YSR ന്റെ മരണവാർത്തയറിഞ്ഞു 100 ൽ അധികംപേർ ആത്മഹത്യ ചെയ്തു | എന്തുകൊണ്ട് YSR ആയി മമ്മൂട്ടി ? | Yatra Movie

ഇന്ത്യയിലെത്തന്നെ ഏറ്റവും ജനകീയരായ രാഷ്ട്രീയക്കാരില്‍ മുന്‍പന്തിയിലുള്ള ആളായിരുന്നു YSR..!! ജന മനസ്സുകളിൽ ഒരു ദൈവ പരിവേഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു.. അദേഹത്തിന്റെ മരണം ആന്ധ്രയിൽ ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു.. നൂറിലധികം ആളുകൾ ആ വാർത്ത കേട്ട് ആത്മഹത്യ ചെയ്തു എന്ന് കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ ആന്ധ്രാ ജനങ്ങൾക്ക് അദ്ദേഹം ആരായിരുന്നു എന്ന്..

1949 ൽ ആന്ധ്രപ്രദേശിലെ കടപ്പാ ജില്ലയിലെ പുലിവെണ്ടുലയിൽ YS Raja Reddy യുടെയും, YS Jayamma യുടെയും മകനായി ജനനം. സേവന തല്പരൻ ആയിരുന്ന YSR കർണ്ണാടകയിലെ മഹാദേവപ്പ മെഡിക്കൽ കോളേജിൽ നിന്ന് MBBS പഠനം പൂർത്തിയാക്കി, സ്വന്തം ജില്ലയായ കടപ്പായിലെ Jammalamadugu Mission Hospital ൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു.
തുടർന്ന് 1973 ൽ പാവപ്പെട്ടവർക്ക് വേണ്ടി അദ്ദേഹത്തിന്റെ അച്ഛൻ രാജ റെഡ്ഢിയുടെ പേരിൽ ജന്മസ്ഥലമായ പുലിവെണ്ടുലയിൽ ഒരു ചാരിറ്റി ഹോസ്പിറ്റലിന് രൂപം നൽകുകയും ചെയ്തു.
തുടർന്ന് 1978 ലാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

പുലിവെണ്ടുല നിയോജകമണ്ഡലത്തിൽ ആദ്യമായി മത്സരിച്ച YSR വൻ വിജയം നേടുകയും മന്ത്രിസഭയിൽ ഗ്രാമീണ വികസന വകുപ്പ്, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇന്ദിരാ ഗാന്ധിയുടെ പ്രീതിക്ക് പാത്രമായി തീർന്ന YSR കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആയി തീരുകയും, ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുകയും ചെയ്തു. അവിടെയും അദ്ദേഹം തന്റെ അശ്വമേധം തുടർന്നു. തുടർച്ചയായുള്ള തിരഞ്ഞെടുപ്പ് ജയങ്ങൾ അദ്ദേഹത്തെ ജനനായകനാക്കി മാറ്റി. നാല് തവണ തുടർച്ചയായി അദ്ദേഹം ലോകസഭാംഗമായി മാറി.
1999 ൽ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോഴും ജനങ്ങളും വിജയവും അദ്ദേഹത്തിനോടൊപ്പം തന്നെയായിരുന്നു. പക്ഷെ ഇത്തവണ പ്രതിപക്ഷ നേതാവായി ആയിരുന്നു അത് എന്ന് മാത്രം.

2003 ലെ കൊടും വേനലിൽ അദ്ദേഹം ആന്ധ്ര പ്രദേശിന്റെ തെരുവിലിറങ്ങി.. പദയാത്രയായി ആന്ധ്ര സംസ്ഥാനം ഉടനീളം അദ്ദേഹം നടന്നു. വിവിധ നാടുകൾ സന്ദർശിച്ചു, ജനങ്ങളെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, ഒരു ചരിത്ര യാത്ര തന്നെയായിരുന്നു അത്. അന്നുവരെ മറ്റൊരു രാഷ്ട്രീയ നേതാവും സഞ്ചരിക്കാത്ത വഴികളിലൂടെ അദ്ദേഹം ജനങ്ങളിലേക്കിറങ്ങി.
അവരുമായി സംസാരിച്ചു, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, അതിനു പ്രതിവിധികൾ ഉണ്ടാക്കാം എന്ന ഉറപ്പ് നൽകി. 1500 കിലോമീറ്ററുകളോളം YSR ഉം അനുയായികളും കാൽനടയായി താണ്ടി. അതും പൊള്ളുന്ന വേനലിൽ.. ജനങ്ങൾ അദ്ദേഹത്തെ അടുത്തറിഞ്ഞു, സ്നേഹിച്ചു.. ആ യാത്രയിലൂടെ അദ്ദേഹം നടന്നു കയറിയത് ആന്ധ്രപ്രദേശ് ജനതയിടെ ഹൃദയത്തിലേക്ക് മാത്രമായിരുന്നില്ല, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കസേരയിലേക്ക് കൂടിയായിരുന്നു.

ഒടുവിൽ 2004 ൽ ആ ചരിത്ര മുഹൂർത്തം അരങ്ങേറി. ആന്ധ്ര പ്രദേശ് സംസ്ഥാനത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ജന നായകൻ YS രാജശേഖര റെഡ്ഢി അധികാരമേറ്റു.
ആദ്യ അവസരത്തിൽ തന്നെ ആന്ധ്രയിലെ പാവപ്പെട്ട കർഷകർക്ക് സൗജന്യ വൈദ്യുതി അദ്ദേഹം അനുവദിച്ചു. ബി.പി.എൽ കാർഡ് ഉപയോഗിക്കുന്ന സാധാരണക്കാർക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ഹെൽത്ത് ഇൻഷുറൻസ് അദ്ദേഹം ഏർപ്പാടാക്കി. സൗജന്യ ആംബുലൻസ് സർവീസ്, ഗ്രാമീണ സ്ത്രീകൾക്ക് വ്യവസായം തുടങ്ങാൻ കുറഞ്ഞ പലിശയിൽ വായ്പകൾ, രണ്ട് രൂപയ്ക്ക് അരി, അങ്ങനെ സാധാരണക്കാർക്ക് പ്രയോജനപ്രദമായ ഒട്ടേറെ നല്ല കാര്യങ്ങൾ ചുരുങ്ങിയ കാലയാളവിൽ തന്നെ അദ്ദേഹം നടപ്പിലാക്കി. ഒപ്പം നക്സലൈറ്റ് പ്രസ്ഥാനം പോലുള്ള തീവ്രവാദ സംഘടനകൾ ഒക്കെ അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തിൽ ദുർബലരായി തീർന്നു. കർഷകർക്കും സാധാരണക്കാർക്കും ദൈവമായി മാറിയിരുന്നു ആ അഞ്ച് വർഷങ്ങൾ കൊണ്ട് YSR.
ശങ്കർ ചിത്രങ്ങളിൽ കാണുന്ന തരത്തിലുള്ള വികസനതിനാണ് ആന്ധ്രപ്രദേശ് അക്കാലയാളവിൽ സാക്ഷ്യം വഹിച്ചത്.

തുടർന്ന് 2009 ൽ YSR ന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് തടയിടാൻ പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിച്ചു ചേർന്നു മഹാ സഖ്യം രൂപീകരിച്ചു. അക്കൂട്ടത്തിൽ തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാർട്ടിയും ഉണ്ടായിരുന്നു. എതിരെ നെഞ്ചു വിരിച്ച് YSR എന്ന നട്ടെല്ലുള്ള നേതാവ് നയിച്ച കോണ്ഗ്രസ്സ് പാർട്ടി.
എതിർത്തവരെയെല്ലാം നിഷ്പ്രഭരാക്കി YSR മന്ത്രിസഭ 2009 ലെ തിരഞ്ഞെടുപ്പിലും ചരിത്ര വിജയം ആവർത്തിച്ചു വീണ്ടും അധികാരത്തിൽ തുടർന്നു.
മുഖ്യമന്ത്രി ആയിരുന്ന അദ്ദേഹം 2009 സെപ്റ്റംബർ 2 ന് ഹെലിക്കോപ്റ്റർ അപകടത്തിൽ മരണമടയുകയായിരുന്നു. അപ്രതീക്ഷിതമായ ആ വേർപാട് താങ്ങാനാകാതെ 122 ഓളം ആന്ധ്രപ്രദേശ് ജനങ്ങൾ ആത്മഹത്യ ചെയ്തു.. അതേ അവർക്ക് അവരുടെ ദൈവം തന്നെയായിരുന്നു YS രാജശേഖര റെഡ്ഢി എന്ന ജനങ്ങളുടെ മുഖ്യൻ.

അദ്ദേഹത്തിന്‍റെ ജീവിതമാണ് ‘യാത്ര’ എന്ന പേരില്‍ YSR ആയി മമ്മൂക്ക വരുന്ന ചിത്രം…!! ഇന്ത്യയില്‍ ഇത്രയധികം നടന്മാര്‍ ഉണ്ടായിട്ടും , തെലുങ്ക് ഭാഷയില്‍ പുറത്ത് വരാന്‍ പോകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ഓപ്ഷനും മമ്മൂക്ക തന്നെയായിരുന്നൂ.. അതിനുള്ള ഒരു കാരണം 100 കോടി ജനങ്ങളുടെ ബാബാസാഹേബ് ആയിരുന്ന B.R.അംബേദ്കറെ 101% പെര്‍ഫെക്ഷനോട് കൂടി അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ കഴിഞ്ഞത് തന്നെയായിരിക്കാം…

ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം പ്രതിഭകള്‍ നിലനില്‍ക്കുമ്പോള്‍ കോടിക്കണക്കിന് ജനങ്ങള്‍ അംഗീകരിക്കേണ്ട , ഒരു അണു തെറ്റിയാല്‍ കലാപങ്ങള്‍ ഉണ്ടാകുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ഇങ്ങ് മലയാളത്തിലെ മമ്മൂട്ടി എന്ന നടന്‍റെ അടുക്കലേക്ക് വരുന്നതും , ആ സംവിധായകരുടെയൊക്കെ ഫസ്റ്റ് ഓപ്ഷന്‍ തന്നെ ഇക്ക ആകുന്നതിനും ഒക്കെ ഒരേയൊരു കാരണമേയുള്ളൂ…. ഈ നടന്‍ ഒരിക്കലും കഥാപാത്രമായി അഭിനയിക്കില്ല , ജീവിക്കുകയേ ഉള്ളൂ.

100 കോടിയ്ക്ക് മുകളില്‍ ജനങ്ങള്‍ അറിയുന്ന അംബേദ്കര്‍ ജി യെ സ്ക്രീനില്‍ വീണ്ടും ജനിപ്പിച്ച ഇക്കക്ക് Ysr എന്ന റോളും ഇന്ത്യന്‍ സിനിമയില്‍ വേറൊരു നടന് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുന്നതിനേക്കാള്‍ എത്രയോ മടങ്ങില്‍ ചെയ്യാന്‍ കഴിയുമെന്നതില്‍ ഒരു തരിമ്പ് പോലും സംശയമുള്ള ഒരാള്‍ ഉണ്ടാകില്ല.

കാത്തിരിക്കുന്നു മണ്‍മറഞ്ഞ ആന്ധ്രക്കാരുടെ ദൈവത്തെ മമ്മൂട്ടി എന്ന നടനിലൂടെ വീണ്ടും അവതരിക്കുന്നത് കാണാന്‍. വീണ്ടും മലയാളികളുടെ യശസ്സ് ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ മമ്മൂക്കയാല്‍ ജ്വലിക്കുന്നത് കാണാന്‍.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: