. അത്തരത്തിൽ വൈകി തിരിച്ചറിവ് ഉണ്ടാകുകയും, തന്റെ ഉള്ളിലേക്ക് ഒരു കണ്ണാടി നീട്ടി പിടിച്ച്, സ്വയം തന്റെ കഴിവ് മനസ്സിലാക്കി മുന്നേറുന്ന ലോനപ്പന്റെ കഥയാണ് ലോനപ്പന്റെ മമോദിസ.
ലോനപ്പൻ ഒരു മടിയൻ ആണ്. സ്വന്തമായി കടയിൽ പോയി ഒരു ചായ കുടിക്കാൻ പോലും അയാൾക്ക് മടിയാണ്. അപ്പാപ്പൻ നൽകിയ പഴയ ഒരു വാച്ച് കട നോക്കി നടത്തി, വലിയ അധ്വാനം ഒന്നും ഇല്ലാതെ അങ്ങനെ അലസമായി ജീവിതം മുന്നോട്ട് നയിക്കുന്ന ലോനപ്പൻ. കല്ല്യാണം നടക്കാത്ത മൂന്ന് പെങ്ങന്മാരുമായി ജീവിക്കുന്ന അയാൾക്ക് ജീവിതത്തിൽ ഇതുവരെ ഒന്നും ആയിട്ടില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നതും, എന്തെങ്കിലും ഒക്കെ ആയിത്തീരാൻ അയാൾ നടത്തുന്ന പരിശ്രമങ്ങളും ആണ് ചിത്രം പറയുന്നത്.

ലോനപ്പൻ എന്ന ടൈറ്റിൽ കഥാപാത്രമായി ജയറാം ഗംഭീര പ്രകടനം കാഴ്ചവച്ചിരിക്കുന്നു. നല്ല സംവിധായകരുടെ കയ്യിൽ കിട്ടിയാൽ വിസ്മയിപ്പിക്കാൻ തനിക്ക് ഇപ്പോഴും കഴിയും എന്ന് അടിവരയിട്ടു പറയുന്ന പ്രകടനം. സൂക്ഷ്മമായ ഭാവ പ്രകടനങ്ങളിലൂടെയും, ശരീര ഭാഷയുടെയും കഥാപാത്രത്തിന്റെ മാനസിക സഞ്ചാരങ്ങൾ പ്രേക്ഷകനിൽ എത്തിക്കുന്ന ആ പഴയ ജയറാമിനെ ഈ ചിത്രത്തിൽ ആവോളം കാണാൻ സാധിക്കും.
അദ്ദേഹത്തിന്റെ കണ്ണ് നിറയുമ്പോൾ അറിയാതെ കാണുന്ന പ്രേക്ഷകരുടെയും കണ്ണ് നിറഞ്ഞുപോകും. അവസാന 15-20 മിനിറ്റ് പുള്ളി തകർത്തു കളഞ്ഞു. കണ്ട് തന്നെ മനസ്സിലാക്കുക.
ശാന്തി കൃഷ്ണ, നിഷാ സാരംഗ്, ഹരീഷ് കണാരൻ, ജോജു, ദിലീഷ് പോത്തൻ, നിയാസ് ബക്കർ, വിശാഖ്, എന്നിങ്ങനെ സ്ക്രീനിൽ വന്നവർക്ക് എല്ലാം കൃത്യമായ ക്യാരക്ടർ ഉണ്ടായിരുന്നു. അതെല്ലാം അവർ ഭംഗിയാക്കുകയും ചെയ്തു.
പതിവിൽ നിന്ന് വ്യത്യസ്തമായി ചുമ്മാ ചളി പറഞ്ഞു നായകനൊപ്പം നടക്കുന്ന വേഷം ആയിരുന്നില്ല ചിത്രത്തിൽ ഹരീഷ് കണാരൻ അവതരിപ്പിച്ച ഷമീർ. അത് അദ്ദേഹം മനോഹരമാക്കുകയും ചെയ്തു. നോക്കിലും വാക്കിലും നടത്തായിലും ഒക്കെ പക്കാ ഒരു പുതു പണക്കാരൻ ഗൾഫ്കാരൻ ജോസായി മാറിയിട്ടുണ്ട് ജോജു. ദിലീഷ് പോത്തനും പതിവ് പോലെ കിടിലൻ ഒരു ക്യാരക്ടറും, മികച്ച പ്രകടനവും. അന്ന രാജൻ നായികയായി മോശമാക്കിയില്ല.

ഒരു സിനിമയിലെ കഥാപാത്രങ്ങളെ പ്രേക്ഷകനുമായി പരിചയപ്പെടുത്തി കൊടുക്കാൻ സാധാരണ കച്ചവട സിനിമകൾ തുടർന്ന് പോരുന്ന ഒരു എളുപ്പ വഴിയാണ് സിനിമയുടെ തുടക്കം മുതൽ ഒന്നു രണ്ട് തമാശ നടന്മാരെ കുത്തി തിരുകി കുറച്ചു തമാശ രംഗങ്ങൾ ഉണ്ടാക്കുക എന്നത്. അത്തരം തിരുകി കയറ്റിയ രംഗങ്ങൾ ലോനപ്പനിൽ നമുക്ക് കാണാൻ സാധിക്കില്ല. പച്ചയായ ജീവിതം വളരെ റിയലിസ്റ്റിക് ആയി പറഞ്ഞു പോകുന്നു ചിത്രത്തിൽ. പല കഥാ സന്ദർഭങ്ങളും, രംഗങ്ങളും ഇപ്പൊ ക്ളീഷേയിലേക്ക് വീഴും എന്ന് നമ്മൾ വിചാരിക്കുന്നിടത്ത് അതി സമർദ്ധമായി സംവിധായകൻ സിനിമയെ വഴി തിരിച്ചു വിടുന്നു.
രണ്ടാം പകുതിയിൽ നമ്മൾ പഴയ ജയറാം ചിത്രങ്ങളിൽ കണ്ടിട്ടുള്ള ചില രംഗങ്ങൾ ഉണ്ടായിട്ടു കൂടി അവ പുതുമയോടെ കണ്ടുകൊണ്ടിരിക്കാൻ സാധിക്കുന്നുണ്ട്. അത് ഒരു സംവിധായകന്റെ മിടുക്ക് തന്നെയാണെന്നത് സമ്മതിച്ചു കൊടുക്കേണ്ട കാര്യം തന്നെയാണ്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് ആദ്യ പകുതിയുടെയും, രണ്ടാം പകുതിയുടെയും അവസാന അര മണിക്കൂറുകളാണ്. സംവിധാന മികവ് കൊണ്ടും, പെർഫോമൻസ് കൊണ്ടും കാഴ്ചക്കാരെ തന്നിലേക്ക് അടുപ്പിക്കുന്ന ഒരു മാജിക് ഈ സമയത്ത്‌ നമുക്ക് സ്ക്രീനിൽ കാണാം.
അൽഫോൻസ് ഒരുക്കിയ മികച്ച പശ്ചാത്തല സംഗീതവും ഗാനങ്ങളും തൂൺ പോലെ ചിത്രത്തെ താങ്ങി നിർത്തുന്നു. സുധീർ സുരേന്ദ്രന്റെ ഛായാഗ്രഹണവും നന്നായി.

മൊത്തത്തിൽ, കുടുംബവുമായി പോയി കണ്ട് ആസ്വദിക്കാവുന്ന ഒരു ഫീൽ ഗുഡ്, ഇൻസ്പിറേഷണൽ മൂവി ആണ് ലോനപ്പന്റെ മമോദിസ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: